• 28 Sep 2023
  • 01: 13 PM
Latest News arrow

ഇന്ത്യയുടെ യഥാര്‍ത്ഥ ഇതിഹാസം; ബല്‍ബീര്‍ സിങ്ങിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: തിങ്കളാഴ്ച അന്തരിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ്ങ് സീനിയറിന് ആദരാഞ്ജലികളര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. യഥാര്‍ത്ഥ ഇതിഹാസമായിരുന്നു ബല്‍ബീര്‍ സിങ്ങ് എന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ രവി ശാസ്ത്രി കുറിച്ചു. 

ഇതിഹാസം ബല്‍ബീര്‍ സിങ്ങിന്റെ വിയോഗത്തെക്കുറിച്ച് കേട്ടപ്പോള്‍ ദു:ഖം തോന്നിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും ഈ സങ്കടകരമായ നിമിഷത്തില്‍ നേരുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കുറിച്ചു. 

ബല്‍ബീര്‍ സിങ്ങിന്റെ നേട്ടങ്ങളിലേക്ക് നോക്കുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടുപോകുമെന്ന് ഹര്‍ഭജന്‍ സിങും കുറിച്ചു. മൂന്ന് ഒളിംപിക്‌സ് സ്വര്‍ണമെഡല്‍, ഒളിംപിക്‌സ് ഫൈനല്‍ മത്സരത്തില്‍ അഞ്ച് ഗോളുകള്‍, ലോകകപ്പ് ജയിച്ച ടീമിന്റെ മാനേജര്‍.... ഇദ്ദേഹം തീര്‍ച്ചയായും ഇന്ത്യയുടെ കായിക മേഖലയിലെ ഐക്കണാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ഹര്‍ഭജന്‍ പറഞ്ഞു. 

മുന്‍ ഇന്ത്യന്‍ താരങ്ങളായ ബിഷന്‍ സിങ് ബേദിയും അനില്‍ കുംബ്ലൈയും ബല്‍ബീര്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചിച്ചു. 

ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഹോക്കി താരമാണ് ബല്‍ബീര്‍ സിങ്. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് ബല്‍ബീര്‍ സിങ് അന്തരിച്ചത്.