• 09 Dec 2022
  • 10: 46 PM
Latest News arrow

ഗാന്ധിജിയെ കണ്ട കണ്ണുകള്‍ ഇനി തുറക്കില്ല

കേരളത്തില്‍ രാഷ്ട്രപിതാവിനെ നേരിട്ടുകണ്ട കണ്ണുകള്‍ അടഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖയും കഴിവുറ്റ സംഘാടകയും മുന്‍ മന്ത്രിയും വനിതാ കമ്മീഷന്‍  ചെയര്‍പേഴ്സണുമൊക്കെയായിരുന്ന എം. കമലത്തിന്റെ നിര്യാണത്തോടെ ദേശീയ പ്രക്ഷോഭം മുതല്‍  കേരളം കണ്ട സജീവ രാഷ്ട്രീയ കാലഘട്ടത്തിന്റെ പ്രതിനിധികളില്‍ ഒരാള്‍ കൂടി ചരിത്രത്തിന്റെ ഭാഗമായി.

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു കമലത്തിന്റെ രാഷ്ട്രീയത്തിലെ അരങ്ങേറ്റം. ചെറുപ്പത്തില്‍  കോണ്‍ഗ്രസ് വേദികളില്‍  ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുമായിരുന്ന കമലം 1947ല്‍ സ്വാതന്ത്യ ലബ്ധിക്ക് ശേഷം നടന്ന കോഴിക്കോട് മുന്‍സിപ്പല്‍ കൗണ്‍സിലില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ആ സ്ഥാന ലബ്ധി. പ്രസവിച്ച് കിടക്കുകയായിരുന്ന കമലത്തെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ നടക്കാവ് ഡിവിഷനില്‍  നിന്നും ജയിക്കാനാവുമെന്ന് പ്രാദേശിക കോൺഗ്രസ്സ് നേതാക്കള്‍ കണക്ക് കൂട്ടി. പാട്ടുകാരിയെന്ന നിലയില്‍ സ്ഥലവാസികള്‍ക്ക് സുപരിചിതയായിരുന്നു കമലം. പക്ഷെ ഭര്‍ത്താവ് സാമിക്കുട്ടിയും ബന്ധുക്കളും  സമ്മതിച്ചില്ല. പ്രസവം കഴിഞ്ഞ് ഒരു മാസം പോലും തികയാത്ത കമലത്തെ രാഷ്ട്രീയ ഗോദയില്‍ ഇറക്കിയാല്‍ തള്ളയ്ക്കും പിള്ളയ്ക്കും പ്രസാസമാവുമെന്നായിരുന്നു അവരുടെ വിശ്വാസം. പക്ഷേ പ്രാദേശിക നേതാക്കള്‍ അടങ്ങിയിരുന്നില്ല. അവര്‍ അക്കാലത്തെ   പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ കോഴിപ്പുറത്ത് മാധവമേനോനെയും കുട്ടിമാളു അമ്മയേയും കെപി. കുട്ടികൃഷ്ണന്‍ നായരേയും കണ്ട് അവര്‍  മുഖേന കമലത്തിന്റെ കുടംബക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. അവര്‍ വഴങ്ങാതെ വന്നപ്പോള്‍ നടക്കാവ് ഭാഗത്തെ കോണ്‍ഗ്രസ്  നേതാക്കള്‍ നഗരസഭയില്‍ പത്രിക നല്‍കാനുളള അവസാന ദിവസം ഉച്ചയോടെ ഒരു കുതിരവണ്ടി വിളിച്ച് കമലത്തിന്റെ വീട്ടില്‍ ചെന്ന് നിര്‍ബന്ധിച്ചു വണ്ടിയില്‍ കയറ്റി മുന്‍സിപ്പല്‍ ഓഫീസിലേക്ക് വിട്ടു.

