• 08 Aug 2020
  • 02: 23 AM
Latest News arrow

'ഫെയര്‍' ഇല്ലാതെ 'ഫെയര്‍ ആന്‍ഡ് ലവ്‌ലി'; ''പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്''

ഇരുണ്ട നിറക്കാരായ പെണ്‍കുട്ടികളെ സൗന്ദര്യമില്ലാത്തവരായി ചിത്രീകരിക്കുകയും ഇക്കാര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ യൂണിലിവറും അതിന്റെ ഇന്ത്യന്‍ അനുബന്ധ കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡും (എച്ച്‌യുഎല്‍) നിരന്തരമായി വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് വര്‍ണവിവേചനത്തിനെതിരെ ലോകമെമ്പാടും ശക്തമായ പ്രതിഷേധം അരങ്ങേറിയതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ മള്‍ട്ടിനാഷ്ണല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വര്‍ണവിവേചനം പ്രോത്സാഹിപ്പിക്കുന്ന തങ്ങളുടെ രണ്ട് ക്രീമുകള്‍ മേലില്‍ നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഏഷ്യയിലും മധ്യപൂര്‍വ്വേഷ്യയിലും പ്രചാരമുള്ള രണ്ട് ക്രീമുകളാണ് കമ്പനി പിന്‍വലിച്ചിരിക്കുന്നത്. 

''ഞങ്ങളുടെ ന്യൂട്രോജിന, ക്ലീന്‍ & ക്ലിയര്‍ ഡാര്‍ക്ക്-സ്‌പോട്ട് റിഡ്യൂസര്‍ എന്നീ രണ്ട് ക്രീമുകള്‍ പുറത്തിറക്കിക്കൊണ്ട് ഞങ്ങള്‍ അവകാശപ്പെട്ടത് നിങ്ങളുടെ തനതായ നിറത്തേക്കാള്‍ മികച്ചതോ വെളുത്തതോ ആയ നിറം ഈ ക്രീമുകള്‍ നല്‍കുമെന്നാണ്. എന്നാല്‍ ഞങ്ങളുടെ ഉദ്ദേശ്യം അതായിരുന്നില്ല. ആരോഗ്യകരമായ ചര്‍മ്മാണ് ഏറ്റവും മനോഹരമായ ചര്‍മ്മം.'' ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. 

ഇന്ത്യയില്‍ 24 ബില്യണ്‍ രൂപ വാര്‍ഷിക വരുമാനമുള്ള, ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള തൊലി വെളിപ്പിക്കുമെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ ക്രീമാണ് ഫെയര്‍ ആന്‍ഡ് ലവ്‌ലി. 1970 കളിലാണ് ഫെയര്‍ ആന്‍ഡ് ലവ്‌ലി പുറത്തിറക്കുന്നത്. വെളുത്ത തൊലിയാണ് സൗന്ദര്യത്തിന്റെ മാനദണ്ഡം എന്ന് പ്രചരിപ്പിച്ച് ഇറക്കിയ ഈ ക്രീം ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സ്ത്രീകളും പുരുഷന്‍മാരുമാണ് വാങ്ങിക്കൂട്ടുന്നത്. 

ബോളിവുഡിലെ മുന്‍നിര നടന്‍മാരും നടിമാരും ഫെയര്‍ ആന്റ് ലവ്ലിയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പ്രണയം കണ്ടെത്താനും ആകര്‍ഷകമായ ജോലി കണ്ടെത്താനും വെളുത്ത തൊലി ആവശ്യമാണെന്ന് പരസ്യങ്ങളിലൂടെ പ്രഖ്യാപിക്കപ്പെട്ടു. 

എന്നാല്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തോടെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ അലയടികള്‍ ഇപ്പോള്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലിയെയും ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതല്‍ ഫെയര്‍ & ലവ്‌ലിയുടെ ട്വിറ്ററില്‍ ഉല്‍പ്പന്നത്തിന്റെ പരസ്യവും വില്‍പ്പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പേര്‍ രംഗത്തെത്തി. ഏഷ്യയിലെ വിപണികളില്‍ നിന്നും പടിഞ്ഞാറന്‍ ഏഷ്യന്‍ സ്റ്റോറുകളില്‍ നിന്നും ഈ ക്രീം ഒഴിവാക്കാന്‍ യൂണിലിവറിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ കമ്പനിയ്ക്ക് ലഭിച്ചു. ഉപഭോക്താക്കളില്‍ കറുപ്പ് വിരുദ്ധ വികാരത്തെ ജനിപ്പിക്കുകയും ആന്തരീക വംശീയതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉല്‍പ്പന്നമാണ് ഫെയര്‍ ആന്‍ഡ് ലവ്‌ലി എന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. 

