കോബിയുടെയും മകളുടെയും വേർപാട്: ഞെട്ടലിൽ കായികലോകം

കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്ക്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയാന്റും മകള്‍ ജിയാനയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട അപ്രതീക്ഷിത വാര്‍ത്ത ലോകമെങ്ങുമുള്ള ബാസ്ക്കറ്റ്ബോൾ ആരാധകരെയും കായികപ്രേമികളേയും ദുഃഖത്തിലാഴ്ത്തി.13-കാരിയായ മകൾ ജിയാനയുടെ ടീമിനെ പരിശീലിപ്പിക്കാന്‍ കാലിഫിലെ മാംബ സ്പോര്‍ട്സ് അക്കാദമിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. ഇവരടക്കം കോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു.
കോപ്റ്റര്‍ കോബിയുടെതായിരുന്നു. 1991-ല്‍ നിര്‍മിച്ച സികോര്‍ക്സി എസ് 76 കോപ്റ്റർ പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.06-നാണ് ജോണ്‍ വെയ്ന്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത് പത്തുമണിയോടെ കാലിഫോര്‍ണിയയിലെ കലബാസസിലെ ചെങ്കുത്തായ മലനിരകളില്‍ കോപ്റ്റര്‍ തകര്‍ന്നുവീണു. തീപിടിച്ച കോപ്റ്ററില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനായില്ല. സമീപത്തെ കാടുകളും കത്തിയമര്‍ന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേരാന്‍ നന്നേ ബുദ്ധിമുട്ടി.
മഞ്ഞ് മൂടിയ കാലാവസ്ഥയിലാണ് കോപ്റ്റര്‍ പറന്നതെന്നും ഇതാകാം അപകടത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. പൈലറ്റും യാത്രക്കാരുമടക്കം ഒമ്പതു പേരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്നും അഭ്യൂഹമുണ്ട്. എങ്കിലും ഇതുവരെ അപകടത്തിന്റെ കാരണത്തെ കുറിച്ച് ഔദ്യോഗികമായി യാതൊരു അറിയിപ്പും വന്നിട്ടില്ല.
അപകടത്തിന്റെ കാരണം അന്വേഷിക്കാന്‍ നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് 18 അംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മലനിരകളില്‍നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
എക്കാലത്തെയും മികച്ച ബാസ്കറ്റ് ബോള്‍ കളിക്കാരനെന്നാണ് കോബി ബ്രയാന്റ് അറിയപ്പെടുന്നത്. അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്ക്കറ്റ്ബോള്‍ ലീഗായ എന്‍.ബി.എയിലെ ടീം ലോസ് ഏഞ്ചല്‍സ് ലേക്കേഴ്സിന്റെ താരമായിരുന്നു കോബി. 41 വയസ് നീണ്ട ജീവിതത്തില്‍ 20 വര്‍ഷവും അദ്ദേഹം ലേക്കേഴ്സിനൊപ്പമായിരുന്നു.
അഞ്ചു തവണ ലോകചാമ്പ്യന്, 18 തവണ ഓള് ടൈം സ്റ്റാര്‍, മോസ്റ്റ് വാല്യുബ്ള്‍ പ്ലയര്‍ എന്നിങ്ങനെ നിരവധി നേട്ടങ്ങൾക്കുടമയാണ് കോബി ബ്രയാന്റ്. ഒപ്പം 2008-ല്‍ ബെയ്ജിങ് ഒളിമ്പിക്സിലും 2012-ല്‍ ലണ്ടന്‍ ഒളിമ്പിക്സിലും അമേരിക്കന്‍ ടീമിനൊപ്പം തുടര്‍ച്ചയായി രണ്ടു തവണ സ്വര്‍ണമെഡലും നേടി.
മൂന്നര വര്‍ഷം മുമ്പാണ് കോബി കോര്‍ട്ടിനോട് വിടപറഞ്ഞത്. 2016-ലായിരുന്നു ലേക്കേഴ്സിനായി അദ്ദേഹം അവസാനമായി കോര്‍ട്ടിലിറങ്ങിയത്. കരിയറില്‍ 33,643 പോയിന്റാണ് കോബിയുടെ പേരിലുള്ളത്.