ഓസ്ട്രേലിയന്‍ ഓപ്പണ്‍: റോജര്‍ ഫെഡറര്‍, ആഷ്ലി ബാര്‍ട്ടി, സോഫിയ കെനിൻ സെമിയിൽ

മെല്‍ബണ്‍: ലോക മൂന്നാം നമ്പര്‍ താരം സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സില്‍ സെമിയില്‍ കടന്നു. നാലു മണിക്കൂറും 33 മിനിറ്റും നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവിലാണ് അമേരേിക്കയുടെ 100-ാം നമ്പര്‍ താരം ടെന്നിസ് സാന്‍ഡ്ഗ്രെനെ മറികടന്ന് ഫെഡറര്‍ സെമിയിലെത്തിയത്. സ്കോർ: 6-3, 2-6, 2-6, 7-6, 6-3.
നിര്‍ണായകമായ നാലാം സെറ്റില്‍ ഫെഡററെ സാന്‍ഡ്ഗ്രെൻ അട്ടിമറിക്കുമെന്ന് തോന്നിച്ചെങ്കിലും ഫെഡറര്‍ ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. സാൻഗ്രെൻ അവസാന നിമിഷം വരെ ഫെഡററിനെ വിറപ്പിച്ചശേഷമാണ് തോൽവി സമ്മതിച്ചത്.
ആറു തവണ ജേതാവായ ഫെഡററുടെ 15-ാം ക്വാര്‍ട്ടര്‍ ഫൈനല്‍ ജയമാണിത്. ഏഴു തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ നൊവാക് ദ്യോക്കോവിച്ചോ 32-ാം നമ്പര്‍ താരം മിലോസ് റാവോണിക്കോ സെമിയില്‍ ഫെഡററുടെ എതിരാളിയാവും.
വനിത സിംഗിള്‍സില്‍ നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവായ ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിയും 14–ാം സീഡായ അമേരിക്കയുടെ സോഫിയ കെനിനും സെമിയിലെത്തിയിട്ടുണ്ട്.
ഏഴാം റാങ്കുകാരി ചെക്ക് താരം പെട്രാ ക്വിറ്റോവയെയാണ് ആഷ്ലി ബാര്‍ട്ടി പരാജയപ്പെടുത്തിയത്. സ്കോര്‍: 7-6, 6-2. കഴിഞ്ഞ 36 വർഷത്തിനിടെ ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിയിലെത്തുന്ന ആദ്യ ഓസ്ട്രേലിയക്കാരിയാണ് ബാർട്ടി.1984ൽ വെൻഡി ടേൺബുള്ളാണ് ഇതിനു മുൻപ് ഓസ്ട്രേലിയൻ ഓപ്പൺ സെമിയിലെത്തിയ ഓസ്ട്രേലിയക്കാരി.
ടുണീഷ്യന്‍ താരം ഒണ്‍സ് ജാബിയറിനെ പരാജയപ്പെടുത്തിയാണ് സോഫിയ കെനിന് സെമിയിലെത്തിയത്. സ്കോര്‍: 6-4, 6-4. നിലവിലെ ചാംപ്യൻ നവോമി ഒസാകയെയും വീനസ് വില്യംസിനെയും അട്ടിമറിച്ചെത്തിയ യുഎസിന്റെ തന്നെ കോകോ ഗാഫിനെ തോൽപ്പിച്ചതും സോഫിയയാണ്.
ആഷ്ലി ബാര്‍ട്ടിയും സോഫിയ കെനിനും സെമിയിൽ ഏറ്റുമുട്ടും.