• 22 Oct 2020
  • 02: 57 AM
Latest News arrow

പാക്കിസ്ഥാനെതിരെ ഇന്ത്യൻ കുട്ടിപ്പടയ്ക്ക് പത്ത് വിക്കറ്റ് വിജയം; ഫൈനലിലേക്ക്

പോച്ചെഫ്‌സ്ട്രൂം (ദക്ഷിണാഫ്രിക്ക): ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിൽ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഉജ്ജ്വല ജയത്തോടെ ഫൈനലിലേക്കു കുതിച്ചു. പത്ത് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യയ്ക്ക്  സെമിയില്‍  ലഭിച്ചത്.

ദക്ഷിണാഫ്രിക്കയുടെ വടക്കു പടിഞ്ഞാറ് പ്രവിശ്യയായ പോച്ചെഫ്‌സ്ട്രൂമിൽ നടന്ന സെമിഫൈനൽ മത്സരത്തിൽ   ചിരവൈരികളായ ചിരവൈരികളും മുന്‍ ജേതാക്കളുമായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് പ്രിയം ഗാര്‍ഗ് നയിച്ച ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. ഇന്ത്യയുടെ ഫോമിനു മുന്നില്‍ പാക് കുട്ടിപ്പട നിഷ്പ്രഭരാവുകയായിരുന്നു.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാനെ ഇന്ത്യ മികച്ച ബൗളിങിലൂടെ വരിഞ്ഞുകെട്ടി. 43.1 ഓവറില്‍ 172 റണ്‍സ്.  മറുപടി ബാറ്റിങ്ങിൽ 35.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയത്തിലെത്തി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ (105*) സെഞ്ച്വറിയും ദിവ്യാന്‍ഷ് സക്‌സേനയുടെ (59*) ഫിഫ്റ്റിയുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. 113 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. അണ്ടര്‍ 19 കരിയറിലെ മൂന്നാമത്തെ സെഞ്ച്വറി കൂടിയാണ് ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ നേടിയത്. സക്‌സേന 99 പന്തിലാണ് 6 ബൗണ്ടറികളടക്കം 59 റണ്‍സെടുത്തത്.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത പാക് നിരയില്‍ മൂന്നു പേര്‍ക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. 62 റണ്‍സെടുത്ത ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റൊഹൈല്‍ നസീറാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍.  മൂന്നു വിക്കറ്റെടുത്ത സുഷാന്ത് ത്യാഗിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. കാര്‍ത്തിക് ത്യാഗിയും രവി ബിഷ്‌നോയിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള സെമിഫൈനലിലെ വിജയികളാണ് ഈ മാസം ഒമ്പതിനു നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളികള്‍. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍‍ കളിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്കു മുന്നേറിയത്. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും വമ്പന്‍ ജയം നേടിയ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയയെയും തോൽപ്പിച്ചിരുന്നു.

പ്ലെയിങ് ഇലവന്‍: 

ഇന്ത്യ:  യശസ്വി ജയ്‌സ്വാള്‍, ദിവ്യാന്‍ഷ് സക്‌സേന, തിലക് വര്‍മ, പ്രിയം ഗാര്‍ഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍, സിദ്ദേഷ് വീര്‍, അതര്‍വ്വ അന്‍കൊലേക്കര്‍, രവി ബിഷ്‌നോയ്, സുഷാന്ത് മിശ്ര, കാര്‍ത്തിക് ത്യാഗി, ആകാഷ് സിങ്.

പാക്കിസ്ഥാൻ: ഹൈദര്‍ അലി, മുഹമ്മദ് ഹുറെയ്‌റ, റൊഹൈല്‍ നസീര്‍ (ക്യാപ്റ്റന്‍), ഫവാദ് മുനീര്‍, കാസിം അക്രം, മുഹമ്മദ് ഹാരിസ്, ഇര്‍ഫാന്‍ ഖാന്‍, അബ്ബാസ് അഫ്രീഡി, താഹിര്‍ ഹുസൈന്‍, അമീര്‍ അലി, മുഹമ്മദ് ആമിര്‍ ഖാന്‍.