• 08 Jul 2020
  • 04: 21 AM
Latest News arrow

ഉത്രയ്ക്ക് ആദ്യം പായസത്തിലും രണ്ടാമത് പഴച്ചാറിലും ഉറക്കഗുളിക നല്‍കി; ചോദ്യം ചെയ്യലില്‍ സൂരജ്

കൊല്ലം: പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയതായി പ്രതി സൂരജ്. ആദ്യം പാമ്പിനെക്കൊണ്ട് കടിപ്പിച്ചപ്പോള്‍ പായസത്തിലും രണ്ടാമത് കടിപ്പിച്ചപ്പോള്‍ പഴച്ചാറിലുമാണ് സൂരജ് ഉറക്കഗുളിക കലര്‍ത്തിയത്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചിട്ടുണ്ട്. എങ്കിലും ഉത്രയുടെ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാല്‍ മാത്രമേ പൊലീസ് അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ.

ഉത്രയെ കൊല്ലാനുള്ള ആദ്യ ശ്രമത്തില്‍ പായസത്തില്‍ ഉറക്കഗുളിക നല്‍കിയെങ്കിലും പാമ്പ് കടിയേറ്റപ്പോള്‍ ഉത്ര ഉണര്‍ന്ന് നിലവിളിച്ചു. ഇതോടെ രണ്ടാമത്തെ ശ്രമത്തില്‍ പഴച്ചാറില്‍ കൂടുതല്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി. പത്തനംതിട്ട അടൂരില്‍ സൂരജ് ജോലി ചെയ്തിരുന്ന ഓഫീസിന്റെ സമീപത്തുള്ള മരുന്ന് കടയില്‍ നിന്നാണ് ഉറക്കഗുളിക വാങ്ങിയത്. പൊലീസ് സൂരജിനെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തി. 

കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുകയാണ്. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. സൂരജിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. രണ്ടാം പ്രതി സുരേഷിനെ അയാളുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സുരേഷിന്റെ വീട്ടില്‍ നിന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയ പാമ്പിനെ വനത്തില്‍ തുറന്നു വിട്ടു. 

Editors Choice