ത്രിരാഷ്ട്ര വനിതാ ടി20: ജയം അടിയറവെച്ച് ഇന്ത്യൻ വനിതകൾ; കിരീടം ഓസ്ട്രേലിയയ്ക്ക്

മെല്‍ബണ്‍: ത്രിരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റ് കിരീടം ഓസ്ട്രേലിയയ്ക്ക്. ഫൈനലില്‍ ഓസ്ട്രേലിയയ്ക്കു മുന്നില്‍ ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങി. 11 റണ്‍സിനാണ് ഓസ്ട്രേലിയയുടെ കിരീടനേട്ടം. ജയത്തിലേക്ക് മുന്നേറിയ ഇന്ത്യ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ് വീഴ്ത്തിയതാണ് വിനയായത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 144 റണ്‍സിന് എല്ലാവരും പുറത്തായി. പതിനഞ്ചാം ഓവറില്‍ ആറ് വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാന്‍ 41 റണ്‍സ് മതിയായിരുന്നു ഇന്ത്യയ്ക്ക്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ബെത്ത് മൂണിയുടെ അര്‍ദ്ധ സെഞ്ചുറി തുണയായി. മൂണി 54 പന്തില്‍ 71 റണ്‍സെടുത്തപ്പോള്‍ 26 റണ്‍സുമായി ആഷ്ലി ഗാര്‍ഡ്നറും, 26 റണ്‍സുമായി മെഗ് ലാന്നിങ്ങും പിന്തുണ നല്കി. 7 പന്തില്‍ 18 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ സ്കോര്‍ 150 കടത്തിയത് റേച്ചല്‍ ഹെയ്നസ് ആണ്. ഇന്ത്യയ്ക്കുവേണ്ടി ദീപ്തി ശര്‍മയും രാജേശ്വരി ഗെയ്ക്വാദും രണ്ട് വിക്കറ്റുവീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ 37 പന്തില്‍ 66 റണ്‍സുമായി തിളങ്ങിയ സ്മൃതി മന്ദാനയ്ക്ക് പിന്തുണ നല്കാന് ഇന്ത്യന്‍ കളിക്കാര്‍ക്ക് കഴിഞ്ഞില്ല. ഷെഫാലി വര്‍മ(10), റിച്ച ഘോഷ്(17), ഹര്‍മന്‍പ്രീത് കൗര്‍(14), ദീപ്തി ശര്‍മ(10), താനിയ ഭാട്ടിയ(11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍. 5 വിക്കറ്റ് വീഴ്ത്തിയ ജെസ്സ് ജൊനാസ്സെന്‍ ആണ് ഓസ്ട്രേലിയയുടെ വിജയശില്പി. തയ്ല വ്ളെമിങ്ക് 2 വിക്കറ്റ് നേടി.