• 03 Aug 2020
  • 09: 21 PM
Latest News arrow

''സുശാന്തിന്റേത് ആത്മഹത്യയല്ല; ബോളിവുഡ് കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണ്''; കങ്കണ റണാവത്ത്

മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ ബോളിവുഡ് സിനിമാ മേഖലയിലെ മോശം പ്രഭാവത്തെ രൂക്ഷമായി വിമര്‍ശിച്ച് നടി കങ്കണ റണാവത്ത്. സുശാന്തിന്റെ മരണം ഒരിക്കലും ആത്മഹത്യയല്ല. അദ്ദേഹത്തെ ബോളിവുഡ് കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കങ്കണ റണാവത്ത് ആരോപിക്കുന്നു. 

''സുശാന്ത് ദുര്‍ബല മനസ്സിന് ഉടമയാണെന്നും അദ്ദേഹം വിഷാദരോഗത്തിന് അടിമയാണെന്നും വരെ മാധ്യമങ്ങള്‍ കഥകള്‍ മെനയുകയാണ്. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും സ്‌കോളര്‍ഷിപ്പ് ലഭിച്ച, എഞ്ചിനിയറിങ് പരീക്ഷയില്‍ റാങ്ക് നേടിയ ഒരാള്‍ എങ്ങിനെയാണ് ദുര്‍ബല മനസ്സിനുടമയാകുന്നത്. 

സുശാന്ത് അഭിനയിച്ച സിനിമകളുടെ പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അവസാനത്തെ പോസ്റ്റുകള്‍ ചിലത് നോക്കിയാല്‍ മനസ്സിലാകും തന്റെ സിനിമകള്‍ കാണണമെന്ന് അദ്ദേഹം യാചിക്കുകയാണ്. തനിക്ക് ഗോഡ്ഫാദര്‍ ഇല്ലെന്നും തന്നെ സിനിമാ വ്യവസായത്തില്‍ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറയുന്നു. ബോളിവുഡിനാല്‍ അവഗണിക്കപ്പെട്ട അദ്ദേഹത്തിന്റെ മരണത്തിന് കാരണമില്ലെന്ന് പറയുന്നതെങ്ങിനെ?'' കങ്കണ റണാവത്ത് ചോദിക്കുന്നു.

അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളെ അംഗീകരിക്കാന്‍ ആരുമുണ്ടായില്ല. അതേസമയം 'ഗള്ളി ബോയ്' പോലുള്ള ഒരു മോശം ചിത്രത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. 'ഞങ്ങള്‍' ചെയ്യുന്ന സിനിമകള്‍ എന്തുകൊണ്ടാണ് ബോളിവുഡ് അംഗീകരിക്കാത്തതെന്നും നടി ചോദിക്കുന്നു. 

സുശാന്തിനെ മാനസിക രോഗിയായും മയക്കുമരുന്നിന് അടിമയായും ചിത്രീകരിക്കുന്ന മാധ്യമങ്ങളിലെ ഒരു വിഭാഗം സഞ്ജയ് ദത്തിന്റെ മയക്കുമരുന്ന് ഉപയോഗത്തെ 'ക്യൂട്ട്' ആയിട്ടാണ് കാണുന്നതെന്നും കങ്കണ ആരോപിക്കുന്നു. ബോളിവുഡിലെ ഒരു വിഭാഗത്തെ വിശ്വസിച്ചതാണ് സുശാന്ത് ചെയ്ത തെറ്റ്. മാധ്യമങ്ങളും ബോളിവുഡും സത്യം പറയാതെ സുശാന്തിനെ മോശക്കാരനായി ചിത്രീകരിക്കുകയാണെന്നും കങ്കണ പറയുന്നു. 

 

Editors Choice