• 09 Dec 2022
  • 08: 34 PM
Latest News arrow

പുതുശ്ശേരി; കവിതയുടെ മണ്ണില്‍ ഉയര്‍ന്നുപൊന്തിയ തീപാറും സൂര്യന്‍

കവിയും ഭാഷാ പണ്ഡിതനും ഭാഷാ ഗവേഷകനുമായ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ (91) അന്തരിച്ചു. വെള്ളയമ്പലം ഇലങ്കം ഗാര്‍ഡന്‍സിലെ ഗീതില്‍ താമസിച്ചിരുന്ന അദ്ദേഹം ഏറെ നാളായി ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിശ്രമത്തിലായിരുന്നു. വയലാര്‍ രാമവര്‍മ്മ, പി.ഭാസ്‌കരന്‍, ഒഎന്‍വി കുറുപ്പ്, തിരുന്നല്ലൂര്‍ കരുണാകരന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് മലയാള കാവ്യലോകത്ത് പുതുശ്ശേരിയുടെയും സ്ഥാനം. 

കാല്‍പ്പനികതയും വിപ്ലവവും നിറഞ്ഞ കാവ്യയുഗമാണ് അദ്ദേഹം മലയാള കവിതയ്ക്ക് സമ്മാനിച്ചത്. നാല്‍പ്പതുകളില്‍ സാഹിത്യ കലാലോകത്തേയ്ക്ക് പടര്‍ന്നുകയറിയ ഇടത് ചിന്താധാരയോട് പുതുശ്ശരിയും ചേര്‍ന്നുനിന്നു. തുടര്‍ന്ന് മണ്ണിനോടും മനുഷ്യരോടും അടുപ്പം പുലര്‍ത്തിയ കവിതകള്‍ അദ്ദേഹത്തിന്റെ തൂലികത്തുമ്പില്‍ നിന്നും പിറന്നുവീഴുകയായിരുന്നു. ഇടത് രാഷ്ട്രീയ ചിന്തകളോട് ചായ്‌വ് പുലര്‍ത്തുമ്പോഴും സഹജീവികളുടെ ഹൃദയവികാരങ്ങളെ രാഷ്ട്രീയാതീതമായി അടയാളപ്പെടുത്തുന്നതിലായിരുന്നു കവിയുടെ ശ്രദ്ധ.   

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്ലെ വള്ളിക്കുന്നത്ത് 1928 സെപ്തംബര്‍ 23ന് പോക്കാട്ട് ദാമോദരന്‍ പിള്ളയുടെയും പുതുശ്ശേരിയില്‍ ജാനകിയമ്മയുടെയും മകനായി പുതുശ്ശേരി രാമചന്ദ്രന്‍ ജനിച്ചു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛന്റെ സ്വാധീനത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തിയ രാമചന്ദ്രനെ, ക്വിറ്റ് ഇന്ത്യാ സമരം, പുന്നപ്ര വയലാര്‍ സമരത്തെത്തുടര്‍ന്നുള്ള വിദ്യാര്‍ത്ഥി സമരം എന്നിവയില്‍ പങ്കെടുത്തതിന് സ്‌കൂളില്‍ നിന്ന് പുറത്താക്കി. പിന്നീട് സ്‌കൂളില്‍ തിരിച്ചെടുക്കുകയും ചെയ്തു.

പില്‍ക്കാലത്ത് കോണ്‍ഗ്രസിനോട് വിട പറഞ്ഞ രാമചന്ദ്രന്‍, കൊല്ലം എസ്എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിലും ജീവല്‍ സാഹിത്യത്തിലും സജീവമായി. ഈ കാലയളവില്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തതിന് ജയില്‍വാസവും അനുഭവിച്ചു.

1948ല്‍ ഇരുപതാം വയസ്സിലാണ് പുതുശ്ശേരി രാമചന്ദ്രന്‍ തന്റെ ആദ്യ കവിതാ സമാഹാരം പുറത്തിറക്കുന്നത്. ഗ്രാമീണ ഗായകന്‍ എന്നായിരുന്നു അതിന്റെ പേര്. തുടര്‍ന്ന് മനുഷ്യന് വേണ്ടി ഹൃദയം കൊണ്ട് പാടാന്‍ കവി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. 

സഹജീവികള്‍ക്ക് വേണ്ടി ചോരചിന്തിയ സഖാക്കളെ പ്രകീര്‍ത്തിക്കുന്ന കവിതകള്‍ കൊണ്ട് മലയാള കവിതാ ലോകം ചുവന്ന കാലത്ത് ' ആ ചോരതന്‍ ഗാനം രചിക്കുവാനും അനീതിയ്‌ക്കൊരു ശാസനാലേഖം കുറിക്കുവാനും തനിക്ക് എന്തൊരു വീറാണെന്ന്' കവി 'ആവുന്നത്ര ഉച്ചത്തില്‍' വിളിച്ചു പറഞ്ഞു. 

