• 07 Dec 2021
  • 03: 05 AM
Latest News arrow

സിനിമയില്‍ അതിരുകളില്ലാത്ത ചുംബനം

തെരുവില്‍ ചുംബനം സമരായുധമാകുന്ന കാലത്ത് വെള്ളിത്തിരിയിലെ ചുംബനങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്. സെന്‍സര്‍ബോര്‍ഡ് കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കിയേ ചുംബനം അനുവദിക്കാറുള്ളു. എന്നാല്‍ ചുംബനമാര്‍ഗനിര്‍ദേശങ്ങളെ വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള പ്രാവീണ്യം  നൂറുവര്‍ഷം പിന്നിട്ട ഇന്ത്യന്‍ സിനിമ നേടി.

ഹിന്ദി സിനിമയുടെ ചുംബനചരിത്രം പരിശോധിച്ചാല്‍ ഹോളിവുഡ് നടിമാരെക്കാള്‍ ചങ്കൂറ്റം കാട്ടിയ നടിമാര്‍ 30കളില്‍ ഉണ്ടായിരുന്നു എന്ന് കാണാം. എന്നാല്‍, അമ്പതുകളോടെ ചൂടന്‍ രംഗങ്ങള്‍ അപ്രത്യക്ഷമായി. 70കളുടെ അവസാനത്തോടെയാണ് പിന്നീട് വെള്ളിത്തിരചുംബനങ്ങള്‍ പുനര്‍ജനിച്ചത്. 90കള്‍ക്ക് ശേഷം ബോളിവുഡ് എല്ലാ നിയന്ത്രണങ്ങളേയും വെല്ലുവിളിച്ചു. ഇപ്പോഴിതാ പോര്‍ണോഗ്രാഫിക് നടിമാര്‍ നേരിട്ട് ടെലിവിഷന്‍ പരിപാടിയിലും വെള്ളിത്തിരയിലും മേനിപ്രകടനത്തിന് മത്സരിക്കുന്നു.

ബോളിവുഡ് അവിര്‍ഭാവ കാലമായ 1920 മുതല്‍ 30 വരെ വെള്ളിത്തിരിയില്‍ ചുംബനം സ്വാഭാവിക പ്രക്രിയയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ ജീവിതത്തിന്റെ ഉപചാരങ്ങളായും വികാരപ്രകടനങ്ങളായും അവ സിനിമയില്‍ പതിഫലിച്ചു. ചുംബനത്തില്‍ മാത്രമല്ല കിടപ്പറരംഗങ്ങളിലും അവ ഇംഗ്ലീഷ് സിനിമകളെ അനുകരിച്ചു. 1929ല്‍ മഹാഭാരതകഥയെ അധികരിച്ചിറങ്ങിയ 'എ ത്രോ ഓഫ് ഡൈസില്‍' നായിക സീതദേവിയും നായകന്‍ ചാരുറോയിയും ചുംബിക്കുന്നുണ്ട്. ദുഷിച്ച പെണ്ണിന്റെ വേഷങ്ങളില്‍ പേരുകേട്ട ലളിത പവാര്‍ 20കളിലിറങ്ങിയ 'പട്ടി ഭക്തി'യില്‍ ചുംബിക്കുന്നുണ്ട്. അല്‍പവസ്ത്രധാരിണിയായി പ്രേക്ഷകരെ അദ്യം ഞെട്ടിച്ചത് ഒരുപക്ഷെ ആദ്യകാലനടി സുബൈദ ആയിരിക്കും. ചിത്രം സറീന (1932). 40കള്‍വരെ ഹിന്ദി സിനിമകളില്‍ ചുംബനരംഗങ്ങള്‍ യഥേഷ്ടം വിനിയോഗിക്കപ്പെട്ടു. എന്നാല്‍, സ്വാതന്ത്ര്യലബ്ധിയോടെ സെന്‍സര്‍ഷിപ് നിലവില്‍ വന്നു. 1952ല്‍ നിലവില്‍ വന്ന സിനിമാട്ടോഗ്രാഫ് നിയമം വെള്ളിത്തിരയിലെ നായിക-നായക ചുംബനത്തെ ''അനുചിത പെരുമാറ്റം'' എന്ന് വിലയിരുത്തി. ഇതോടെ ചുംബനത്തിനും രതിക്കും സംവിധായകര്‍ സിംബോളിസം കൊണ്ടുവന്നു. ചുംബനത്തിനു പകരം രണ്ടു പൂക്കള്‍ അടുക്കുന്നത് കാണിച്ചു. ഇണചേരലിനു പകരം കൈവിരലുകള്‍ ഇഴചേരുന്നത് കാട്ടി. തീവ്രവികാരങ്ങള്‍ക്ക് പ്രതിരൂപമായ് അഗ്നി കാണിച്ചു. 1969ല്‍ ഇറങ്ങിയ പണംവാരിചിത്രമായ 'ആരാധന'യില്‍ ഇണചേരലിന്റെ  മൂര്‍ധന്യത കത്തിയമരുന്ന വിറകുകഷണങ്ങളിലേക്ക് ലയിപ്പിച്ച് സംവിധായകന്‍ ശക്തിസാമന്ത പുതിയ സാധ്യത തുറന്നു. പ്രണയ സിനിമകളുടെ കുത്തൊഴുക്കുണ്ടായ 50-60 ബോളിവുഡ് കാലത്ത് സെന്‍സര്‍ബോര്‍ഡിന്റെ കടുത്ത നിലപാടുകളെ ഇത്തരം സിംബലിസം കൊണ്ടാണ് ചലച്ചിത്രകാരന്മാര്‍ മറികടന്നത്. 

