• 27 Jul 2021
  • 08: 31 AM
Latest News arrow

ജയില്‍ മോചിതരായിട്ടും ഈ തടവുപുള്ളികള്‍ എന്തുകൊണ്ടാണ് സന്തോഷിക്കാത്തത്?

കൊലപാതകക്കുറ്റം ആരോപിച്ച് വിചാരണത്തടവുകാരനായി തിഹാര്‍ ജയില്‍ കഴിയുകയായിരുന്നു ദീപക്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മെയ് നാലാം തിയതി രാവിലെ പത്ത് മണിയ്ക്ക് ജയില്‍ അധികൃതര്‍ ഒരു കത്ത് നല്‍കി ദീപകിന് ജാമ്യം അനുവദിച്ചു. ടിബി രോഗബാധിതനായിരുന്നു 33 വയസ്സുകാരനായ ദീപക്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ വിചാരണത്തടവുകാരനായ ഇയാളുടെ ജീവിതം ആശുപത്രിയിലും ജയിലിലുമായിട്ടാണ്. ശാരീരികമായി അവശനായ ദീപക്കിന് നടക്കാനും ബുദ്ധിമുട്ടുണ്ട്. ''എന്റെ നിഴലാണ് ഞാനിപ്പോള്‍'' ദീപക് പറയുന്നു. 

ആ രാത്രിയില്‍ 5 പേര്‍ക്കാണ് ജയില്‍ അധികൃതര്‍ ജാമ്യം അനുവദിച്ചത്. ജയിലില്‍ പണിയെടുത്തതില്‍ നിന്നും ലഭിച്ച 500 രൂപയുമായി ദീപകും കൂടെയുള്ളവരും പുറത്തിറങ്ങി. അതില്‍ രണ്ട് പേര്‍ പണക്കാരായിരുന്നു. അതിനാല്‍ അവരുടെ ഡ്രൈവര്‍മാര്‍ കാറുമായി അവരെ കൂട്ടാന്‍ വന്നു. ജയില്‍ നിന്ന് ജാമ്യം ലഭിച്ച ദിവസം ദീപക് തന്റെ വീട്ടുകാരെ വിവരമറിയിച്ചിരുന്നു. എന്നാല്‍ അന്നേ ദിവസം ദീപകിനെ കൂട്ടിക്കൊണ്ടുപോകാന്‍ ആരും എത്തിയില്ല. 

ജയിലറയില്‍ നിന്നും മുറ്റത്തേയ്ക്ക് വരെ ഇറങ്ങുമ്പോള്‍ കടുത്ത വേദന അനുഭവപ്പെടാറുള്ള ദീപക് 30 കിലോമീറ്റര്‍ അകലെയുള്ള ബദാര്‍പൂരിലേക്ക് നടക്കുവാന്‍ തുടങ്ങി. അന്ന് ജാമ്യം കിട്ടിയ മറ്റൊരാളും ദീപകിനൊപ്പമുണ്ടായിരുന്നു. ഇരുവരും കുറേ ദൂരം  റോഡിലൂടെ നടന്നു. ആ സമയം റോഡില്‍ ഒരു വാഹനം പോലുമില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വണ്ടി ഇരുവരെയും കടന്നുപോയി. കൈകാട്ടിയിട്ടും അയാള്‍ നിര്‍ത്തിയില്ല. പിന്നെയും കുറേ ദൂരം മുന്നോട്ടുപോയി. ഇരുവര്‍ക്കും നന്നായി ദാഹിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു കട പോലും തുറന്നിരുന്നില്ല. 

ഏകദേശം അഞ്ച് മണിക്കൂര്‍ നീണ്ട നടത്തത്തിനൊടുവില്‍ ദീപക് വീട്ടിലെത്തിച്ചേര്‍ന്നു. വീട്ടിലെത്തിയ അദ്ദേഹം കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ്. എങ്കിലും വീട്ടിലെത്തിച്ചേര്‍ന്നതിലുള്ള സന്തോഷത്തിലാണ് ദീപക്.

