• 28 Sep 2023
  • 01: 27 PM
Latest News arrow

''അങ്ങിനെ ധോണി മികച്ച ഫിനിഷറായി...''; ചാപ്പലിന്റെ ഓര്‍മ്മകളിലൂടെ

''ഇന്ത്യ കൈവെടിഞ്ഞാല്‍ ടെസ്റ്റ് ക്രിക്കറ്റ് മരിക്കും. ഇന്ത്യയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ലാതെ മറ്റേതെങ്കിലും രാജ്യം ചെറുപ്പക്കാര്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിന് വേണ്ടി മെനക്കെടുമെന്ന് എനിക്ക് തോന്നുന്നില്ല.'' ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യയുടെ മുന്‍ പരിശീലകനുമായ ഗ്രേഗ് ചാപ്പല്‍ പറഞ്ഞു തുടങ്ങുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ പ്രക്ഷുബ്ദമാക്കിയ രണ്ട് വര്‍ഷക്കാലത്തിന്റെ ഉടയോനായ ചാപ്പല്‍. സര്‍ക്കസിലെ റിങ്മാസ്റ്റര്‍ക്ക് തുല്യമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിശേഷിപ്പിച്ച ചാപ്പല്‍. തന്റെ ആശയങ്ങളും ചിന്തകളും കളിക്കാരുടെമേല്‍ ചാപ്പല്‍ അടിച്ചേല്‍പ്പിക്കുമായിരുന്ന, അവര്‍ക്ക് അത് സ്വീകാര്യമാണോയെന്ന് ചിന്തിക്കാത്ത പരിശീലകന്‍ ചാപ്പല്‍. ഇപ്പോഴും അദ്ദേഹത്തിന് വിശ്വാസം ഇന്ത്യന്‍ ക്രിക്കറ്റിനെയാണ്. 

കൊവിഡ്-19, ടെസ്റ്റ് ക്രിക്കറ്റിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിച്ചെടുക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് ചാപ്പല്‍ അഭിപ്രായപ്പെടുന്നു. '' എനിക്ക് ടി20 ക്രിക്കറ്റിനോട് എതിര്‍പ്പൊന്നുമില്ല. ജനങ്ങളുടെ മുമ്പില്‍ എളുപ്പം വിറ്റഴിക്കാന്‍ പറ്റുന്ന ഒന്നാണ് ഇത്. എന്നാല്‍ ടെസ്റ്റിന്റെ കാര്യത്തില്‍ അങ്ങിനെയല്ല. പണം ഒരു വലിയ പ്രശ്‌നമാണ്. ടെസ്റ്റ് ക്രിക്കറ്റാണ് യഥാര്‍ത്ഥ ക്രിക്കറ്റ് എന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അഭിപ്രായപ്പെടുന്നത്. അതിനാല്‍ ഇന്ത്യ മൂലം ടെസ്റ്റ് ക്രിക്കറ്റ് അതിജീവിക്കുമെന്നാണ് കരുതുന്നത്.'' ചാപ്പല്‍ പറയുന്നു.

ഗ്രേഗ് ചാപ്പല്‍ ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനായിട്ടുള്ള രണ്ട് വര്‍ഷക്കാലം ആകെ സംഘര്‍ഷഭരിതമായിരുന്നു. സര്‍ക്കസിലെ റിങ്മാസ്റ്ററെപ്പോലെയായിരുന്നു അദ്ദേഹമെന്ന് 'പ്ലെയിങ് ഇറ്റ് മൈ വേ' എന്ന പുസ്തകത്തില്‍ സച്ചിന്‍ വിശേഷിപ്പിക്കുന്നു. എന്നാല്‍ ഗ്രേഗ് ചാപ്പലിന് മുമ്പുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവസ്ഥ അത്ര മികച്ചതായിരുന്നില്ല. അദ്ദേഹം പരിശീലകനായെത്തി ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ഇന്ത്യ സ്വന്തമാക്കിയത് 17 വിജയങ്ങളാണ്. അദ്ദേഹത്തിന്റെ കാലത്താണ് 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ കരീബിയയില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ആ കാലത്ത് തന്നെ, അതായത് 2006ല്‍ ഇന്ത്യ ആദ്യമായി സൗത്ത് ആഫ്രിക്കയില്‍ ഒരു ടെസ്റ്റ് വിജയവും കരസ്ഥമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റിന് ചാപ്പല്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് മഹേന്ദ്ര സിങ് ധോണി. ധോണിയുടെ കഴിവില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ എല്ലാ ബോളും അതിര്‍ത്തി പായിക്കണമെന്ന് ആഗ്രഹിച്ച ഒരു കളിക്കാരനില്‍ നിന്നും വിജയകരമായി കളി പൂര്‍ത്തിയാക്കുന്ന കളിക്കാരനിലേക്കുള്ള ധോണിയുടെ പരിണാമത്തിന് പങ്ക് വഹിച്ചത് ചാപ്പലാണ്. 

