• 28 May 2020
  • 07: 41 PM
Latest News arrow

അനധികൃത സ്വത്തുസമ്പാദന കേസ്: വി.എസ് ശിവകുമാറിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കർ തുറന്ന് പരിശോധിക്കും

തിരുവനന്തപുരം: കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ വി.എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട്,  ശിവകുമാറിന്‍റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കർ തുറ‍ന്ന് പരിശോധിക്കാനുളള നീക്കത്തിൽ വിജിലന്‍സ് അന്വേഷണ സംഘം. ഇതിനായി തിങ്കളാഴ്ച ബാങ്കിന് നോട്ടീസ് നൽകും.

ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷിക്കാൻ ഓഡിറ്ററടക്കമുള്ള പത്തംഗ സംഘത്തെ ചുമതലപ്പെടുത്തിയ ശേഷമാണ് പുതിയ നീക്കം. ശിവകുമാറിൻറെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറിന്‍റെ താക്കോൽ കഴിഞ്ഞ ദിവസത്തെ പരിശോധനാ സമയത്ത് വിജിലൻസിന് കൈമാറിയിരുന്നില്ല. താക്കോൽ നഷ്ടപ്പെട്ടുവെന്നാണ് ശിവകുമാർ നൽകിയ മൊഴി. ഈ സാഹചര്യത്തിലാണ് മറ്റാരെയും ലോക്കർ  തുറക്കാൻ rഅനുവദിക്കരുതെന്നും, അന്വേഷണ സംഘത്തിന് ലോക്കർ തുറക്കാൻ അനുമതി നൽകണമെന്നും  ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് നൽകുന്നത്.

വിജിലൻസ് എസ് പി വി.എസ് അജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഒരു ഡിവൈഎസ്പിയും രണ്ട് സിഐമാരും പൊലീസുകാരുമാണുള്ളത്. ശിവകുമാർ സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരിൽ ബിനാമി  സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഇതിനാണ് ഓഡിറ്ററെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ശിവകുമാർ ഉള്‍പ്പെടെ നാലു പേരുടെ സ്വത്തു വിവരങ്ങള്‍ പ്രത്യേകമായി അന്വേഷിക്കും.

അതേ സമയം പ്രതികളുടെ വീടുകളിൽ വിജിലന്‍സ് പരിശോധനയിൽ രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതിനാൽ വിശദമായ അന്വേഷണം വേണ്ടിവരുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു.

Editors Choice