• 28 May 2020
  • 09: 07 PM
Latest News arrow

ചൈനയിലെയും മറ്റുരാജ്യങ്ങളിലെയും വാഹനവിപണിയെ തളർത്തി 'കൊവിഡ്19'

ബീജിങ്ങ്: 'കൊവിഡ്19' ചൈനയിലെ വാഹന വിൽ‌പനയെ കാര്യമായി ബാധിച്ചതായി റിപ്പോർട്ട്. ചൈന പാസഞ്ചർ കാർ അസോസിയേഷന്റെ (CPCA) കണക്കനുസരിച്ച്  2020 ഫെബ്രുവരി ആദ്യ പകുതിയിൽ 92 ശതമാനം ഇടിവാണ് വാഹന വിപണിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വിപണിയിലെ വാർഷിക കണക്കുകളുമായി ഒത്തു നോക്കുമ്പോൾ 96 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

വൈറസ് പടരാതിരിക്കാനായി ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാഞ്ഞതിനാൽ ഫെബ്രുവരി ആദ്യ വാരത്തിൽ കാർ ഡീലർഷിപ്പുകളിൽ ഒരാളേയും കാണാനില്ലായിരുന്നു എന്ന് CPCA സെക്രട്ടറി ജനറൽ കുയി ഡോങ്‌ഷു പറഞ്ഞു. വാഹനങ്ങൾക്ക് ആവശ്യമായ പല ഭാഗങ്ങളും ചൈനയിൽ നിന്നാണ്  ലഭ്യമാകുന്നതെന്നതിനാൽ, ചൈനയിലെ പ്രതിസന്ധി അവിടുത്തെ വാഹന വിപണിയെ മാത്രമല്ല, ലോകമെമ്പാടുമുള്ള വിപണികളെയും ബാധിച്ചിരിക്കുകയാണ്.

നിസ്സാൻ, ഹോണ്ട തുടങ്ങിയ നിർമ്മാതാക്കൾ മാർച്ച് 11 വരെ ചൈനയിൽ  തങ്ങളുടെ നിർമ്മാണശാലകൾ വീണ്ടും തുറക്കില്ല എന്ന തീരുമാനത്തിലാണ്. രണ്ടാഴ്ചത്തെയ്ക്കുള്ള നിർമ്മാണഭാഗങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും സ്ഥിതി തുടരുകയാണെങ്കിൽ ഉൽപാദനത്തെ ബാധിക്കുമെന്നും ജാഗ്വാർ ലാൻഡ് റോവർ വക്താവ് പറഞ്ഞു.

ഹ്യൂണ്ടായിയുടെ ആഢംബര ഉപ ബ്രാൻഡായ ജെനസിസ് തങ്ങളുടെ G80 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കുന്നതും നീട്ടിവച്ചു. ഹ്യൂണ്ടായിയുടെ സ്വന്തം രാജ്യമായ ദക്ഷിണ കൊറിയയിലെ ഏഴ് പ്ലാന്റുകളിലും ഉത്പാദനം നിഷ്‌ക്രിയമായിരിക്കുകയാണ്.

ബീജിംഗ് ഇന്റർനാഷണൽ ഓട്ടോമോട്ടീവ് വാർഷിക എക്സിബിഷൻ ഏപ്രിൽ 21 നും ഏപ്രിൽ 30 നും ഇടയിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും വൈറസ് വ്യാപകമായതിനാൽ മാറ്റിവച്ചു. 

Editors Choice