• 09 Dec 2022
  • 09: 12 PM
Latest News arrow

ഉള്ളില്‍ക്കരഞ്ഞുകൊണ്ട് ചിരിക്കുന്ന ഈ മാലാഖമാരിലാണ് ലോകമേ നിന്റെ ജീവനും ജീവിതവും

ചോദ്യം:പ്ലസ് ടു കഴിഞ്ഞ് എന്താണ് പ്ലാന്‍...?

ഉത്തരം: നഴ്‌സിങ്ങ്

വിലയിരുത്തല്‍: നഴ്‌സിങ്ങ് അല്ലാതെ വേറൊരു തൊഴിലും കണ്ടില്ലേ... നഴ്‌സിങ്, നഴ്‌സിങ്... നഴ്‌സുമാരെ തട്ടി നടക്കാന്‍ പറ്റുന്നില്ല ഇപ്പോള്‍ നാട്ടില്‍.

നമ്മുടെ നാട്ടില്‍ നഴ്‌സിങ് എന്ന ജോലിയോട് പൊതുവെ കാണുന്ന മനോഭാവമാണിത്. ഇന്ന് ലോകം കൊവിഡ് മഹാമാരി പരത്തിയ മരണത്തിന്റെ നിഴലില്‍ ഭീതിപൂണ്ട് കഴിയുമ്പോള്‍ അവിടെ പ്രകാശവും പ്രതീക്ഷയുമായി വരുന്നത് ഈ നഴ്‌സുമാരാണ്. വെള്ളയുടുപ്പ് അണിഞ്ഞ് പുഞ്ചിരി തൂകി സാന്ത്വനവും സൗഖ്യവും പ്രദാനം ചെയ്യുന്ന മാലാഖമാര്‍ മാത്രമല്ല അവര്‍. ബുദ്ധിമാന്‍മാരും സമ്പന്നരും കരുത്തരും പ്രമാണിമാരും ആചാര്യന്‍മാരും ഗുരുക്കന്‍മാരും എന്ന് വേണ്ട നമ്മള്‍ ഇതുവരെ മഹാന്‍മാരായി കരുതിയ സകലരും നിസ്സഹായരായി മരണത്തെ കാത്ത് നില്‍ക്കുമ്പോള്‍ അവരെയെല്ലാം വകഞ്ഞ് മാറ്റി പിറകില്‍ നിന്നും മുന്നോട്ട് വന്ന് എതൊരു മനുഷ്യന്റെയും ജീവന് രക്ഷാകവചമായി കൊവിഡിനെതിരെ പൊരുതുന്ന പടയാളികള്‍ കൂടിയാണ് ഈ മാലാഖമാര്‍. 

ഇന്ന് ഓരോ പൗരന്‍മാരുടെയും ജീവന്‍, ഭരണകൂടം അവരുടെ കയ്യില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. സമൂഹം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നതും അവരെയാണ്. സ്വന്തം കുട്ടികളെയും കുടുംബാംഗങ്ങളെയും കാണാനാകാതെ ഉറ്റവരുടെ മരണത്തിന് പോലും വീട്ടിലെത്താന്‍ കഴിയാതെ സ്വന്തം ജീവന്‍ പോലും പണയം വെച്ച് അവര്‍ കൊവിഡ് രോഗികളെ പരിചരിക്കുകയാണ്. മറ്റുള്ളവര്‍ക്ക് കൊവിഡ് വരാതെ കാത്ത് സംരക്ഷിക്കുകയാണ്. 

ശരീരമാസകലം മൂടിയ വസ്ത്രമണിഞ്ഞ് ചെല്ലുമ്പോള്‍ പകച്ചു പോകുന്ന രോഗികളോട് സുഖവിവരങ്ങള്‍ അന്വേഷിച്ച് ഭക്ഷണപൊതികളും ദാഹജലവും അത്യാവശ്യമരുന്നുകളും നല്‍കി അവരെ സാന്ത്വനപ്പെടുത്തുന്ന നഴ്‌സുമാര്‍ ചെയ്യുന്നത് ഭൂമിയിലെ ഏറ്റവും മഹത്തരമായ കര്‍മ്മമാണെന്ന് ഇന്ന് ആരും സമ്മതിക്കും.