വിപ്ലവ സാഹിത്യത്തിലെ മുന്നണിപ്പോരാളിയായ പുതുശ്ശേരി രാമചന്ദ്രന്‍ ചൈന റിപ്പബ്ലിക് ആയപ്പോള്‍ 'ഉദയം' എന്ന കവിത എഴുതിക്കൊണ്ട് സന്തോഷം പങ്കുവെച്ചു. അതേസമയം തന്നെ ചൈനീസ് ഭരണകൂടം ടിയന്‍മെന്‍ സ്‌ക്വയറില്‍ ജനാധിപത്യവാദികളെ കൊന്നൊടുക്കിയപ്പോള്‍ 'മൂങ്ങയും പാണന്‍മാരും' എന്ന കവിതയെഴുതിക്കൊണ്ട് അതിനെതിരെ പ്രതിഷേധിച്ചു. ചൈന ഇന്ത്യയെ ആക്രമിച്ചതിനെതിരെ 'പാഞ്ചജന്യം' എന്ന കവിതയെഴുതിയും കവി അപലപിച്ചിരുന്നു. 

പ്രത്യയശാസ്ത്ര അന്ധത ബാധിക്കാത്ത കവിയായിരുന്നു പുതുശ്ശേരി രാമചന്ദ്രന്‍. ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് ചന്ദനത്തോപ്പില്‍ സമരം നടത്തിയ കശുവണ്ടി തൊഴിലാളികള്‍ക്ക് നേരെ പൊലീസ് നിറയൊഴിച്ചപ്പോള്‍ 'തീ പെയ്യരുതേ, മഴമുകിലേ' എന്ന് അദ്ദേഹം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കവിത പ്രസിദ്ധീകരിക്കാന്‍ താമസിച്ചപ്പോള്‍ താനത് അച്ചടിച്ച് വിതരണം ചെയ്യുമെന്ന് പറയാനും കവി മടിച്ചില്ല.

മണ്ണില്‍ പണിയെടുക്കുന്നവനോടും അന്നന്നത്തെ ആഹാരത്തിനായി എല്ലുമുറിയെ പണിയെടുക്കുന്ന സാധാരണക്കാരനോടുമൊപ്പമായിരുന്നു എന്നും കവി. ജീവിക്കാനായി തെരുവിലിറങ്ങേണ്ടി വന്ന പെണ്‍കുട്ടിയെ തന്റെ പെങ്ങളായി കരുതാനുള്ള വിശാലമനസ്സും പുതുശ്ശേരിയ്ക്കുണ്ടായിരുന്നു. ആവുന്നത്രെ ഉച്ചത്തില്‍, തെരുവിലെ പെങ്ങള്‍ എന്ന കവിതകളെല്ലാം കവിയുടെ ഈ മനോഭാവം വ്യക്തമാക്കുന്നതാണ്.

തീഷ്ണമായ ഹൃദയവികാരങ്ങളെ അതിന്റെ തീവ്രത ഒട്ടും ചോരാതെ അവതരിപ്പിച്ച പുതുശ്ശേരി രാമചന്ദ്രന്റെ തൂലികയില്‍ നിന്നും നിരവധി കവിതകള്‍ മലയാള കവിതാലോകത്തിന് ലഭിച്ചു. പുതിയ കൊല്ലനും പുതിയൊരാലയും, ശക്തിപൂജ, അകലുംതോറും, അഗ്നയേസ്വാഹാ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, ആഫ്രിക്കന്‍ കവിതകള്‍ എന്നിങ്ങനെ 11 കവിതാ സമാഹാരങ്ങളടക്കം 36 കൃതികളാണ് അദ്ദേഹം മലയാള ഭാഷയ്ക്ക് നല്‍കിയത്. ഇതില്‍ ആന്ന അപ്മത്തോവയുടെ കവിതകള്‍ (കാവ്യപരിഭാഷ), മീഡിയ (യവനനാടകപരിഭാഷ), കണ്ണശ്ശരാമായണം യുദ്ധകാണ്ഡം (സംശോധിതപ്രസാധനം), ബാലകാണ്ഡം, സുന്ദരകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, കേരളപാണിനീയ വിമര്‍ശനം (വിഖ്യാതപഠനം), കേരള പാണിനീയം എന്ന മലയാള വ്യാകരണം (വ്യാകരണപഠനം-പ്രസാധനം), പ്രാചീനമലയാളം, തിരുവല്ലാ ചെപ്പേടുകള്‍ (ശാസനപഠനം), ലാംഗ്വേജ് ഓഫ് മിഡില്‍ മലയാളം (ലിംഗ്വിസ്റ്റിക്‌സ്) എന്നിവയും ഉള്‍പ്പെടുന്നു.