പത്ത് വിക്കറ്റ് നേടി മാന്‍ ഓഫ് ദ മാച്ചായി, ഫലം പിന്നീട് ഇന്ത്യന്‍ ജഴ്സിയണിയാന്‍ കഴിഞ്ഞില്ല; ക്രിക്കറ്റിനോട് വിട പറഞ്ഞ് ഓജ

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്പിന്കരുത്തായിരുന്ന പ്രഗ്യാന്‍ ഓജ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. 24 ടെസ്റ്റിലും 18 ഏകദിനങ്ങളിലും ആറ് ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യയ്ക്കായി കളിച്ച താരമാണ് മുപ്പത്തിമൂന്നുകാരനായ ഓജ. ആഭ്യന്തര ക്രിക്കറ്റില്‍ ബിഹാര്‍, ഹൈദരാബാദ് തുടങ്ങിയ ടീമുകള്‍ക്കായും ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനായും (സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പഴയ പേര്), മുംബൈ ഇന്ത്യന്‍സിനായും കളിച്ചിട്ടുണ്ട്.
2013 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ മുംബൈയില്‍ വെച്ച് നടന്ന ടെസ്റ്റ് മത്സരമാണ് പ്രഗ്യാന്‍ ഓജ അവസാനമായി കളിച്ച രാജ്യാന്തര മത്സരം. ഓജയുടെ കരിയറിലെ ഒരേയൊരു പത്ത് വിക്കറ്റ് നേട്ടം ഈ മത്സരത്തിലായിരുന്നു. മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായും ഓജ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പിന്നീട് ടെസ്റ്റില്‍ ഇന്ത്യന്‍ ജഴ്സിയണിയാന്‍ ഓജയ്ക്ക് കഴിഞ്ഞിട്ടില്ല. അതെന്തുകൊണ്ടാണെന്ന് അജ്ഞാതം.
ഐപിഎല്ലില്‍ ഓജ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. ഐപിഎല്ലിന്റെ ആദ്യ സീസണുകളില്‍ ഒന്നാം നമ്പര്‍ ബോളര്‍മാരില്‍ ഒരാളായിരുന്നു ഓജ. രണ്ടാ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്സ് ചാമ്പ്യന്മാരായപ്പോള് ആര്‍പി സിങ്ങിന് പിന്നില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമായി. തൊട്ടടുത്ത സീസണില്‍ 21 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പും നേടി. ഇടം കയ്യന്‍ സ്പിന്നറെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയായി വിലയിരുത്തപ്പെട്ട ഓജയ്ക്ക് പക്ഷേ പ്രതീക്ഷയ്ക്കൊത്ത ഒരു കരിയര്‍ ലഭിച്ചില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അവസാനമായി കളിച്ചത് 2018 നവംബറിലും.
വിരമിയ്ക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പില്‍ ബിസിസിഐയ്ക്കും ഹൈദരാബാദ്, ബംഗാള്‍, ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും ഓജ നന്ദി പറഞ്ഞു. സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ കൈകളില്‍ നിന്ന് ടെസ്റ്റ് ക്യാപ് സ്വീകരിക്കാന്‍ സാധിച്ചത് ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നാണെന്നും ഓജ കുറിച്ചു.
24 ടെസ്റ്റുകളില്‍ നിന്ന് 113 വിക്കറ്റുകള്‍ ഓജ സമ്പാദിച്ചിട്ടുണ്ട്. അഞ്ച് തവണ ഏഴ് വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. ഏകദിനത്തില്‍ 18 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകള്‍ നേടി. 38 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. ട്വന്റി 20യില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 108 മത്സരങ്ങളില്‍ നിന്ന് 123 വിക്കറ്റും 142 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 157 വിക്കറ്റുകളും പിഴുതു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