• 07 Apr 2020
  • 12: 14 PM
Latest News arrow

ഡല്‍ഹി കലാപം: 7 പേര്‍ കൊല്ലപ്പെട്ടു; പേര് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍

പൊലീസിന് നേരെ വെടിയുതിര്‍ത്ത ജാഫ്രാബാദ് സ്വദേശി അറസ്റ്റില്‍

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണം ഏഴായി. ഒരു പൊലീസ് ഉദ്യോഗസ്ഥനും 6 നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. 105 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. പേര് ചോദിച്ചാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. പൊലീസ് അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്നും ഇവര്‍ ആരോപിച്ചു. 

ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. പൊലീസിന് നേരെ കഴിഞ്ഞ ദിവസം വെടിയുതിര്‍ത്ത ജാഫ്രാബാദ് സ്വദേശി ഷാരുഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

അക്രമം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാമെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ രാജേഷ് ഖുറാന ആംആദ്മി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. എട്ട് സിആര്‍പിഎഫ് കമ്പനി സേനയും റാപിഡ് ആക്ഷന്‍ ഫോഴ്‌സും വനിതാ സുരക്ഷാ സേനയും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.