കോഴിക്കോട് കടപ്പുറത്ത് ഇന്ന് ഗാന്ധിജിയുടെ പ്രതിമയ്ക്ക് കിഴക്ക് ഭാഗത്തുള്ളതായിരുന്നു നഗരസഭാ ഓഫീസ്. പ്രവര്‍ത്തകരില്‍ ആരോ മുകളില്‍ പോയി ഒരു നാമനിര്‍ദ്ദേശ പത്രിക വാങ്ങിക്കൊണ്ട് വന്ന്  വണ്ടിയിലിരിക്കുന്ന കമലത്തെ കൊണ്ട് ഒപ്പിടുവിച്ചു. കൂടെയുണ്ടായിരുന്ന ഒരു കോണ്‍ഗസ് പ്രവര്‍ത്തക കമലത്തെ പിടിച്ച പിടിയാലെ മുകളിലത്തെ സെക്രട്ടറിയുടെ മുറിയില്‍ കൊണ്ട് പത്രിക സമര്‍പ്പിച്ചു.പത്രിക നല്‍കാനുള്ള സമയം അവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍  ബാക്കിയുള്ളപ്പോഴായിരുന്നു ഈ പത്രിക നല്‍കല്‍. മുറിവിട്ട് താഴേയ്ക്ക് ഇറങ്ങി പുറത്ത് കൂട്ടം കൂടി നില്‍ക്കുന്ന ചില പ്രവര്‍ത്തകരോട് സംസാരിച്ചു നില്‍ക്കേ മുദ്രാവാക്യം ഉയര്‍ന്നു. "ജയ് ജയ് എം. കമലം, കമലം ജയിച്ചേ..." എന്നവര്‍ ആര്‍ത്തു വിളിച്ചു. സംഗതി പിടികിട്ടാതെ മിഴിച്ചു നില്‍ക്കുമ്പോള്‍ ആരോ വന്നു ചെവിയില്‍  പറഞ്ഞു, "കമലത്തിന് എതിരില്ല. മറ്റാരും പത്രിക സമര്‍പ്പിച്ചിട്ടില്ല..."

അങ്ങിനെ 20ാം വയസില്‍ നഗരസഭാംഗമായ കമലം, കെ.പി കുട്ടികൃഷ്‌ണൻ നായര്‍ ചെയര്‍മാനായ നഗരസഭയില്‍ നഗരസഭാംഗത്തിന്റെ ചുമതലകള്‍ ഭംഗിയായി നിറവേറ്റി. പാര്‍ട്ടിയുടെ വിവിധ ചുമതലകള്‍ ഏറ്റെടുത്തു.

ബിഇ എം. ഗേള്‍സ് സ്‌ക്കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം. സമരഭടന്മാരുടെ  പ്രകടനം സ്‌ക്കൂളിന് മുമ്പിലെ  റോഡിലെത്തിയപ്പോള്‍ മുഴങ്ങിയ മുദ്രാവാക്യം കേട്ടു കമലവും രണ്ട് കൂട്ടുകാരികളും ക്ലാസില്‍ നിന്നും പുറത്തിറങ്ങി ഓടി മതിലിന്നടുത്ത് വന്നു നിന്നു. പുറത്ത് നിന്നും കേട്ട മുദ്രാവാക്യം ഏറ്റുവിളിച്ചു. സ്‌ക്കൂള്‍ അധികൃതര്‍ ഈ വിവരമറിഞ്ഞു കമലത്തേയും കൂട്ടുകാരികളേയും സസ്പന്‍ഡ് ചെയ്തു. രക്ഷിതാക്കള്‍ ചെന്ന് ക്ഷമ ചോദിച്ചാണ് പിന്നീട് ക്ലാസില്‍ കയറാന്‍ സാധിച്ചത്.

