• 28 Sep 2023
  • 12: 35 PM
Latest News arrow

ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു; വിട പറയുന്നത് കേരള വോളിബോളിന്റെ ഒരു കാലത്തെ അമരക്കാരന്‍

തിരുവനന്തപുരം: കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു. കരള്‍ രോഗ ബാധിതനായി രണ്ടാഴ്ചയായി തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയാണ്. 1980കളിലും 90 കളുടെ തുടക്കത്തിലും കേരള വോളിബോളിലെ നിറസാന്നിധ്യമായി തിളങ്ങിയ താരമായിരുന്നു ഡാനിക്കുട്ടി ഡേവിഡ്. ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ 11 തവണ കളിച്ചിട്ടുണ്ട് (1981-82 മുതല്‍ 92-93 വരെ).

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ടീമിലൂടെയായിരുന്നു വോളിബോള്‍ ജീവിതത്തിന്റെ തുടക്കം. 1981-82ല്‍ വാറങ്കലില്‍ നടന്ന ഇന്റര്‍ വാഴ്‌സിറ്റി വോളിബോളില്‍ കേരള സര്‍വ്വകലാശാല ജേതാക്കളായപ്പോള്‍ ഡാനിക്കുട്ടിയായിരുന്നു നായകന്‍. പിന്നാലെ കേരള സീനിയര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി. 

1985ല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു. അതേ വര്‍ഷം ഡല്‍ഹി നാഷ്ണല്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ കേരള ടീമില്‍ ഡാനിക്കുട്ടിയുമുണ്ടായിരുന്നു. 

ടൈറ്റാനിയത്തിന് വേണ്ടി പലവട്ടം ജേഴ്‌സിയണിഞ്ഞ ഡാനിക്കുട്ടി ഡേവിഡ്, 1992-93ല്‍ ടൈറ്റാനിയം ഫെഡറേഷന്‍ കപ്പ് നേടി മികച്ച താരമായി. 17 ദിവസം മുമ്പാണ് ടൈറ്റാനിയത്തില്‍ നിന്ന് വിരമിച്ചത്.