• 27 Jul 2021
  • 08: 00 AM
Latest News arrow

അതിര്‍ത്തിയില്‍ ചൈന നടത്തുന്ന 'കുത്തിത്തിരിപ്പ്' എന്തിന്?

ലോകം മുഴുവന്‍ കൊവിഡ് മഹാമാരി താണ്ഡവനൃത്തമാടുകയും അതിനെ തുരത്താന്‍ സകലരാജ്യങ്ങളും 'പതിനെട്ടടവുകളും' പ്രയോഗിക്കുമ്പോഴാണ് ചൈന ഇന്ത്യയുമായി പങ്കിടുന്ന അതിര്‍ത്തിയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്‌. ലഡാക്കിന്റെ കിഴക്ക് ഭാഗത്തും സിക്കിമിന്റെ വടക്ക് ഭാഗത്തും ഈ മാസം തുടക്കം മുതല്‍ ചൈന അതിര്‍ത്തിലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 

മെയ് അഞ്ചിന് കിഴക്കന്‍ ലഡാക്കിലായിരുന്നു ആദ്യ കടന്നുകയറ്റം. ഇവിടെയുള്ള ഗാല്‍വന്‍ താഴ്‌വരയില്‍ തമ്പടിച്ചിരുന്ന ഇന്ത്യന്‍ സൈനികരുമായി ചൈനീസ് സൈനികര്‍ ഏറ്റുമുട്ടി. ഇതില്‍ ഇരുഭാഗത്തെയും സൈനികര്‍ക്ക് പരിക്കേറ്റു. മൂന്ന് ദിവസത്തിന് ശേഷം മെയ് എട്ടാം തിയതി വടക്കന്‍ സിക്കിമിന്റെ നാഥുലാ ചുരത്തിന് സമീപവും ചൈന കടന്നുകയറി. 150 വരുന്ന സൈനികര്‍ ഇരു ഭാഗത്ത് നിന്നും ഏറ്റുമുട്ടി. വളരെ തന്ത്രപ്രധാനമായ ഈ രണ്ട് പ്രദേശങ്ങളിലും ഈ കൊറോണക്കാലത്ത് ചൈന കടന്നുകയറ്റം നടത്തിയത് എന്തിനാണെന്ന ചോദ്യമാണ് വിശകലനം ചെയ്യുന്നത്.

ഗല്‍വാന്‍ താഴ്‌വര

അതിര്‍ത്തിയിലെ അക്‌സായ് ചിന്‍ വഴി ചൈയുടെ ഒരു ദേശീയ പാത കടന്നുപോകുന്നുണ്ട്. ഇത് ചൈനയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഷിന്‍ ജിയാങ് പ്രവിശ്യയിലേക്കെത്തുന്നു. ഈ ദേശീയ പാത കടന്നുപോകുന്നത് ഗല്‍വാന്‍ താഴ്‌വരയിലൂടെയാണ്. ഷിന്‍ ജിയാങ് പ്രവശ്യയിലാണ് ചൈനയുടെ വിഘടനവാദികളായ ഉയ്ഖുര്‍ മുസ്ലീംകളുള്ളത്. ഗല്‍വാന്‍ താഴ്‌വരയുടെ നിയന്ത്രണം കിട്ടിയാല്‍ ഉയ്ഖൂര്‍ മുസ്ലീംകളെ ചൈനയ്ക്ക് അടിച്ചമര്‍ത്താന്‍ കഴിയും. 

നാഥുലാ ചുരം

വടക്കന്‍ സിക്കിമില്‍ നിന്ന് ടിബറ്റിലേക്കുള്ള പ്രവേശന കവാടമാണ് നാഥുലാ. അതുകൊണ്ട് തന്നെ ഇത് സംഘര്‍ഷബാധിത പ്രദേശമായി. 1967ല്‍ നാഥുലാ ചുരത്തില്‍ കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളത്തെ ഇന്ത്യ തുരത്തിയിരുന്നു.

