ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നൊവാക് ദ്യോകോവിച്ച് പുരുഷ സിംഗിൾസ് ഫൈനലിൽ

മെല്‍ബണ്‍: സ്വിസ് താരം റോജര്‍ ഫെഡററെ വീഴ്ത്തി സെർബിയൻ താരം നൊവാക് ദ്യോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മൂന്നാം സീഡായ ഫെഡറര്‍ക്കെതിരേ രണ്ടാം സീഡായ ദ്യോകോവിച്ചിന്റെ വിജയം. സ്‌കോര്‍: 7-6(1), 6-4,6-3.
ആദ്യ സെറ്റ് ടൈ ബ്രേക്കറിലെത്തിയെങ്കിലും രണ്ടും മൂന്നും സെറ്റില്‍ ഫെഡറര്‍ക്ക് പൊരുതാന്‍ പോലുമായില്ല. ഡൊമനിക് തീം-അലക്‌സാണ്ടര്‍ സ്വരേവ് മത്സരവിജയിയെ ഫൈനലില്‍ ദ്യോകോവിച്ച് നേരിടും. ഫൈനലില്‍ വിജയിച്ചാല്‍ കരിയറിലെ എട്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിന് ദ്യോകോവിച്ച് അർഹനാകും.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ക്കെതിരായ എല്ലാ സെമിഫൈനലിലും മുൻ വർഷങ്ങളിൽ ദ്യോകോവിച്ച് വിജയിച്ചിട്ടുണ്ട്. ഇതിന് മുമ്പ് 2008, 2011, 2016 വര്‍ഷങ്ങളിലായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം. ഇരുവരും ഏറ്റുമുട്ടിയ മത്സരങ്ങളില്‍ 27 എണ്ണത്തില്‍ ദ്യോകോവിച്ച് വിജയിച്ചപ്പോള്‍ 23 എണ്ണത്തിലാണ് ഫെഡറർ വിജയം സ്വന്തമാക്കിയത്. 2020-ല്‍ കളിച്ച 12 മത്സരങ്ങളിലും ദ്യോകോവിച്ച് പരാജയമറിഞ്ഞിട്ടില്ല.
ശനിയാഴ്ച്ച നടക്കുന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ സോഫിയ കെനിനും സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുസയും ഏറ്റുമുട്ടും. ഇരുപത്തിയൊന്നുകാരിയ സോഫിയ ഒന്നാം സീഡ് ആഷ്‌ലി ബാര്‍ട്ടിയെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്. നാലാം സീഡായ സിമോണ ഹാലെപിനെതിരേ ആയിരുന്നു മുഗുരുസയുടെ വിജയം.