• 08 Aug 2020
  • 02: 32 AM
Latest News arrow

സച്ചി; ജനപ്രിയതയുടെ കഥക്കൂട്ട് വാര്‍ത്തെടുത്ത ശില്‍പ്പി

തൃശ്ശൂര്‍: എഴുത്തുകൊണ്ടും സംവിധാന ശൈലികൊണ്ടും മലയാള സിനിമയെ അത്ഭുതപ്പെടുത്തിയ കാലാകാരനായിരുന്നു അന്തരിച്ച സച്ചി (സച്ചിദാനന്ദന്‍-48). നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. കഴിഞ്ഞ വര്‍ഷം വന്‍ വിജയം നേടിയ ഡ്രൈവിങ് ലൈസന്‍സ് സച്ചിയുടെ തിരക്കഥയായിരുന്നു. സച്ചി എഴുതി സംവിധാനം ചെയ്ത ' അയ്യപ്പനും കോശിയും' ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രമാവുകയും ചെയ്തു. 

13 വര്‍ഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് കലാലോകത്തിലേക്ക് ചേക്കേറിയത്. സുഹൃത്തായ സേതുവുമായി ചേര്‍ന്നെഴുതിയ 'ചോക്ലേറ്റ്' ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് സച്ചി-സേതു കൂട്ടുകെട്ടില്‍ 
ചോക്‌ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് എന്നീ സിനിമകളുടെ തിരക്കഥകള്‍ പിറന്നു. ഡബിള്‍സ് ഒഴികെ എല്ലാം ഹിറ്റുകളായി. ഡബിള്‍സിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. ജോഷി സംവിധാനം ചെയ്ത 'റണ്‍ ബേബി റണ്‍' ആണ് സച്ചിയുടെ ഒറ്റയ്ക്കുള്ള ആദ്യത്തെ തിരക്കഥ. അതും സൂപ്പര്‍ ഹിറ്റായി. ആദ്യമായി സംവിധാനം ചെയ്ത ചിത്രം അനാര്‍ക്കലിയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 'അയ്യപ്പനും കോശിയും' സച്ചി തന്നെയാണ് സംവിധാനം ചെയ്തത്. ചേട്ടായീസ്, രാമലീല, ഷെര്‍ലക് ടോംസ് എന്നിവയാണ് സച്ചി എഴുതിയ മറ്റ് തിരക്കഥകള്‍.

എട്ട് വര്‍ഷം നീണ്ട് നിന്ന വക്കീല്‍ പ്രാക്ടീസിങ് നിര്‍ത്തിയാണ് സച്ചി, സിനിമയുടെ കൂടെ യാത്ര ചെയ്യാന്‍ തുടങ്ങിയത്. അതുകൊണ്ട് തന്നെ സച്ചിയുടെ കഥകളിലും സിനിമകളിലുമെല്ലാം കോടതിമുറിയിലെയും പഴയ വക്കീല്‍ ഓഫീസിലെയും കഥാപാത്രങ്ങള്‍ കയറി വരും. താന്‍ കൂടെ കൂട്ടിയത് ക്രിമിനലുകളുടെയും നിരപരാധികളുടെയും ഓര്‍മ്മകളായിരുന്നുവെന്ന് സച്ചിയും സമ്മതിച്ചിരുന്നു. കണ്ടതും കേട്ടതുമായ കോടതി അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ഭാവനകളുടെ ചിറകേറി വെള്ളിത്തിരയില്‍ നിറഞ്ഞാടി.

നല്ലൊരു തിരക്കഥാകൃത്തും സംവിധായകനും മാത്രമല്ല, മികച്ചൊരു കഥപറച്ചിലുകാരന്‍ കൂടിയായിരുന്നു സച്ചി. ഒരു കഥയെ അതിന്റെ ചൂടും ചൂരും ചോരാതെ ഒതുക്കിയും ചുരുക്കിയും കഥ പറയാനുള്ള മിടുക്ക് സച്ചിയ്ക്കുണ്ടായിരുന്നു. അഞ്ച് മിനിറ്റ് കൊണ്ട് അഞ്ച് സിനിമയ്ക്കുള്ള കഥ സച്ചി പറയുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

തിരക്കഥാകൃത്തിന്റെ സര്‍ഗാത്മകതയും സംവിധായകന്റെ കയ്യടക്കവും സച്ചിയില്‍ ദൃശ്യമായിരുന്നു. ജനപ്രിയ സിനിമയുടെ സകല ചേരുവകളും ചേരുംപടി ചേര്‍ന്ന കരുത്തും സൗന്ദര്യവും അദ്ദേഹത്തിന്റെ തിരക്കഥകള്‍ക്കുണ്ടായിരുന്നു. സച്ചിയുടെ തിരക്കഥ കിട്ടിയാല്‍ അതില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് സംവിധായകരില്‍ പലരും കരുതിയിരുന്നുവെന്നതും രഹസ്യമല്ല. 