പൊതുവേ തര്‍ക്കപ്രദേശങ്ങളായ ഇവിടെ പെട്ടെന്ന് ചൈന കടന്നുകയറ്റത്തിന് ശ്രമിച്ചതിന് അഞ്ച് കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതില്‍ ചൈനയുടെ ഒരു നിയമവും അമേരിക്കയുടെ മൂന്ന് നിയമങ്ങളും കൊവിഡ് വൈറസും പെടുന്നു. ചൈനയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന ഈ നിയമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും കൊവിഡ് മൂലം തകര്‍ന്ന ചൈനീസ് ഭരണാധികാരിയുടെ പ്രതിച്ഛായ തിരിച്ചുപിടിക്കാനുമാണ് ഈ കുത്തിത്തിരിപ്പ് എന്നാണ് വിദഗ്ധരുടെ ഭാഷ്യം.

1) ചൈനയുടെ നിയമം

ടിബറ്റിന്റെ ചൈനാവല്‍ക്കരണത്തിന് വേണ്ടി കഴിഞ്ഞ ജനുവരിയില്‍ ചൈനയുടെ പാര്‍ലമെന്റായ പീപ്പിള്‍സ് കോണ്‍ഗ്രസ് പാസാക്കിയ അഖണ്ഡതാ നിയമമാണ് ഇത്. ടിബറ്റന്‍ ജനതയുടെ സംസ്‌കാരവും മതവിശ്വാസവും പാരമ്പര്യവും ഉന്‍മൂലനം ചെയ്യുന്നതിന് വേണ്ടിയാണ് ഈ നിയമം. ഇതിനെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ എതിര്‍ക്കുന്നു.

2) യുഎസിന്റെ നിയമം- 1

ഹോങ്കോങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് പാസാക്കിയ നിയമമാണ് ആദ്യത്തേത്. ഈ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ചൈനീസ്, ഹോങ്കോങ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്ന ഫെഡറല്‍ നിയമമാണിത്.

3) യുഎസിന്റെ നിയമം - 2

ഉയ്ഖൂര്‍ മനുഷ്യാവകാശ ബില്ലാണിത്.  ഷിന്‍ ജിയാങ് പ്രവിശ്യയിലെ വിഘടനവാദികളായ ഉയ്ഖൂര്‍ മുസ്ലീംകളെ അടിച്ചമര്‍ത്തുന്നത് ഉയര്‍ത്തിക്കാട്ടി ചൈനയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റിനെ അധികാരപ്പെടുത്തുന്ന ബില്ലാണിത്. 

4) യുഎസിന്റെ നിയമം -3

ടിബറ്റന്‍ നയവും പിന്തുണയും സംബന്ധിച്ച ബില്ലാണിത്. ദലൈ ലാമയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതില്‍ ഇടപെട്ടാല്‍ ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തേണ്ട ഉപരോധങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബില്ലാണിത്. ടിബറ്റില്‍ യുഎസിന്റെ നയതന്ത്ര കാര്യാലയം സ്ഥാപിക്കുന്നതിനെക്കുറിച്ചും ബില്ലിലുണ്ട്. 

5) കൊവിഡ് മൂലം നഷ്ടപ്പെട്ട പ്രതിച്ഛായ

കൊവിഡ് മഹാമാരിയുടെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന രാജ്യമാണ് ചൈന. കൊവിഡിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന നടത്തുന്ന അന്വേഷണത്തെ ഇന്ത്യ പിന്തുണച്ചിരുന്നു. മാത്രമല്ല, കൊവിഡ് പ്രതിസന്ധിയുടെ മറവില്‍ ഇന്ത്യന്‍ കമ്പനികളില്‍ ചൈന വ്യാപമായി നിക്ഷേപം നടത്തുന്നതിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേള്‍ക്കേണ്ടി വന്ന ആഗോള പഴിയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ മങ്ങിയ പ്രതിച്ഛായയും ജനപ്രീതിയും തിരിച്ചുപിടിക്കാനുമാണ് അതിര്‍ത്തിയിലെ ഈ കുത്തിത്തിരിപ്പ്.