'' ധോണി ബാറ്റ് ചെയ്യുന്നത് ആദ്യം കണ്ട ഞാന്‍ സ്തംഭിച്ചുപോയി. അക്കാലത്തെ ആശ്ചര്യപ്പെടുത്തുന്ന ഒരു കളിക്കാരനായിരുന്നു ധോണി. തികച്ചും അവിചാരിതമായ സ്ഥാനങ്ങളില്‍ നിന്നാണ് ധോണി ഓരോ പന്തും അടിക്കുന്നത്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തനായ കളിക്കാരനാണ് അദ്ദേഹം.'' ചാപ്പല്‍ പറയുന്നു.

''ഞാന്‍ ഓര്‍ക്കുന്നുണ്ട്, ശ്രീലങ്കയ്‌ക്കെതിരെ ധോണി അടിച്ചെടുത്ത ആ 183 റണ്‍സ്. അദ്ദേഹം ശ്രീലങ്കയെ വലിച്ചുകീറുകയാണ്. ഇതാണ് പവര്‍ ഹിറ്റിങ്. അടുത്ത് ദിവസം പൂണെയിലായിരുന്നു മാച്ച്. ഞാന്‍ എംഎസിനോട് ചോദിച്ചു. എന്തുകൊണ്ടാണ് ഗ്രൗണ്ടില്‍ നിന്ന് കളിക്കുന്നതിന് പകരം എല്ലാ പന്തും അതിര്‍ത്തി കടത്തുന്നതില്‍ ശ്രദ്ധിക്കുന്നത്. അപ്പോള്‍ നമ്മുക്ക് 20 റണ്‍സ് മാത്രം മതിയായിരുന്നു ജയിക്കാന്‍. ധോണി എന്നോട് ചോദിച്ചു, ''12-ാമനായ ആര്‍പി സിങ് എത്തുമ്പോള്‍ ഞാന്‍ സിക്‌സ് അടിച്ചോട്ടെ''. ഞാന്‍ അവനോട് പറഞ്ഞു, ലക്ഷ്യം ഒറ്റ സംഖ്യയാകുന്നതുവരെ സിക്‌സ് അടിക്കരുത്. അങ്ങിനെ ജയിക്കാന്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ ധോണി സിക്‌സ് അടിച്ചു.'' ചാപ്പല്‍ ഓര്‍ത്തെടുക്കുന്നു.

'' നിനക്ക് കളി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്ന് ചോദിച്ച് ഞാന്‍ എപ്പോഴും അവനെ വെല്ലുവിളിക്കും. അതിന് മറുപടിയായി ഓരോ തവണയും വിജയ റണ്‍സ് നേടിക്കഴിയുമ്പോള്‍ അവന്റെ മുഖത്ത് ഒരു ചിരി തെളിയും. ക്രിക്കറ്റ് കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഫിനിഷര്‍ ആണ് ധോണിയെന്നതിന് ഒരു സംശയവുമില്ല.'' ഗ്രേഗ് ചാപ്പല്‍ പറഞ്ഞുനിര്‍ത്തുന്നു.