പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പടി കടന്ന ആദ്യ മലയാളി വനിത ഇനി ഓർമ്മ

തിരുവനന്തപുരം: മലയാളത്തിലെ ആദ്യകാല നടി ജമീല മാലിക് അന്തരിച്ചു. 73 വയസ്സായിരുന്നു.1970-80 കാലഘട്ടത്തില്‍ മലയാളം, തമിഴ് ഭാഷകളില്‍ സജീവമായിരുന്നു ജമീല. പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിതയാണ് ജമീല മാലിക്. തിരുവനന്തപുരം പാലോടാണ് ജമീല താമസിച്ചിരുന്നത്. പൂന്തുറയിലെ ബന്ധുവീട്ടില്‍വച്ചാണ് മരണം സംഭവിച്ചത്.
1946-ൽ ആലപ്പുഴ മുതുകുളത്ത് കോൺഗ്രസ്സ് നേതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റെയും തങ്കമ്മ മുഹമ്മദിന്റെയും മൂത്തമകളായി കൊല്ലം ജില്ലയിലാണ് ജമീല ജനിച്ചത്. എസ്.എസ്.എൽ.സി ക്കു ശേഷം പതിനാറാം വയസ്സിൽ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.
പി.എന്‍ പിഷാരടി സംവിധാനം ചെയ്ത 'റാഗിങ്' (1973) എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. ജയഭാരതി നായികയായ 'സതി' എന്ന ചിത്രത്തിലെ അനുജത്തി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജി.എസ് പണിക്കര്‍ സംവിധാനം ചെയ്ത സേതു രചിച്ച 'പാണ്ഡവപുര'ത്തിലെ ദേവി ടീച്ചര്‍ എന്ന കഥാപാത്രമാണ് ജമീലയുടെ ശ്രദ്ധേയമായ വേഷം. 'ആദ്യത്തെ കഥ', 'രാജഹംസം', 'ലഹരി' തുടങ്ങിയ ചിത്രങ്ങളിൽ നായികയായി. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍, രാഘവൻ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്. 'അതിശയരാഗം', 'ലക്ഷ്മി' എന്നീ തമിഴ് ചിത്രങ്ങളിലെ നായികയായും ജമീല അഭിനയിച്ചു. തമിഴ്, തെലുങ്ക്,മലയാളം, കന്നഡ ഭാഷകളിൽ അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു.
1990-കളില്‍ ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്നു ജമീല. ദൂരദർശനിലെ 'സാഗരിക', 'കയർ', 'മനുഷ്യബന്ധങ്ങൾ' തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ജമീല മാലിക്ക് ആകാശവാണിക്കുവേണ്ടി ചില നാടകങ്ങളും രചിച്ചിട്ടുണ്ട്. സ്കൂളില്‍ അദ്ധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 'ശരറാന്തലിന്റെ വെളിച്ചത്തിൽ' എന്നൊരു നോവലും അവർ എഴുതി. ജമീല മാലിക്കിന്റെ ജീവിതകഥ 'ഒരു അഭിനേത്രിയുടെ ആത്മരേഖകൾ' എന്ന പേരിൽ മലയാള മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിനിമാ മോഹവുമായി പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പടി കടന്ന ആദ്യ മലയാളി വനിതയെന്ന നിലയിൽ കേരള സിനിമാചരിത്രത്തില്‍ ജമീല മാലിക് എന്ന നടിക്കുള്ള സ്ഥാനം വളരെ വലുതാണ്. 1970-1990 വരെ അഭിനയ രംഗത്ത് സജീവമായിരുന്ന ഈ നടിയെക്കുറിച്ച് ഓര്‍ക്കാനും അറിയാനും ഏറെയുണ്ട് മലയാളികള്‍ക്ക്. കെ.ജി ജോര്‍ജ്ജ്, ഷാജി എന്‍.കരുണ്‍, കെ.ആർ. മോഹനൻ, രാമചന്ദ്രബാബു തുടങ്ങി മലയാള സിനിമയില്‍ പിന്നീട് പ്രഗത്ഭരായി തീര്‍ന്ന സിനിമാ പ്രവര്‍ത്തകരായിരുന്നു പൂണെ ഫിലിം ഇൻസ്റ്റിസ്റ്റ്യൂട്ടിൽ ജമീലയുടെ സീനിയേഴ്സ്. ബോളിവുഡ് നടിയും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയഭാദുരിയും (ജയാ ബച്ചന്) ജമീലയുടെ സീനിയറായിരുന്നു. കെ.ജി.ജോർജ്ജിന്റെ 'ഫെയ്സസ്' എന്ന ഡിപ്ലോമ സിനിമയിലെ നായികയായിരുന്നു. രാമചന്ദ്ര ബാബുവായിരുന്നു ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജയലളിതയുടെ അവസാന സിനിമയായ 'നദിയെ തേടി വന്ന കടൽ' എന്ന ചിത്രത്തിലും പ്രധാനവേഷം അഭിനയിച്ചിട്ടുണ്ട്.
.
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു