• 30 Mar 2023
  • 07: 20 AM
Latest News arrow

രണ്ട് കിലോമീറ്റര്‍ നീളത്തില്‍ ഗുഡ്‌സ്‌ട്രെയിന്‍; അനാക്കോണ്ട ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തിലേക്ക്

ഭിലായ്: മൂന്ന് ഗുഡ്‌സ് ട്രെയിനുകള്‍ കൂട്ടിയിണക്കി രണ്ട് കിലോമീറ്റര്‍ നീളമുള്ള ട്രെയിന്‍ നിര്‍മ്മിച്ച് ഇന്ത്യന്‍ റെയില്‍വേ. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയാണ് ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ഇത്തരമൊരു ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിലെ ഭിലായില്‍ നിന്നും കോര്‍ബയിലേക്കായിരുന്നു പരീക്ഷണ ഓട്ടം. 

പരീക്ഷണ ഓട്ടത്തില്‍ 225 കിലോമീറ്ററോളം ദൂരമാണ് ഈ ട്രെയിന്‍ സഞ്ചരിച്ചത്. സാധാരണ ഗുഡ്‌സ് ട്രെയിന്‍ 7 മണിക്കൂര്‍ കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിക്കുന്നത്. എന്നാല്‍ അനാക്കോണ്ട ട്രെയിന്‍ ആറ് മണിക്കൂര്‍ കൊണ്ട് ഈ ദൂരം പിന്നിട്ടുവെന്ന് റായ്പൂര്‍ ഡിവിഷന്‍ സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍ മാനേജര്‍ പ്രകാശ് ചന്ദ് ത്രിപാഠി പറഞ്ഞു. 

700 മീറ്ററാണ് സാധാരണ ഗുഡ്‌സ് ട്രെയിനിന്റെ നീളം. 59 വാഗണുകളുള്ള 3 വണ്ടികളാണ് കൂട്ടിയിണക്കിയത്. 177 ചരക്ക് വാഗണുകള്‍ ഈ അനാക്കോണ്ട ട്രെയിനിലുണ്ട്. ഡിസ്ട്രിബ്യൂട്ടഡ് പവര്‍ കണ്‍ട്രോള്‍ സിസ്റ്റമാണ് (ഡിപിസിഎസ്) ട്രയിനില്‍ ഉപയോഗിച്ചിരിക്കുന്നത്. മുമ്പിലെ ഡീസല്‍ ലോക്കോ എഞ്ചിന്‍ തന്നെയാണ് ഇത്രയും നീളമുള്ള ഈ ട്രെയിനിനെ നിയന്ത്രിക്കുന്നത്. ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഡ്രൈവര്‍ ക്രൂ എന്നീ ഒരു സെറ്റ് ജീവനക്കാര്‍ മതി ഇത്രയും വലിയ ട്രെയിന്‍ നിയന്ത്രിക്കാന്‍. മാത്രമല്ല, ചെലവ് കുറവാണെന്നതും ഇതിന്റെ മേന്‍മയാണ്.