• 07 Apr 2020
  • 12: 38 PM
Latest News arrow

മദ്യനയം: പബ്ബുകളും പുതിയ ബ്രൂവറികളുമില്ല; ഒന്നാം തീയതി ഡ്രൈഡേ തന്നെ; ബാറുകളുടെ ലൈസന്‍സ് ഫീസ് കൂട്ടും; ഷാപ്പ് ലേലം തുടരും

തിരുവനന്തപുരം: കേരളത്തിൽ പബ്ബുകൾ തല്ക്കാലം തുടങ്ങില്ല. പുതിയ ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനവും എടുക്കില്ല. തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വിവാദ തീരുമാനം വേണ്ടെന്ന സിപിഎം സെക്രട്ടേറിയേറ്റ് നിലപാടിന്റെ അടിസ്ഥാനത്തിലാണ്‌ പബ്ബും ബ്രൂവറികളും തത്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാറെത്തിയത്. ഇതു രണ്ടും ഒഴിവാക്കിയുള്ള പുതിയ മദ്യനയത്തിന്റെ കരട് തയ്യാറായിക്കഴിഞ്ഞു. ഒന്നാം തീയതിയിലുള്ള ഡ്രൈഡേ മാറ്റേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. കരട് മദ്യനയം മന്ത്രിസഭ അംഗീകരിച്ചു.

ബാറുകളുടെ ലൈസന്‍സ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളില്‍നിന്ന്‌ ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. ലൈസൻസ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കിയാണ് ഉയർത്തിയിട്ടുള്ളത്. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലം ഗ്രൂപ്പ് അടിസ്ഥാനത്തിൽ പുനരാരംഭിക്കാനും ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനുമുള്ള തീരുമാനവും പുതിയ മദ്യനയത്തിലുണ്ട്. ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്.

നേരത്തെ സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും തുടങ്ങാനുള്ള ആവശ്യം ഉയര്‍ന്നിരുന്നത്.  സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്നതിൽ തെറ്റില്ലെന്ന നിലപാടിലായിരുന്നു  മുഖ്യമന്ത്രിയും സിപിഎമ്മും. ഇത് ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് കൂടി അടുത്ത് വരുന്ന സന്ദര്‍ഭത്തിൽ വിവാദ തീരുമാനത്തിലേക്ക് പോകേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയർന്നത്.

ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന ശുപാര്‍ശയും പല തലങ്ങളിൽ നിന്നും സര്‍ക്കാരിന് മുന്നിൽ എത്തിയിരുന്നു.