• 08 Jul 2020
  • 02: 28 AM
Latest News arrow

മദ്യം വിറ്റു തുടങ്ങി; ബെവ് ക്യൂ ആപ്പില്‍ സാങ്കേതിക തടസ്സം; ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്നില്ല

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ച മദ്യശാലകള്‍ ഇന്ന് തുറന്നു. രാവിലെ ഒമ്പത് മണി മുതല്‍ മദ്യ വിതരണം ആരംഭിച്ചിട്ടുണ്ട്. ക്യൂവില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് നില്‍ക്കാന്‍ അനുമതിയുണ്ടാവുക. എവിടെയും കാര്യമായ തിരക്കൊന്നും ആദ്യ മണിക്കൂറുകളില്‍ അനുഭവപ്പെട്ടിട്ടില്ല. അതേസമയം ടോക്കണ്‍ വിതരണത്തിനായി തയ്യാറാക്കിയ ആപ്പില്‍ സാങ്കേതിക തടസ്സം തുടരുകയാണ്. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്നില്ല. 

ക്യൂ ആര്‍ കോഡ് സ്‌കാനിങ്ങിനും ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ കാണാനും വേണ്ടി ബാറുടമകള്‍ക്കും ബിവറേജ് അധികൃതര്‍ക്കുമായി തയ്യാറാക്കിയ ആപ്പും ഇതുവരെ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിട്ടില്ല. അതിനാല്‍ വ്യാജ ടോക്കണ്‍ വന്നാല്‍ തിരിച്ചറിയാനാകില്ലെന്ന് ബാറുടമകള്‍ പരാതിപ്പെടുന്നുണ്ട്. ടോക്കണ്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കാത്തയിടങ്ങളില്‍ ബില്‍ നല്‍കി മദ്യം നല്‍കാനാണ് തീരുമാനം. 

നേരത്തെ തന്നെ ബെവ് ക്യൂ ആപ്പിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. പലര്‍ക്കും മണിക്കൂറുകള്‍ കഴിഞ്ഞാണ് ഒടിപി വരുന്നത്. ചിലര്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ല. ഹാങ് ആകുന്ന പ്രശ്‌നവുമുണ്ട്. പ്ലേ സ്‌റ്റേറില്‍ ലഭ്യമാണെങ്കിലും ടൈപ്പ് ചെയ്തുകൊടുക്കുന്ന ഉടന്‍ തന്നെ ആപ്പ് സെര്‍ച്ചില്‍ കാണുന്നില്ല. നിര്‍മ്മാതാക്കള്‍ നല്‍കിയ ലിങ്ക് മുഖേനെയാണ് ആളുകള്‍ ഇപ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത്. 

കടുത്ത നിയന്ത്രണമാണ് മദ്യവില്‍പ്പന ശാലകള്‍ക്ക് മുമ്പില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് അഞ്ച് മണി വരെയാണ് മദ്യം ലഭിക്കുക. ബവ് ക്യൂ ആപ്പ് വഴി ടോക്കണ്‍ ലഭിച്ചവര്‍ക്കാണ് മദ്യം വാങ്ങാന്‍ സാധിക്കുന്നത്. ഇതുവരെ രണ്ട് ലക്ഷത്തി പതിനയ്യായിരത്തില്‍ അധികം ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്നലെ വൈകിട്ട് നാല് മണി മുതല്‍ ബെവ്ക്യൂ ആപ്പില്‍ നിന്ന് ടോക്കണ്‍ ലഭിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചിരുന്നെങ്കിലും രാത്രി പത്ത് മണിയ്ക്ക് ശേഷമാണ് ടോക്കണ്‍ ലഭിച്ചു തുടങ്ങിയത്. രാവിലെ ആറ് മണി വരെ ബുക്കിങ് നടത്താന്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ രാവിലെ ഒമ്പത് മണി വരെ ബുക്ക് ചെയ്ത് ടോക്കണ്‍ വാങ്ങുന്നവര്‍ക്ക് ഇന്ന് മദ്യം ലഭിക്കും. 

ഇന്ന് മദ്യം വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ അഞ്ച് ദിവസം കഴിഞ്ഞേ മദ്യം വാങ്ങാന്‍ സാധിക്കുകയുള്ളൂ. ടോക്കണിലെ QR കോഡ് വേരിഫൈ ചെയ്തതിന് ശേഷമേ മദ്യം നല്‍കൂ. എസ്എംഎസ് മുഖേനയും മദ്യം വാങ്ങാം. ടോക്കണ്‍ ഇല്ലാതെ കൗണ്ടറിന് മുമ്പിലെത്തിയാല്‍ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. 

Editors Choice