പ്രിയപ്പെട്ടവരോ പരിചയക്കാരോ കൂടെയില്ലാതെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുന്നവരുടെ മാനസിക സമ്മര്‍ദ്ദത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നത് നഴ്‌സുമാരാണ്. അതേ മാനസിക അവസ്ഥയില്‍ കൂടി കടന്നുപോകുന്നവരാണ് നഴ്‌സുമാരും. എന്നാല്‍ അവര്‍ തങ്ങളുടെ വികാരങ്ങള്‍ക്ക് അധികം വില കല്‍പ്പിക്കാതെ രോഗികളുടെ വാശികളും ആവശ്യങ്ങളും സാധിച്ചുകൊടുക്കാന്‍ അഹോരാത്രം പണിയെടുക്കുന്നു.

മേശയില്‍ തലവെച്ചും കസേരയിലിരുന്നുമൊക്കെ ഉറങ്ങുന്ന നഴ്‌സുമാരുടെ ചിത്രങ്ങള്‍ കാണാത്തവര്‍ കുറവായിരിക്കും. കഠിനമായ അവസ്ഥയിലൂടെയാണ് ഓരോ നഴ്‌സുമാരും കടന്നുപോകുന്നത്. ഓരോ ദിവസവും നിരവധി രോഗികളെ പരിചരിക്കണം. തങ്ങളുടെ കഷ്ടപ്പാടുകള്‍ പുറത്തറിയിക്കാതെ മുഖത്ത് നിറപുഞ്ചിരിയുമായി സാന്ത്വന വാക്കുകള്‍ പറഞ്ഞ് രോഗികളെ പരിചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ നിരാശപ്പെടുത്തുന്ന അനുഭവങ്ങളും ഇവര്‍ക്കുണ്ടാകും. ഭക്ഷണം കൊടുക്കുമ്പോള്‍ ഇഷ്ടപ്പെടാതെ വലിച്ചെറിയുന്ന രോഗികളോട് പോലും അവര്‍ സ്‌നേഹത്തിന്റെ ഭാഷ കൈവെടിയില്ല. കൂട്ടിരിപ്പുകാരില്ലാത്തതിനാല്‍ രോഗികളുടെ പ്രാഥമിക കാര്യങ്ങള്‍ വരെ നോക്കുന്നത് ഇവരാണ്. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ എപ്പോഴും കയ്യടിയല്ല ഇവര്‍ക്ക് ലഭിക്കുക. വൈറസ് ബാധയേറ്റയാള്‍ എന്ന നിലയിലുള്ള അവഗണനയും ആട്ടിപ്പായിക്കലുമായിരിക്കും പലര്‍ക്കും നേരിടേണ്ടി വരുന്നത്. 

ഇതൊക്കെയാണെങ്കിലും ഈ മാലാഖമാര്‍ തളരില്ല. കൊവിഡ് മഹാമാരിയെ തുരത്തിയോടിക്കാതെ തങ്ങള്‍ക്ക് വിശ്രമമില്ലെന്ന് ഇവര്‍ ഒറ്റക്കെട്ടായി പറയുന്നു. നിരീക്ഷണകാലം കഴിഞ്ഞ് വരുമ്പോള്‍ കൊറോണ ചികിത്സയ്ക്ക് ആരെങ്കിലും ഉണ്ടെങ്കില്‍ അപ്പോഴും തന്നെ അവിടെത്തന്നെ നിയോഗിക്കണം എന്ന് പറഞ്ഞ നഴ്‌സ് രേഷ്മ, ഒരു തരി പോലും പേടിയില്ലെന്നും എന്തിന് പേടിക്കണമെന്നും ചോദിക്കുന്ന നഴ്‌സ് എസ് ബിന്ദു... ഇവരിലാണ് ഇവരെപ്പോലെയുള്ള നഴ്‌സുമാരിലാണ് ഇന്ന് ലോകത്തിലെ ഓരോ മനുഷ്യജീവിയുടെയും പ്രതീക്ഷ. ലോകം ഇന്ന് നഴ്‌സുമാരുടെ ദിനമായി കൊണ്ടാടുമ്പോള്‍ ഓരോരുത്തരുടെയും മനസ്സിലെങ്കിലും ഉണ്ടാകട്ടെ അവരോടുള്ള ആദരവും നന്ദിയും.