• 28 May 2020
  • 08: 46 PM
Latest News arrow

പ്രതിരോധമേഖലയിൽ ഇന്ത്യ-അമേരിക്ക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ട്രംപ്; 300 കോടി ഡോളറിന്റെ പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കും

അഹമ്മദാബാദ്:  പ്രതിരോധമേഖലയിൽ ഇന്ത്യ-അമേരിക്ക  സഹകരണം കൂടുതല്‍ ശക്തിപ്പെടുമെന്നും ഇന്ത്യയും അമേരിക്കയും തമ്മില്‍ 300 കോടി ഡോളറിന്റെ പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . അഹമ്മദാബാദിലെ മോട്ടേര സ്‌റ്റേഡിയത്തില്‍ 'നമസ്‌തേ ട്രംപ്' പരിപാടിക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സൈന്യത്തിനായി അമേരിക്കയില്‍നിന്ന് മിലിട്ടറി ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള മുന്നൂറുകോടി ഡോളറിന്റെ കരാറില്‍ ചൊവ്വാഴ്ച യു.എസ്.-ഇന്ത്യാ പ്രതിനിധികള്‍ ഒപ്പിടുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍, ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈനികസാമഗ്രികള്‍ ഇന്ത്യക്ക് ലഭ്യമാക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. ഇന്ത്യയുമായി പ്രതിരോധ സഹകരണം ശക്തമാക്കും. ഏറ്റവും മികച്ച ആയുധങ്ങളാണ് അമേരിക്ക നിര്‍മിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

രണ്ട് സൈനിക കരാറാണ് ഇന്ത്യയും അമേരിക്കയും ചൊവ്വാഴ്ച ഒപ്പുവയ്ക്കുക. നാവിക സേനയ്ക്ക് വേണ്ടി 24 എംഎച്ച്-60ആര്‍ ഹെലികോപ്റ്റര്‍ വാങ്ങുന്നതിന്റെയും കരസേനയ്ക്ക് വേണ്ടി ആറ് എഎച്ച്-64ഇ അപ്പാഷെ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന്റെയും കരാറാണ് ഒപ്പുവയ്ക്കുക.

സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശന ശേഷമാണ്  ട്രംപും മോദിയും ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് തിരിച്ചത്. . ഉച്ചയ്ക്ക് ശേഷം ട്രംപും കുടുംബവും ആഗ്രയിലെ താജ്മഹല്‍ കാണാന്‍ പുറപ്പെട്ടു. ചൊവ്വാഴ്ച ദില്ലിയിലായിരിക്കും ഔദ്യോഗിക ചര്‍ച്ചകളും കരാര്‍ ഒപ്പുവയ്ക്കലും. ചൊവ്വാഴ്ച വൈകീട്ട് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്ക് തിരിച്ചുപോകും. 

Editors Choice