• 30 Mar 2023
  • 06: 56 AM
Latest News arrow

"ഇങ്ങനെയാണ് മാസ്ക് തയ്‌ച്ചെടുക്കേണ്ടത്"- ഇന്ദ്രൻസിന്റെ മാസ്ക് നിർമ്മാണ വിഡിയോ വൈറൽ

തിരുവനന്തപുരം: 'കൊവിഡ്-19' പടരുന്നതിനിടെ എല്ലാവരും മാസ്‌കുകൾ ശീലമാക്കുകയാണ്. കൊറോണ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നത് സ്രവങ്ങളിലൂടെയാണ് എന്നതിനാൽ  മാസ്‌കിന് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ മാസ്കിന് പലയിടത്തും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. സാധാരണ മാസ്‌കിന്റെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി വഴികള്‍ തേടുന്നുണ്ട്. പലയിടത്തും സന്നദ്ധ പ്രവര്‍ത്തകരും രാഷ്ട്രീയ-യുവജന സംഘടനകളുമടക്കം ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി തുണികൊണ്ടുള്ള മാസ്‌ക് നിര്‍മ്മിച്ച് നല്‍കുന്നുണ്ട്.

അതിനിടെ, വീട്ടില്‍ തയ്യല്‍ മെഷീന്‍ ഉണ്ടെങ്കില്‍ ആര്‍ക്കും നിര്‍മ്മിക്കാവുന്നതേ ഉളളൂ ഈ മാസ്‌ക് എന്ന് കാണിച്ചുതരികയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്ദ്രൻസ്. മാസ്ക് എങ്ങനെ  തയ്‌ച്ചെടുക്കാം എന്നും പഠിപ്പിക്കുകയാണ് വസ്ത്രാലങ്കാര വിദഗ്ധൻ കൂടിയായ ഇന്ദ്രന്‍സ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ യൂണിറ്റില്‍ മാസ്‌ക് നിര്‍മ്മാണം നടക്കുന്നുണ്ട്. ഇവിടെ എത്തിയാണ് എങ്ങനെ മാസ്‌കുണ്ടാക്കാം എന്ന് ഇന്ദ്രന്‍സ് കാണിച്ച് തന്നത്.  നോൺ വൂവൻ ഫാബ്രിക് വയ്ക്കുന്നതിനാൽ തുണി മാസ്കുകളെക്കാൾ സംരക്ഷണം കിട്ടും. തിരിച്ചും മറിച്ചും ഞൊറിവുകൾ ഇട്ട് മൂക്കിലേക്ക് മാസ്ക് അമർന്നിരിക്കാനുള്ള ചെറിയൊരു ബാൻഡും ഇട്ട് കെട്ടാനുള്ള വള്ളികളും പിടിപ്പിക്കും. ഇങ്ങനെ മികച്ച മാസ്കാണ് 6 മിനിറ്റ് കൊണ്ട് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്.

സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ ഇന്ദ്രന്‍സിന്റെ ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുമുണ്ട്.

ഫെയ്സ് മാസ്ക് എങ്ങനെ വീട്ടിൽ നിർമ്മിക്കാമെന്ന് ചലച്ചിത്ര താരം ഇന്ദ്രൻസ് പരിചയപ്പെടുത്തുന്നു എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്.  ഇന്ദ്രൻസിന്റെ മാസ്ക് നിർമ്മാണ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.