• 07 Apr 2020
  • 12: 02 PM
Latest News arrow

''കെഎഎസ് ചോദ്യങ്ങള്‍ പാകിസ്ഥാനില്‍ നിന്ന്''- ഗുരുതര ആരോപണവുമായി പിടി തോമസ് എംഎല്‍എ; ആരോപണം തള്ളി പിഎസ്‌സി

കോഴിക്കോട്: കേരള പിഎസ്‌സി കഴിഞ്ഞ ശനിയാഴ്ച നടത്തിയ കെഎഎസ് പരീക്ഷയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി തൃക്കാക്കര എംഎല്‍എ പിടി തോമസ്. പരീക്ഷയ്ക്ക് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നിന്നും ചോദിച്ച ചോദ്യങ്ങള്‍ 2001-ലെ പാകിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്നും കോപ്പിയടിച്ചതാണെന്നാണ് പിടി തോമസ് ആരോപിച്ചിരിക്കുന്നത്. ആറ് ചോദ്യങ്ങള്‍ പാകിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷാ ചോദ്യപേപ്പറില്‍ നിന്നും കോപ്പിയടിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെയും പരീക്ഷാ നടത്തിപ്പുകാരുടെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. പാക് ചോദ്യപേപ്പറില്‍ നിന്നും കോപ്പിയടിച്ച ചോദ്യങ്ങള്‍ ഏതൊക്കെയാണെന്നതിന്റെ ചോദ്യ നമ്പറുകള്‍ പിടി തോമസ് എംഎല്‍എ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചോദ്യങ്ങള്‍ ഏവയെന്ന് പറഞ്ഞിട്ടില്ല. 

അതേസമയം എംഎല്‍എയുടെ ആരോപണം തള്ളി പിഎസ്‌സി ചെയര്‍മാന്‍ രംഗത്തെത്തി. ആരോപണം പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ വേണ്ടിയാണെന്ന് എംകെ സക്കീര്‍ പ്രതികരിച്ചു. കെഎഎസ് ചോദ്യങ്ങള്‍ തയ്യാറാക്കിയത് രാജ്യത്തെ പ്രമുഖരാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നര ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ 1535 കേന്ദ്രങ്ങളിലായി ആദ്യ കെഎഎസ് പരീക്ഷ എഴുതിയിട്ടുണ്ട്. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും അതില്‍ വിജയിക്കുന്നവര്‍ക്ക് അഭിമുഖവും ഉണ്ടായിരിക്കും. ജൂണില്‍ നടക്കുന്ന മെയിന്‍ പരീക്ഷയുടെ 300 മാര്‍ക്കും അഭിമുഖത്തിന്റെ 50 മാര്‍ക്കും ചേര്‍ത്താണ് റാങ്ക് പട്ടിക തയ്യാറാക്കുക. നവംബര്‍ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പിഎസ്‌സി ഉദ്ദേശിക്കുന്നത്.