• 08 Jul 2020
  • 02: 20 AM
Latest News arrow

ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ സിസിടിവി ക്യാമറകള്‍; കൊവിഡിന്റെ പേരില്‍ സ്വകാര്യത ഹനിച്ച് ചൈനീസ് ഭരണകൂടം

ചൈനയിലെ ബീജിങ്ങിലുള്ള തന്റെ വീട്ടില്‍ തിരിച്ചെത്തിയ ഐറിഷ് പ്രവാസിയായ അയാന്‍ ലാഹിഫിനെയും കുടുംബത്തെയും സ്വാഗതം ചെയ്തത് വീടിന്റെ മുന്‍വശത്ത് ഘടിപ്പിച്ചിരിക്കുന്ന സിസിടിവി ക്യാമറയാണ്. രണ്ടാഴ്ചത്തെ ക്വാറന്റീനില്‍ പ്രവേശിച്ച കുടുംബത്തിനെ നിരീക്ഷിക്കാന്‍ ബീജിങ് സര്‍ക്കാര്‍ ഘടിപ്പിച്ചതാണ് ഈ നിരീക്ഷണ ക്യാമറ. ഇവരെ അറിയിക്കാതെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്യാമറ ഘടിപ്പിച്ചത്. 

''നമ്മുടെ വീടിന് പുറത്ത് നമ്മുടെ അനുമതിയില്ലാതെ ക്യാമറ ഘടിപ്പിച്ച് നമ്മളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നടപടി അങ്ങേയറ്റം സ്വകാര്യതയെ ഹനിക്കലാണ്.'' അയാന്‍ ലാഹിഫ് പറയുന്നു. വലിയ തോതിലുള്ള വിവരച്ചോര്‍ച്ചയാണിത്. ഇതിന് എത്രമാത്രം നിയമസാധുതയുണ്ടെന്ന് പരിശോധിക്കേണ്ടതാണെന്നും ലാഹിഫ് ആവശ്യപ്പെടുന്നു.

ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടിന് മുമ്പില്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കുമെന്ന ഔദ്യോഗിക അറിയിപ്പൊന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ഫെബ്രുവരി അവസാനം മുതല്‍ ചൈനയിലെ ചില നഗരങ്ങളില്‍ ഇത്തരം നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുന്നുണ്ട്. 

നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കുന്നത് സംബന്ധിച്ച് ചൈനീസ് സര്‍ക്കാരിന് പ്രത്യേക നിയമമൊന്നുമില്ല. അതുകൊണ്ട് തന്നെ ഇത്തരം ക്യാമറകള്‍ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. തെരുവുകളിലൂടെ നടന്നുപോകുന്നവരെയും ഷോപ്പിങ് മാളുകളില്‍ പോകുന്നവരെയും റെസ്‌റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരെയും ബസുകളില്‍ യാത്ര ചെയ്യുന്നവരെയും ക്ലാസ് റൂമുകളിലിരിക്കുന്ന കുട്ടികളെയും വരെ സര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. 2017 വരെയുള്ള കണക്കനുസരിച്ച് 2 കോടിയിലധികം ക്യാമറകള്‍ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചുകഴിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുമെന്നാണ് വിവരം. ഇപ്പോള്‍ ഇന്‍ഫോര്‍മ ടെകിന്റെ ഭാഗമായുള്ള ഐഎച്ച്എസ് മാര്‍കിറ്റ് ടെക്‌നോളജിയുടെ കണക്കനുസരിച്ച് 2018 വരെ 34.9 കോടി നിരീക്ഷണ ക്യാമറകള്‍ ചൈനീസ് ഭരണകൂടം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് അമേരിക്കയുടേതിനേക്കള്‍ അഞ്ചിരട്ടി കൂടുതലാണ്.

എന്നാല്‍ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ഇതുവരെ പൊതുയിടങ്ങളില്‍ മാത്രമായിരുന്ന നിരീക്ഷണ ക്യാമറകള്‍, ജനങ്ങളുടെ വീട്ടുപടിക്കല്‍ വരെയെത്തിയെന്നതാണ് വസ്തുത. ചിലയിടങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുള്ളില്‍ വരെ സര്‍ക്കാര്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ചിരിക്കുകയാണ്. ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നത് തടഞ്ഞ് രോഗവ്യാപനം ഇല്ലാതാക്കാനാണിതെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ വിശദീകരണം. 

Editors Choice