• 28 Sep 2023
  • 01: 26 PM
Latest News arrow

ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ഒന്നാം സ്ഥാനം നഷ്ടമായി

ദുബായ്: 2016 ഒക്ടോബറിന് ശേഷം ആദ്യമായി ടെസ്റ്റിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ടീം ഇന്ത്യ. വെള്ളിയാഴ്ച പുറത്തിറക്കിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ.

116 പോയന്റുമായി ഓസ്‌ട്രേലിയയാണ് ടെസ്റ്റിലെ പുതിയ രാജാക്കന്‍മാര്‍. രണ്ടാം സ്ഥാനത്ത് 115 പോയന്റുമായി ന്യൂസിലന്‍ഡാണ്. 114 പോയന്റുമായി ഇന്ത്യ മൂന്നാമതും. നാലാം സ്ഥാനത്ത് 105 പോയന്റുമായി ഇംഗ്ലണ്ടും 91 പോയന്റുമായി ശ്രീലങ്ക അഞ്ചാം സ്ഥാനത്തുമാണ്.

2016-17 സീസണില്‍ 12 ടെസ്റ്റുകളില്‍ ജയിക്കുകയും ഒരേയൊരു മത്സരം മാത്രം തോല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. കൊവിഡ് വ്യാപനത്തിന് മുന്നോടിയായി ന്യൂസിലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യ രണ്ട് ടെസ്റ്റുകളും തോറ്റ് പരമ്പര അടിയറവ് വെച്ചിരുന്നു. ഇതാണ് പുതിയ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 

അതേസമയം ഏകദിന റാങ്കിങ്ങില്‍ 119 പോയന്റുമായി ഇന്ത്യ രണ്ടാം റാങ്കിങ്ങില്‍ തിരിച്ചെത്തി. 127 പോയന്റുമായി ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ഒന്നാമത്. അതേസമയം 2011ല്‍ ട്വന്റി 20 റാങ്കിങ് നിലവില്‍ വന്ന ശേഷം ആദ്യമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തി. 278 പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള ഓസിസിന്. 268 പോയന്റുമായി ഇംഗ്ലണ്ട് രണ്ടാമതും 266 പോയന്റുമായി ഇന്ത്യ മൂന്നാമതുണ്ട്.