• 22 Oct 2020
  • 02: 55 AM
Latest News arrow

എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും പ്രഭാഷകനും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എംപി വീരേന്ദ്രകുമാര്‍ എംപി (84) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11.30 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനതാദളിന്റെ സംസ്ഥാന പ്രസിഡന്റായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യസഭയിലും ലോക്‌സഭയിലും അംഗമായിരുന്ന വിരേന്ദ്രകുമാര്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

1937 ജൂലൈ 22ന് വയനാട്ടിലെ കല്‍പ്പറ്റയില്‍ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എംകെ പത്മപ്രഭാ ഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായിട്ടാണ് എംപി വീരേന്ദ്രകുമാര്‍ ജനിച്ചത്. വയനാട്ടിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അതിന് ശേഷം കോഴിക്കോട് സാമൂതിരി കോളേജില്‍ നിന്ന് ബിരുദവും മദിരാശി വിവേകാനന്ദ കോളേജില്‍ നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎ ബിരുദവും നേടി. ശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു.

1979 നവംബര്‍ 11 നാണ് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി എംപി വീരേന്ദ്രകുമാര്‍ നിയമിതനാകുന്നത്. തുടര്‍ന്ന് പത്രപ്രവര്‍ത്തന മേഖലയില്‍ നിരവധി സ്ഥാനങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ അദ്ദേഹം, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) വൈസ് ചെയര്‍മാനായും  പിടിഐ ട്രസ്റ്റിയായും ഇന്റര്‍നാഷ്ണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പറായും കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പറായും വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ക്കേ, സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി എംപി വീരേന്ദ്രകുമാറിന് ബന്ധമുണ്ടായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന ജയപ്രകാശ് നാരായണനാണ് വീരേന്ദ്രകുമാറിനെ പാര്‍ട്ടിയില്‍ ചേര്‍ത്തത്. അടിയന്തരാവസ്ഥ കാലത്ത് സജീവ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും തുടര്‍ന്ന് അദ്ദേഹത്തിന് ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. 

1987ല്‍ കേരള നിയമസഭയില്‍ അംഗമായ വീരേന്ദ്രകുമാര്‍ വനംവകുപ്പ് മന്ത്രിയുമായി. മന്ത്രിയായി ചുമതലയേറ്റ ഉടന്‍ തന്നെ വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്ന് അദ്ദേഹം ഉത്തരവിട്ടു. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും ചെയ്തു. 

പീന്നീട് കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായ എംപി വീരേന്ദ്രകുമാര്‍ തൊഴില്‍ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004-09 കാലഘട്ടത്തില്‍ പാര്‍ലമെന്റ് അംഗവുമായിരുന്നു അദ്ദേഹം.

നല്ലൊരു എഴുത്തുകാരന്‍ കൂടിയായ എംപി വീരേന്ദ്രകുമാര്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഹൈമവതഭൂവില്‍, ആമസോണും കുറേ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങള്‍ സ്മരണകള്‍, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, ഡാന്യൂബ് സാക്ഷി, സ്മൃതിചിത്രങ്ങള്‍, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോള്‍, പ്രതിഭയുടെ വേരുകള്‍ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, രോഷത്തിന്റെ വിത്തുകള്‍, രാമന്റെ ദു:ഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി തുടങ്ങിയ അദ്ദേഹത്തിന്റെ രചനകളില്‍ ചിലതാണ്.

നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മഹാകവി ജി സ്മാരക അവാര്‍ഡ് (1996), ഓടക്കുഴല്‍ അവാര്‍ഡ് (1997), സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്  (1997), കേസരി സ്മാരക അവാര്‍ഡ് (1998), വയലാര്‍ അവാര്‍ഡ് (2008), ഏറ്റവും മികച്ച യാത്രാവിവരണ കൃതിയ്ക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2010), തുടങ്ങിയവ അവയില്‍ ചിലത് മാത്രം. ഹൈമതഭൂവില്‍ ഹിന്ദിയിലേക്കും തമിഴിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 

ഭാര്യ: ഉഷ വീരേന്ദ്രകുമാര്‍. മക്കള്‍ : എംവി ശ്രോയാംസ് കുമാര്‍ (മാതൃഭൂമി ജോയിന്റ് മാനേജര്‍), എംവി ആശ, എംവി നിഷ, എംവി ജയലക്ഷ്മി. 
മരുമക്കള്‍: കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍, എംഡി ചന്ദ്രനാഥ്.