ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം

ഓക്ക്ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ആറു വിക്കറ്റിനാണ് ടീം ഇന്ത്യ കിവീസിനെ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് അഞ്ചു വിക്കറ്റിന് 203 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഒരോവര്‍ ബാക്കി നില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
ഓപ്പണര്‍ ലോകേഷ് രാഹുലിന്റെയും (56) ശ്രേയസ് അയ്യരുടെയും (58*) ഫിഫ്റ്റികളാണ് ഇന്ത്യക്കു വിജയം സമ്മാനിച്ചത്. 29 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്സറുമടക്കമാണ് ശ്രേയസ് പുറത്താവാതെ 58 റണ്‍സ് വാരിക്കൂട്ടിയത്. രാഹുല്‍ 27 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്സറും നേടി. നായകന് വിരാട് കോലിയാണ് (45) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്കോറര്‍.
ടോസിനു ശേഷം ഇന്ത്യന്‍ നായകന് വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചു വിക്കറ്റിന് 203 റണ്‍സെന്ന മികച്ച സ്കോര്‍ കിവീസ് പടുത്തുയര്‍ത്തി. ഓപ്പണര്‍ കോളിന് മണ്‍റോ (59), റോസ് ടെയ്ലര് (54*), നായകന് കെയ്ന്‍ വില്ല്യംസണ് (51) എന്നിവരുടെ ഫിഫ്റ്റികളാണ് ആതിഥേയരെ ശക്തമായ നിലയിലെത്തിച്ചത്. മാര്ട്ടിന് ഗുപ്റ്റിലാണ് (30) മറ്റൊരു പ്രധാന സ്കോറര്‍. 42 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്സറുമടക്കാണ് കോളിന് മണ്‍റോ 59 റണ്‍സെടുത്തതെങ്കില്‍ ടെയ്ലര് 27 പന്തിലാണ് മൂന്നു വീതം ബൗണ്ടറികളും സിക്സറുമടക്കം 54 റണ്‍സെടുത്തത്. വില്ല്യംസണ് 26 പന്തിലാണ് നാലു വീതം ബൗണ്ടറികളും സിക്സറുമടക്കം 51 റണ്‍സ് വാരിക്കൂട്ടിയത്.
ആറു ബൗളര്‍മാരെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. ആര്‍ക്കും ഒന്നില്‍ക്കൂടുതല്‍ വിക്കറ്റ് ലഭിച്ചില്ല. ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.