മാര്‍ച്ച് 31-ാം തിയതിയാണ് ആസിഫിന് പരോള്‍ കിട്ടിയത്. 2019 ഒക്ടോബര്‍ മുതല്‍ മുംബൈയിലെ താലോജ ജയിലിലെ അന്തേവാസിയാണ് ആസിഫ്. 1000 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആസിഫും വിചാരണ കാത്ത് കഴിയുകയായിരുന്നു. വിവാഹമോചിതനായ ഇയാള്‍ക്ക് വീട് എന്ന് വിളിക്കാന്‍ ഒരു കെട്ടിടമില്ല. ദിവസങ്ങളോളം നടുറോഡില്‍ അലയുകയായിരുന്നു ഇയാള്‍. ഒടുവില്‍ മുംബൈയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള രായ്ഗര്‍ ജില്ലയിലെ മഹദിലുള്ള വാടക വീട്ടിലേക്ക് പോകാന്‍ ആസിഫ് തീരുമാനിച്ചു. കയ്യില്‍ കാശൊന്നുമില്ലാതെ ഒരുവിധത്തില്‍ ആസിഫ് വീട്ടിലെത്തി. പക്ഷേ, അയാള്‍ വന്നതോടെ അയല്‍പക്കക്കാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ആസിഫിന്റെയും അയാളുടെ രോഗിയായ അമ്മയെയും അവിടെ നിന്ന് ആട്ടിയോടിക്കാനായി അവരുടെ ശ്രമം. ''ഞാന്‍ മുംബൈയില്‍ നിന്ന് വന്നതുകൊണ്ട് എനിക്ക് കൊറോണയുണ്ടെന്നാണ് അവര്‍ പറയുന്നത്. ഞങ്ങള്‍ അവിടെ വാടകയ്ക്ക് താമസിക്കുകയാണ്. അതിനാല്‍ അവിടം വിടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.'' ആസിഫ് പറയുന്നു. 

വീണ്ടും റോഡിലായ ആസിഫ് ഒടുവില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി. എന്നാല്‍ അവിടെയുള്ള അല്‍പക്കക്കാരും ആസിഫിനെ ഓടിച്ചു. പിന്നെ സാമൂഹ്യപ്രവര്‍ത്തകനായ മനോഹര്‍ ഫന്‍സേക്കര്‍ ഒരുക്കിക്കൊടുത്ത ഒരു താല്‍ക്കാലിക കേന്ദ്രത്തില്‍ ആസിഫ് കുറച്ച്  ദിവസം കഴിഞ്ഞു. 45 ദിവസം മാത്രമാണ് ആസിഫിന് അവിടെ കഴിയാന്‍ സാധിച്ചത്. പിന്നെ അവിടെ നിന്നും ഇറങ്ങേണ്ടി വന്ന ആസിഫ് അമ്മയോടൊപ്പം മഹദില്‍ ഒളിച്ച് താമസിക്കുകയാണ് ഇപ്പോള്‍.

ദീപകും ആസിഫും ഒരുവിധത്തില്‍ വീട്ടിലെത്തിപ്പെട്ടു. എന്നാല്‍ എല്ലാവരുടെയും സ്ഥിതി ഇതല്ല. പൂനെ യെര്‍വാദ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ഒരു തടവുകാരന്‍ ഏപ്രിലില്‍ മാസത്തില്‍ കൊല ചെയ്യപ്പെട്ടതായി കാണപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്. 

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജയിലുകളിലെ തിരക്ക് ഒഴിവാക്കാന്‍ നിരവധിപ്പേര്‍ക്കാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജയില്‍ മോചിതരായി സ്വാതന്ത്ര്യം കിട്ടിയിട്ടും അത് സന്തോഷത്തോടെ അനുഭവിക്കാന്‍ ഇവരില്‍ പലര്‍ക്കും സാധിക്കുന്നില്ല. ഇതിനേക്കാള്‍ ഭേദം ജയില്‍ തന്നെയാണെന്നാണ് ഇപ്പോള്‍ ഇവര്‍ വിചാരിക്കുന്നത്.