• 07 Apr 2020
  • 11: 25 AM
Latest News arrow

കുളത്തൂപ്പുഴയിലെ വെടിയുണ്ടകള്‍ പാക് നിര്‍മ്മിതം?; കേന്ദ്ര ഏജന്‍സികള്‍ ഇടപെടുന്നു

എന്‍ഐഎയും മിലിട്ടിറി ഇന്റലിജന്‍സും അന്വേഷണം തുടങ്ങി

കൊല്ലം: തിരുവനന്തപുരം-തെന്‍മല സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ വനമേഖലയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 14 വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. വെടിയുണ്ടകള്‍ പാക് നിര്‍മ്മിതമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. എന്‍ഐഎയും മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചു. കവറില്‍ പൊതിഞ്ഞ നിലയില്‍ വെടിയുണ്ടകള്‍ കണ്ടെടുത്ത കുളൂത്തുപ്പുഴ മുപ്പതടി പാലത്തിനടുത്ത് അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ പരിശോധന നടത്തും. 

കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉണ്ടകള്‍ പരിശോധിച്ചിരുന്നു. സര്‍വ്വീസ് റിവോള്‍വറുകളില്‍ ഉപയോഗിക്കുന്ന തരം തിരകള്‍ അല്ലെന്ന് വ്യക്തമായിരുന്നു. പൊലീസിന്റെ ആര്‍മര്‍, ഫൊറന്‍സിക് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ഈ ഉണ്ടകള്‍ വിദേശത്ത് നിര്‍മ്മിച്ചതാണെന്നും കണ്ടെത്തി. പാക് സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മ്മിക്കുന്ന പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ (പിഒഎഫ്) നിര്‍മ്മിച്ചതാണ് ഈ വെടിയുണ്ടകള്‍ എന്നാണ് സംശയം. വെടിയുണ്ടകളില്‍ പിഒഎഫ് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ സേനകള്‍ ഉപയോഗിക്കുന്ന തിരകളില്‍ ഐഒഎഫ് (ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി) എന്നാണ് രേഖപ്പെടുത്തുക. 

12 വെടിയുണ്ടകള്‍ അവ വെയ്ക്കുന്ന ബെല്‍റ്റിലും (പൗച്ച്) രണ്ടെണ്ണം വേറിട്ട നിലയിലുമാണ് കാണപ്പെട്ടത്. ലോങ് റേഞ്ചില്‍ വെടിവെയ്ക്കാവുന്ന തോക്കുകളില്‍ ഉപയോഗിക്കുന്ന 7.62 എംഎം ഉണ്ടകളാണിവ. 

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിയോടെ കുളത്തൂപ്പുഴ-മടത്തറ പാതയില്‍ മുപ്പതടി പാലത്തിന് സമീപമാണ് വെടിയുണ്ടകള്‍ കണ്ടത്. അതുവഴി കടന്നുപോവുകയായിരുന്ന കുളത്തൂപ്പുഴ മടത്തറ ഒഴുകുപാറ സ്വദേശി ജോഷി, സുഹൃത്ത് തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശ അജീഷ് എന്നിവരാണ് പത്രക്കടലാസില്‍ പൊതിഞ്ഞ് പ്ലാസിറ്റ് കവറിലാക്കിയ നിലയില്‍ ഇവ കണ്ടത്. സംശയം തോന്നി വടി കൊണ്ട് ഇളക്കി നോക്കിയ ഇവര്‍ വെടിയുണ്ടകള്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.