• 07 Apr 2020
  • 11: 21 AM
Latest News arrow

ഇന്ന് ട്രംപ്-മോദി ഉഭയകക്ഷി ചര്‍ച്ച; പ്രതിരോധ ഇടപാട് പ്രധാനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ന്. ഹൈദരാബാദ് ഹൗസില്‍ രാവിലെ 11 മണിയ്ക്കാണ് കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മില്‍ അഞ്ച് ധാരാണപത്രങ്ങള്‍ ഒപ്പുവെയ്ക്കുമെന്നാണ് വിവരം. ഇതില്‍ പ്രതിരോധ ഇടപാടാണ് ഏറ്റവും പ്രധാനം. 

പ്രതിരോധ മേഖലയില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികളാവും പ്രധാനമായും ഇന്ന് കൈക്കൊള്ളുക. ഹെലികോപ്റ്റര്‍ കരാര്‍, ഡല്‍ഹിയ്ക്ക് മിസൈല്‍ കവചമൊരുക്കുന്നതിനുള്ള കരാര്‍, പ്രതിരോധ സാങ്കേതിക വിദ്യയുടെയും കൈമാറ്റം എളുപ്പമാക്കാനുള്ള അടിസ്ഥാന കൈമാറ്റ-സഹകരണ കരാര്‍ എന്നിവയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനുള്ള ചര്‍ച്ചകളുമുണ്ടാകും. 

പൗരത്വ നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, മതസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളാണ് പ്രസിഡന്റ് ട്രംപ് ഉന്നയിക്കുക. കശ്മീര്‍ വിഷയം അമേരിക്ക പരാമര്‍ശിച്ചാല്‍ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കും. 

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാര്‍ ഈ സന്ദര്‍ശനവേളയില്‍ യാഥാര്‍ത്ഥ്യമാകില്ല. കൃഷി, ക്ഷീര മേഖലകളിലെ ഇറക്കുമതി ഉദാരമാക്കുന്നത് സംബന്ധിച്ച് ധാരണയിലെത്താത്തതാണ് വ്യപാരക്കരാറിന് തടസ്സമാകുന്നത്. 

ആഭ്യന്തര സുരക്ഷ, ബൗദ്ധിക സ്വത്തവകാശം, ആരോഗ്യം, ബഹിരാകാശ സാങ്കേതിക വിദ്യ, വ്യാപാര സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് ധാരണാപത്രങ്ങളുണ്ടാകും. കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് ദ്രവീകൃത പ്രകൃതി വാതക വിതരണം സാധ്യമാക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും യുഎസിലെ എക്‌സണ്‍ മൊബീല്‍, ചാര്‍ട്ട് ഇന്‍സ്ട്രീസ് എന്നിവയുമായി കരാര്‍ ഒപ്പുവെച്ചേക്കും.