എന്നാല്‍, 70കളോടെ സംവിധായകര്‍ മാറ്റം പ്രഖ്യാപിച്ചു. നായികയെ കുളിവസ്ത്രത്തിലും നനഞ്ഞസാരിയിലും പ്രദര്‍ശിപ്പിച്ച് രാജ് കപൂര്‍ തിരികൊളുത്തിയത് വലിയൊരു കുത്തൊഴുക്കിനായിരുന്നു. രാജ് കപൂറിന്റെ 'ബോബി'യില്‍ (1973) നായിക ഡിംപിള്‍ കപാഡിയ അല്‍പവസ്തം ധരിച്ച് പ്രത്യക്ഷപ്പെടുകമാത്രമല്ല നായകന്‍ ഋഷികപൂറിനെ ചുംബിക്കുകയും ചെയ്തു. 'സത്യം ശിവം സുന്ദരം' (1978)സീനത്ത് അമന്റെ ശരീര സൗന്ദര്യത്തിന്റെ ആഘോഷമായി. 'റാം തേരി ഗംഗ മൈലി'യില്‍ ശശികപൂര്‍ അതും മറികടന്ന്  നനഞ്ഞ സാരി മറയാക്കി നായിക മന്ദാകിനിയുടെ മാറിടവും പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ സിനിമയിലെ പെണ്ണിന്റെ ലൈംഗിക സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രതീകമായി  ഡിംപിള്‍ കപാഡിയ മാറി. 'സാഗറില്‍' ഋഷി കപൂറിനെയും  'ജന്‍ബാസി'ല്‍ അനില്‍കപൂറിനേയും ഡിംപിള്‍ ചുംബിച്ചത് ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായി. ദയാവാനില്‍ (1988) മാധുരി ദീക്ഷിതും വിനോദ്ഖന്നയും, ഖയാമത് സേ ഖയാമത് തക്കില്‍ ജൂഹി ചൗളയും അമീര്‍ഖാനും പ്രണയരംഗങ്ങള്‍ക്ക് ചൂട്പകര്‍ന്നു. എന്നാല്‍ തൊണ്ണൂറുകള്‍ എല്ലാ നിയന്ത്രണങ്ങളുടേയും കെട്ടുപൊട്ടിച്ചു. രാജ ഹിന്ദുസ്ഥാനി(1996)യില്‍ കരിഷ്മകപൂര്‍-ആമിര്‍ഖാന്‍ ചുംബനം മിനിറ്റുകള്‍ നീണ്ടു. ചുംബനം സാധാരണമായപ്പോള്‍ 'രംഗീല'യിലൂടെ കിടപ്പറ ബീച്ചിലെത്തി. 
 
മല്ലിക ഷെറാവത്തിനെ 17 തവണ ചുംബിച്ചെങ്കിലും 'ഖ്വായിഷ'് ബോക്‌സ്ഓഫിസില്‍ വിജയിച്ചില്ല. എന്നാല്‍, അനുരാഗ്ബസുവിന്റെ 'മര്‍ഡര്‍' മല്ലികഷെറാവത്തിനെ ബോളിവുഡിന്റെ മാദകതാരമാക്കി. ഐശ്വര്യറായ്, കത്രീന കൈഫ്, കരീനകപൂര്‍, വിദ്യാബാലന്‍ തുടങ്ങിയ മുന്‍നിര നടിമാരെല്ലാം ഐറ്റം ഡാന്‍സുകാരാകാനോ ചുംബിക്കാനോ മടിച്ചില്ല. പ്രേക്ഷകനു മുന്നില്‍ പുത്തന്‍ മാദകബിംബങ്ങളെ അവതരിപ്പിക്കാനുള്ള ബോളിവുഡിന്റെ വെറിപിടിച്ച പോക്ക് ഒടുവില്‍ പോര്‍ണോഗ്രാഫിക് താരങ്ങളിലെത്തി. സ്വന്തമായി പോര്‍ണോഗ്രാഫി വിഡിയോകളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള ഇന്ത്യന്‍ വംശജയായ ക്യാനഡക്കാരി സണ്ണി ലിയോണ്‍ ആണ് ഇപ്പോള്‍ ബോളിവുഡ് പ്രേക്ഷകന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത്. 2014ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട ഇന്ത്യന്‍ വ്യക്തിത്വം സണ്ണി ലിയോണ്‍ ആണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ടാം സ്ഥാനത്ത് മാത്രം. സണ്ണിയുടെ 'രാഗിണി എംഎംഎസ്' ആണ് സിനിമകളില്‍ മുന്നില്‍. ആ തെരച്ചിലുകളെല്ലാം തന്നെ സണ്ണിലിയോണ്‍ സ്വന്തം പേരില്‍ നടത്തുന്നു മുതിര്‍ന്നവര്‍ക്കുള്ള ഔദ്യോഗിക അശ്ലീലസൈറ്റിലാണ് അവസാനിച്ചതെന്നും ഗുഗിള്‍ അടിവരയിടുന്നു. തുടക്കകാര്‍ക്ക് സണ്ണിലിയോണിന്റെ കിടപ്പറവീഡിയോകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം എന്നതാണ് പ്രലോഭനം. സ്വന്തം ശരീരം ഉപയോഗിച്ച് ബോളിവുഡിലൂടെ സണ്ണി ലിയോണ്‍ സദാചാരപരമായ/സെന്‍സര്‍ബോര്‍ഡ് അംഗീകൃത ലൈംഗികത വിറ്റഴിക്കുന്നു. ഇന്റര്‍നെറ്റിലൂടെ അതിന്റെ ബാക്കിയും.