• 28 May 2020
  • 09: 27 PM
Latest News arrow

ഏത് നായയ്ക്കും ഒരു നാള്‍ വരും...; മൂന്നാറിലെ തെരുവ് നായയെ ദത്തെടുത്ത് സ്വിസ് പൗരന്‍മാര്‍

കൊല്ലം: മൂന്നാറിലെ വഴിയോരങ്ങളില്‍ അലഞ്ഞ് നടന്നിരുന്ന ഒരു തെരുവ് നായയുടെ ജീവിതം ഇങ്ങിനെ മാറുമെന്ന് ആരും ഓര്‍ത്തുകാണില്ല. ഇനി അവന്‍ കഴിയുക സ്വറ്റ്‌സര്‍ലന്‍ഡില്‍ രണ്ട് സായിപ്പന്‍മാരുടെ അരുമയായിട്ടാണ്. 

കേരളം സന്ദര്‍ശിക്കാനെത്തിയ ജോണിയും അലനും മൂന്നാറിലെത്തിയപ്പോഴാണ് നാല് മാസം പ്രായമായ ഒരു പട്ടിക്കുട്ടിയെ കാണുന്നത്. മുട്ടിയുരുമ്മി കൂടെക്കൂടിയ ആ പട്ടിക്കുട്ടിയുടെ ഓമനത്തം തുളുമ്പുന്ന മുഖം ആ സായിപ്പന്‍മാരുടെ മനം കുളിര്‍പ്പിച്ചു. അവര്‍ അവനെ സ്‌നേഹത്തോടെ 'നന്ദി' എന്ന് വിളിച്ചു. അവനെ കുളിപ്പിക്കാനും ഭക്ഷണം നല്‍കാനുമൊക്കെയായി നന്ദിയെ കൂടെക്കൂട്ടി. മൂന്നാറില്‍ നിന്ന് വര്‍ക്കലയ്ക്ക് പോയപ്പോഴും നന്ദി അവരോടൊപ്പമുണ്ടായിരുന്നു. തങ്ങളെ വിട്ടുമാറാതെ ഒപ്പം കൂടിയ നന്ദിയെ വിട്ടുകളയാന്‍ അലനും ജോണിയ്ക്കും കഴിയുമായിരുന്നില്ല. അതോടെ എന്തുകൊണ്ട് അവനെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കൊണ്ടുപോയിക്കൂടാ എന്ന് അവര്‍ ചിന്തിച്ചു. പിന്നെ അതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയേ വേണ്ടിയിരുന്നുള്ളൂ. 

ജില്ലാ വെറ്റിനറി ആശുപത്രിയില്‍ കയറി നന്ദിയ്ക്ക് അവര്‍ കുത്തിവെയ്പ്പുകള്‍ നടത്തി. നന്ദിയുടെ കഴുത്തിന് പിറകില്‍ ഒരു മൈക്രോ ചിപ്പ് ഘടിപ്പിച്ചു. അതിന് ശേഷം അവന് ആന്റി റാബീസ് വാക്‌സിന്‍ നല്‍കി. തുടര്‍ന്ന് ഒമ്പത് രോഗങ്ങള്‍ക്കുള്ള മള്‍ട്ടികോംപണന്റ് വാക്‌സിനും കൊടുത്തു. എന്നാല്‍ അതുകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായില്ല. ഇനി രക്തപരിശോധനയ്ക്കും നന്ദി വിധേയനാകണം. പക്ഷേ, 14 ദിവസത്തിന് ശേഷമേ രക്തമെടുക്കാന്‍ കഴിയൂ. സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നെങ്കില്‍ ഈ കുത്തിവെയ്പ്പുകളെടുത്ത് 4 ദിവസത്തിന് ശേഷം രക്തം എടുക്കാന്‍ പറ്റും. അടുത്തയാഴ്ചയാണ് അലനും ജോണിയ്ക്കും നാട്ടിലേക്ക് തിരിക്കേണ്ടത്. എന്നാല്‍ രക്തം പരിശോധന പൂര്‍ത്തിയാക്കിയിട്ട് നന്ദിയെയും കൊണ്ടേ ഇനി മടങ്ങൂവെന്നാണ് ഇരുവരുടെയും തീരുമാനം. 

 

 

 

 

 

Editors Choice