ഇടപ്പള്ളിക്കാരനായ സേതുവിന്റെ വക്കീല്‍ ഓഫീസിലേക്ക് എത്തിപ്പെടുന്നതോടെയാണ് സച്ചിയുടെ ജീവിതം സിനിമയുടെ പാതയില്‍ സഞ്ചരിച്ചു തുടങ്ങുന്നത്. ദിവസവും കഥയെഴുതിക്കൊണ്ടിരുന്ന സേതു, സച്ചിയുടെ ജീവിതത്തിന്റെ റൂട്ട് മാറ്റിവിടുകയായിരുന്നു. സേതുവിന്റെ രചനകള്‍ വായിക്കലും തിരുത്തലുമൊക്കെയായി കുറേ വൈകുന്നേരങ്ങള്‍. ഒടുവില്‍ ഒരുമിച്ച് എഴുതിയാലോ എന്നായി. 

ബോളിവുഡ് നടന്‍ അതുല്‍ കുല്‍ക്കര്‍ണ്ണിയെ കൊണ്ടുവന്ന് ആദ്യ സിനിമ ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ, പൂജ കഴിഞ്ഞ ചിത്രം മുടങ്ങിപ്പോയി. എങ്കിലും നിരാശരാകാതെ ഈ ചങ്ങാതികള്‍ 'ചോക്ലേറ്റ്' സിനിമയ്ക്കായി തിരക്കഥയെഴുതി. ഷാഫി സംവിധാനം ചെയ്ത ചിത്രം ഹിറ്റായി. തുടര്‍ന്ന് വ്യത്യസ്ത പ്രമേയങ്ങളില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍. 

ഡബിള്‍സ് എന്ന ചിത്രത്തിന്റെ പരാജയത്തിന്റെ കാരണം തിരക്കഥയിലെ പോരായ്മകളാണെന്ന് വിമര്‍ശനം ഉണ്ടായതോടെയാണ് സച്ചിയും സേതുവും പിരിയുന്നത്. '' ഞങ്ങള്‍ പിരിഞ്ഞതല്ല. ഒന്നിച്ചിരുന്നെഴുതുമ്പോഴും ഞങ്ങളുടെ മനസ്സില്‍ രണ്ട് തരം സിനിമകളാണുണ്ടായിരുന്നത്. അതെഴുതാന്‍ ഒറ്റയ്ക്കിരിക്കാമെന്ന് തീരുമാനിച്ചു. ഇനിയും ഞങ്ങള്‍ ഒന്നിച്ചെഴുതുക തന്നെ ചെയ്യും'' പിരിയുമ്പോഴും ആ കൂട്ടുകാര്‍ പറഞ്ഞത് ഇതാണ്. തുടര്‍ന്ന് 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തിന്റെ തിരക്കഥയുമായി സച്ചി തന്റെ ഒറ്റയാന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. 2012ല്‍ ഏറ്റവുമധികം പണം വാരിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു അത്. 

ജിആര്‍ ഇന്ദുഗോപന്റെ 'വിലയാത് ബുദ്ധ' എന്ന കഥ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു സച്ചി. അതിനിടെയാണ് മരണം ആ പ്രതിഭാശാലിയെ തട്ടിയെടുത്തത്.  

ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ സച്ചിയ്ക്ക് തിങ്കളാഴ്ച ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടര്‍ന്ന് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. തലച്ചോറിലേക്ക് രക്തമെത്തുന്നത് നിലച്ചതോടെ നില ഗുരുതരമായി. തുടര്‍ന്ന് ഇന്നലെ രാത്രി 10.30 ഓടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായിരുന്നു. സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തിട്ടുണ്ട്. 

കൊടുങ്ങല്ലൂര്‍ ഗൗരീശങ്കര്‍ ആശുപത്രിയ്ക്ക് സമീപം കൂവക്കാട്ടില്‍ രാമകൃഷ്ണന്റെയും ദാക്ഷായണിയുടെയും മകനായ സച്ചി മാല്യങ്കര എസ്എന്‍എം കോളേജിലും എറണാകുളം ലോ കോളേജിലുമാണ് പഠിച്ചത്. തമ്മനത്തായിരുന്നു സ്ഥിരതാമസം. പത്ത് വര്‍ഷം ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. ഭാര്യ: സിജി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കൊച്ചി രവിപുരം ശ്മശാനത്തില്‍.

Editors Choice