• 07 Apr 2020
  • 01: 00 PM
Latest News arrow

ഡല്‍ഹിയില്‍ കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു; രണ്ട് പേര്‍ക്ക് കൂടി വെടിയേറ്റു

കേന്ദ്ര സേനയെ വിന്യസിക്കും; ഒരു മാസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ഡല്‍ഹിയിലെ തെരുവുകളില്‍ ഏറ്റുമുട്ടുന്നത് തുടരുന്നു. സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് കൂടി വെടിയേറ്റു. ഇരുമ്പ് പൈപ്പുകളും മാരകമായ ആയുധങ്ങളുമായി റോഡിലിറങ്ങിയ കലാപകാരികള്‍ സാധാരണക്കാരെപ്പോലും ആക്രമിക്കുകയാണ്. പലരും അക്രമകാരികളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും അവര്‍ വീടുകള്‍ക്കും കടകള്‍ക്കും തീവെച്ചു. സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. 

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്ന് ദിവസമായി തുടരുന്ന കലാപത്തില്‍ ഇതുവരെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 160 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. 

സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ 35 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. നിലവില്‍ രണ്ട് കമ്പനി ദ്രുതകര്‍മ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്ന് അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു. വ്യാജപ്രചാരണം തുടരുന്നത് വെല്ലുവിളിയാണെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അമിത് ഷായും ആവശ്യപ്പെട്ടു. 

സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.  മാര്‍ച്ച് 24 വരെയാണ് നിരോധനാജ്ഞ.