• 20 Sep 2021
  • 04: 22 PM
Latest News arrow

സാക്ഷിവിസ്താരത്തിന് മഞ്ജു വാര്യർ കോടതിയിൽ; സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരെയും വിസ്തരിക്കും

കൊച്ചി: യുവനടിയെ വാഹനയാത്രക്കിടെ ആക്രമിച്ച കേസിൽ പതിനൊന്ന് മണിയോടെ സാക്ഷിവിസ്താരം തുടങ്ങി. മൊഴി നൽകാൻ ഒമ്പതേ മുക്കാലോടെ തന്നെ മഞ്ജു വാര്യർ കോടതിയിലെത്തിയിരുന്നു. അതിന് ശേഷം പ്രോസിക്യൂട്ടറുമായി അടച്ചിട്ട മുറിയിൽ ചര്‍ച്ച നടത്തി. മഞ്ജു വാര്യരുടെ ആവശ്യപ്രകാരമായിരുന്നു ചര്‍ച്ച.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. യുവനടി അക്രമിക്കപ്പെട്ടതിനെത്തുടർന്ന് താര സംഘടന കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ മഞ്ജു വാര്യര്‍ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദിവസങ്ങൾക്ക്  ശേഷമാണ് ഈ കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതും ജയിലിലാക്കുന്നതും.

സാക്ഷിവിസ്താരത്തിനിടെ മഞ്ജു വാര്യര്‍ ഇക്കാര്യം കോടതിയിലും ആവര്‍ത്തിക്കുമോ  എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിൽ ഈ മൊഴി നിര്‍ണ്ണായകവും ആണ്.

5 വര്‍ഷം മുമ്പ് ദിലീപിന്‍റെയും മഞ്ജു വാര്യരുടേയും വിവാഹ മോചന കേസ് പരിഗണിച്ച  കോടതിസമുച്ചയത്തില്‍ തന്നെയാണ് നടിയെ ആക്രമിച്ച കേസും പരിഗണിക്കുന്നത് .

സിദ്ദിഖ് , ബിന്ദു പണിക്കര്‍ എന്നിവരുടെ സാക്ഷിവിസ്താരവും ഇന്ന് (വ്യാഴാഴ്ച) തന്നെ നടക്കും.