• 08 Jul 2020
  • 05: 03 AM
Latest News arrow

ഇന്ത്യയില്‍ 12.2 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായി; 68 ശതമാനം ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 12.2 കോടി ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കുകള്‍. ഇന്ത്യന്‍ സമ്പദ്ഘടന നിരീക്ഷിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ എക്കണോമി (സിഎംഐഇ) എന്ന സ്വകാര്യ സ്ഥാപനത്തിന്റേതാണ് റിപ്പോര്‍ട്ട്. കൊവിഡ്-19 പ്രതിസന്ധി ദിവസ വേതനക്കാരെയും ചെറുകിട ബിസിനസ്സില്‍ ജോലി ചെയ്യുന്നവരെയും രൂക്ഷമായി ബാധിച്ചു. 

ലോകബാങ്ക് നിര്‍ണയിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയാകുന്ന ഇന്ത്യക്കാരുടെ എണ്ണം 10.4 കോടിയാകും. ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ 60 ശതമാനത്തില്‍ നിന്ന് 68 ശതമാനമായി ഉയരും. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിമുഖീകരിച്ച സാഹചര്യത്തിലേക്കാണ് രാജ്യം വീണ്ടും പൊയ്‌ക്കൊണ്ടിരിക്കുന്നത്. 

ലോകബാങ്ക് അടുത്ത കാലത്ത് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഇന്ത്യ എടുത്തുപറയത്തക്ക നേട്ടം കൈവരിച്ചതായും ദരിദ്ര രാജ്യമെന്ന പദവിയില്‍ നിന്ന് മാറിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ നേട്ടങ്ങള്‍ ലോക്ക്ഡൗണോടെ ഇല്ലാതായിരിക്കുകയാണ്. 

കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യന്‍ സാമ്പത്തികരംഗം മെല്ലെപ്പോക്കിലാണ് മാര്‍ച്ച് -25ന് നിലവില്‍ വന്ന ലോക്ക്ഡൗണ്‍ അതിന്റെ ആഘാതം വര്‍ധിപ്പിച്ചു. അതുകൊണ്ടാണ് രോഗവ്യാപനം വര്‍ധിക്കുമ്പോഴും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നത്. 

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി ഉത്തേജന പാക്കേജ് പഖ്യാപിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ ഇന്ത്യന്‍ സമ്പദ് വ്യസസ്ഥയ്ക്കുണ്ടായ തകര്‍ച്ചയുമായി നോക്കുമ്പോള്‍ ഈ ഉത്തേജന പാക്കേജ് അതിന്റെ ഒരു ഭാഗം മാത്രമേ വരുന്നുള്ളൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊവിഡ് 19 ഇന്ത്യയില്‍ നിലവിലുള്ള അസമത്വങ്ങളെ കുറേക്കൂടി വലുതാക്കുകയാണ് ചെയ്യുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

Editors Choice