• 18 Sep 2020
  • 07: 13 PM
Latest News arrow

''മുഖം വികൃതമാക്കി; ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ചു''; ചൈനയുടേത് പ്രാകൃതമായ ആക്രണം

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരോട് ചൈനീസ് പട്ടാളം പെരുമാറിയത് പ്രാകൃതമായ രീതിയില്‍. അതിക്രൂരമായാണ് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയത്. വീരമൃത്യു വരിച്ച 20 പേരില്‍ 17 പേര്‍ക്ക് മുഖത്തുള്‍പ്പെടെ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രാകൃതമായ രീതിയിലാണ് ചൈന ആക്രമിച്ചതെന്നാണ് സേനാ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 

മൂന്ന് സൈനികരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കി. വീരമൃത്യു വരിച്ച കേണല്‍ ബി. സന്തോഷ് ബാബുവിന്റെയും മറ്റ് രണ്ട് പേരുടെയും മുഖത്ത് പരിക്കുകളില്ല. ഇവരുടെ തലയ്ക്ക് പിന്നില്‍ ഭാരമേറിയ ഇരുമ്പ് ദണ്ഡുകൊണ്ട് അടിയേറ്റതിന്റെ ക്ഷതമുണ്ട്. 

സന്തോഷിന്റെയുള്‍പ്പെടെ 16 പേരുടെ മൃതദേഹം ഗല്‍വാന്‍ നദിയില്‍ നിന്നാണ് ലഭിച്ചത്. ആക്രമിച്ച ശേഷം ഇവരെ നദിയിലേക്ക് തള്ളിയിട്ടെന്നാണ് സൂചന. ഇരുപതില്‍ 12 പേരുടെയും മരണം സംഭവിച്ചത് നദിയിലെ കൊടും തണുപ്പേറ്റാണ്.