• 07 Apr 2020
  • 11: 23 AM
Latest News arrow

ഉന്നാവ് ബലാത്സംഗക്കേസ് പ്രതി കുല്‍ദീപ് സിങ് സേംഗറുടെ നിയമസഭാംഗത്വം നഷ്ടമായി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവ് ബലാത്സംഗക്കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച  ബാംഗര്‍മൗ നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ കുല്‍ദീപ് സിങ് സേംഗറെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. കുല്‍ദീപ് സിങ്ങിന് ദല്‍ഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച 2019 ഡിസംബര്‍ 20 മുതല്‍ അദ്ദേഹത്തെ അയോഗ്യനാക്കിയതായാണ് വിജ്ഞാപനം. അന്ന് മുതല്‍ ബാംഗര്‍മൗ നിയോജക മണ്ഡലം ഒഴിഞ്ഞു കിടക്കുന്നതായും വിജ്ഞാപനം പറയുന്നു. നേരത്തെ സേംഗറെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസില്‍ കുല്‍ദീപ് സിങ് സേംഗര്‍ക്ക് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. തടവുശിക്ഷ ജീവിതാന്ത്യംവരെ അനുഭവിക്കണമെന്നും പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. പിഴത്തുകയില്‍നിന്ന് 10 ലക്ഷം രൂപ പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ്  വിധിയില്‍ നിര്‍ദ്ദേശിച്ചത്. ബാക്കി 15 ലക്ഷം രൂപ കോടതിച്ചിലവായി ഉത്തര്‍പ്രദേശ് സര്‍ക്കാരിനു നല്‍കണം. ഒരു മാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ സംസ്ഥാനസര്‍ക്കാരിന് പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത് തുകയീടാക്കാമെന്നും കോടതി വിധിയിൽ പറഞ്ഞിരുന്നു.