കോഴിക്കോട് സന്ദര്‍ശനവേളയിലാണ്  മഹാത്മജിയെ കാണാന്‍ കമലത്തിന് അവസരമുണ്ടായത്. 1934-ല്‍ മലാപ്പറമ്പിലെ ഗാന്ധി ആശ്രമത്തില്‍ താമസിച്ച ഗാന്ധിജി  ഇവാന്‍സ് റോഡ് ( ഗാന്ധിജിയുടെ വരവിനു ശേഷം പേര് മാറ്റിയ ഇന്നത്തെ ഗാന്ധിറോഡ് ) വഴി കടപ്പുറത്തെ പൊതുയോഗത്തിന് പോവുകയായിരുന്നു. പോകുന്നവഴിക്ക് അഞ്ചാം ഗേറ്റിന്നടുത്തുള്ള സന്മാര്‍ഗദര്‍ശിനി വായനശാലയില്‍ കയറി ഇത്തിരി നേരം വിശ്രമിച്ചു. റോഡിന്   ഇരുവശവും രാഷ്ട്രപിതാവിനെ കാണാന്‍ ജനം തിക്കിതിരക്കി നിന്നിരുന്നു. കൂട്ടത്തില്‍ കമലവും ഇന്നത്തെ ഗാന്ധി റോഡ് ഓവര്‍ബ്രിഡ്ജിന് പടിഞ്ഞാറ് കേരളാ സോപ്‌സിന്റെ കോമ്പൗണ്ടിന്നടുത്ത് വിദ്യാർത്ഥിനികള്‍ക്കായി പ്രത്യേകം ഏര്‍പ്പാട് ചെയ്ത സ്ഥലത്തായിരുന്നു കമലവും കൂട്ടുകാരികളും നിന്നിരുന്നത്. ഗാന്ധിജിയെ കണ്ടപ്പോള്‍ ആര്‍ത്ത് വിളിച്ച  ശബ്ദം കേട്ട് ഗാന്ധിജി അവരെ നോക്കി  നൊണ്ണു കാട്ടി ചിരിച്ച ഓര്‍മ്മ പങ്കുവെക്കുമ്പോള്‍ കമലത്തിന്റെ മുഖത്തെ ആവേശത്തിളക്കം മറക്കാവുന്നതല്ല.

കോണ്‍ഗ്രസില്‍ നെഹ്‌റുവും പുത്രി ഇന്ദിരാഗാന്ധിയും, മകന്‍ രാജീവ് ഗാന്ധിയുമായി കേരളത്തില്‍ ഏറ്റവും അടുപ്പമുണ്ടായിരുന്ന  മഹാളാ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു കമലം.  ഇന്ദിരാഗാന്ധി കേരളം സന്ദര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍ അനുഗമിക്കാറുള്ള കമലം അവരുമായി ഹൃദയബന്ധം പുലര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് പിളര്‍ന്ന് കമലം സംഘടനാ കോണ്‍ഗ്രസ് പക്ഷത്ത് പോയപ്പോള്‍  ഏറെ വേദനിച്ചതും ഇന്ദിരാ ഗാന്ധിയായിരുന്നു. അക്കാലത്ത് കോഴിക്കോട്ട് സംഘടനാ പ്രവര്‍ത്തനത്തിന് എത്തിയ ഇന്ദിരാഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞ ഒരു വാചകം അക്കാലത്തെ പത്രപ്രവര്‍ത്തകര്‍ ഓര്‍ക്കാതിരിക്കില്ല.

"പാര്‍ട്ടിയില്‍ നിന്നും പലരും വിട്ടു പോയതില്‍ എനിക്ക്  വിഷമമില്ല. പക്ഷെ കമലം പോയതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്" എന്നായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.

കോണ്‍ഗ്രസിലും, പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിലും പിന്നീട് ജനതാ പാര്‍ട്ടിയിലും, ജനതാപാര്‍ട്ടി പിളര്‍ന്ന് കെ. ഗോപാലന്‍ നേതൃത്വം നല്‍കിയ ജനതയിലുമൊക്കെ പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു പോന്നിരുന്നു കമലം.  കക്ഷി ഭേദമന്യേ സര്‍വ്വരുമായുംവ്യക്തി ബന്ധം നിലനിര്‍ത്തി പോന്ന ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്നു കമലേടത്തി.