• 08 Jul 2020
  • 05: 14 AM
Latest News arrow

വെളിച്ചം വീഴാത്ത വെള്ളിത്തിരകള്‍; ലോക്ക്ഡൗണ്‍ ഇളവുകളില്‍ നിന്ന് തിയേറ്ററുകള്‍ ഔട്ട്; എന്ത് ചെയ്യണമെന്നറിയാതെ സിനിമാപ്രവര്‍ത്തകര്‍

കൊച്ചി: ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടം മുതല്‍ മിക്ക മേഖലകളിലും ഇളവുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ വരെ തുറക്കും. എന്നാല്‍ ഇപ്പോഴും ഇരുട്ടില്‍ക്കഴിയുകയാണ് സിനിമാ മേഖല. ഇനി എന്ന് വെള്ളിത്തിരയില്‍ വെളിച്ചം വീശുമെന്ന് അറിയാന്‍ കഴിയാതെ അങ്കലാപ്പിലാണ് സിനിമാപ്രവര്‍ത്തകര്‍. അമ്പതോളം സിനിമകളാണ് റിലീസിങ്ങിനായി കാത്തിരിക്കുന്നത്. സിനിമകള്‍ പെട്ടിയില്‍ തന്നെ ഇരിക്കുന്നത് മൂലം 600 കോടിയലധികം നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. 

ലോക്ക്ഡൗണ്‍ ആരംഭിക്കുമ്പോള്‍ സിനിമമേഖല ഏറ്റവും മികച്ച കളക്ഷന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. പരീക്ഷകളെല്ലാം കഴിഞ്ഞ് സ്‌കൂളുകള്‍ അടച്ച് അവധിക്കാല ആഘോഷങ്ങളിലേക്ക് കടക്കുന്ന ഏപ്രില്‍, മെയ് മാസത്തിലാണ് സിനിമാ മേഖലയുടെ ചാകര. ഇത്തവണ ഫൊറന്‍സിക്, കപ്പേള, അയ്യപ്പനും കോശിയും കണ്ണും കണ്ണും കൊള്ളയടിത്താല്‍, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളെല്ലാം മികച്ച കളക്ഷനില്‍ തിയേറ്ററുകളില്‍ കളിച്ചുവരികയായിരുന്നു. അപ്പോഴാണ് എല്ലാം തകിടം മറിച്ചുകൊണ്ട് ലോക്ക്ഡൗണ്‍ എത്തുന്നത്. കപ്പേള റിലീസ് ചെയ്തിട്ട് 7 ദിവസവും ഫൊറന്‍സിക് രണ്ടാമത്തെ ആഴ്ചയും മാത്രമേ ആയിരുന്നുള്ളൂ. 

ഇനി തിയേറ്ററുകള്‍ തുറന്നുകൊടുക്കുമ്പോള്‍ ഇതില്‍ എത്ര സിനിമകള്‍ വീണ്ടും കളിക്കുമെന്ന് നിശ്ചയവുമില്ല. ആമസോണ്‍ പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളും ടെലിവിഷന്‍ ചാനലുകളും സംപ്രേഷണ അവകാശം വാങ്ങിച്ച് മികച്ച തുക നല്‍കുകയാണെങ്കില്‍ നിര്‍മ്മാതാവിന് കഷ്ടിച്ച് പിടിച്ചുനില്‍ക്കാന്‍ കഴിയും. 

ഇതിനിടയിലാണ് ഡിജിറ്റല്‍ സിനിമാ റിലീസ് എന്ന സംഗതി ഇടിത്തീയായി വന്നുവീണത്. മലയാളം ഉള്‍പ്പെടെ പത്തോളം സിനിമകള്‍ ഡിജിറ്റല്‍ റിലീസിങ്ങിനായി തയ്യാറെടുക്കുകയാണ്. തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം നീണ്ടുപോകുന്നതും പൂര്‍ത്തിയായിരിക്കുന്ന സിനിമകളുടെ സാമ്പത്തിക ബാധ്യതയും കണക്കിലെടുത്താണ് നിര്‍മ്മാതാക്കളില്‍ ചിലര്‍ ആമസോണ്‍ പ്രൈം ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളെ റിലീസിങ്ങിനായി ആശ്രയിച്ചത്. എന്നാല്‍ ഇതിനെതിരെ തിയേറ്റര്‍ ഉടമകള്‍ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. 

Editors Choice