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഗോളതലത്തില്‍ ഈ പ്രതിഷേധം ആളിക്കത്തിയതോടെ കമ്പനിയ്ക്ക് ഇടപെടേണ്ടി വന്നു. തങ്ങളുടെ ക്രീമിന്റെ പേര് മാറ്റുകയാണെന്നും ഇതിനുള്ള റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും യൂണിലിവര്‍ കമ്പനി അറിയിച്ചു. 

'ഫെയര്‍', 'വൈറ്റ്', 'ലൈറ്റ്' എന്നീ പദങ്ങളുടെ ഉപയോഗം ശരിയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഞങ്ങള്‍ ഉദ്ദേശിക്കുന്ന ഒരു സൗന്ദര്യത്തിന് ചേരാത്ത പദപ്രയോഗങ്ങളാണവ. അതുകൊണ്ട് ഈ ഒരു കാര്യം തിരുത്തുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.'' എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വ്യത്യസ്ത ചര്‍മ്മ നിറങ്ങളുടെ സൗന്ദര്യത്തെ തങ്ങള്‍ ഇനിമുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, അവര്‍ ക്രീമിന്റെ പാക്കേജില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ക്രീമിന്റെ പാക്കറ്റില്‍ നിന്നും ഷേഡ് കാര്‍ഡ് നീക്കംചെയ്യുക, മുമ്പും ശേഷവും എന്ന രീതിയില്‍ സ്‌കിന്‍ ടോണുകളുടെ താരതമ്യം പരസ്യങ്ങളില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയവ.

കമ്പനിയുടെ ഈ പ്രഖ്യാപനത്തില്‍ പലരും സന്തോഷിച്ചു. ഇത് ചരിത്രപരവും വലിയ വിജയവുമാണെന്ന് ചിലര്‍ വിശേഷിപ്പിക്കുമ്പോള്‍ 'ഇത് പുതിയ കുപ്പിയിലെ പഴയ വീഞ്ഞാണെന്ന്' പലരും ചൂണ്ടിക്കാട്ടി. അതേ ക്രീം അതേ ചേരുവകളോടെ തന്നെയാണ് കമ്പനി വില്‍ക്കാന്‍ പോകുന്നത്. പേര് മാത്രം പുതിയതാക്കുന്നു എന്നേയുള്ളൂ. അവര്‍ എന്ത് പേരിട്ട് വിളിച്ചാലും അത് ഇപ്പോഴും ഫെയര്‍നെസ് ക്രീം തന്നെയാണ്. അതിനാല്‍, ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം ഇതാണ് - ''ചര്‍മ്മത്തിന്റെ നിറത്തെക്കുറിച്ച് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ധാരണകള്‍ മാറ്റാന്‍ ഈ പേര് മാറ്റം സഹായിക്കുമോ...'' എന്നതാണ്.

സമീപ വര്‍ഷങ്ങളില്‍, 'ഡാര്‍ക്ക് ഈസ് ബ്യൂട്ടിഫുള്‍',  അണ്‍ഫെയര്‍ ആന്‍ഡ് ലവ്‌ലി, തുടങ്ങിയ കാമ്പെയ്നുകള്‍ വെളുത്ത ചര്‍മ്മത്തോടുള്ള ഇന്ത്യയുടെ ഭ്രാന്തമായ ആവേശത്തെ ചോദ്യം ചെയ്യുകയുണ്ടായി. ബോളിവുഡ് താരങ്ങളും ജനപ്രിയ സൗന്ദര്യമത്സരങ്ങളും വംശീയത പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ വിധേയമായി. 

എന്നാല്‍ ഇത്തരം ക്യാംപെയ്‌നുകള്‍ക്ക് വളരെ പരിമിതമായ സ്വാധീനം ചെലുത്താനേ കഴിഞ്ഞിട്ടുള്ളൂ. ഫയര്‍നെസ്സ് ക്രീമുകളുടെ പ്രചാരത്തെ തടയുവാനോ അവയുടെ വിപണിയ്ക്ക് കോട്ടം തട്ടിക്കുവാനോ ആ ക്യാംപെയ്‌നുകള്‍ക്ക് സാധിച്ചില്ല. മറിച്ച് ഇത്തരം ഉല്‍പ്പനങ്ങളുടെ ആവശ്യകത വര്‍ധിച്ചിട്ടേയുള്ളൂവെന്നതാണ് വസ്തുത. 

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവരുടെ പ്രസ്താവനയില്‍ മറ്റൊരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തിരുന്നു. ഏഷ്യയിലെ ചില ആളുകള്‍ക്ക് ആ ക്രീമുകള്‍ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവരെ അതിന് അനുവദിക്കുമെന്ന്. ഇത് ഏഷ്യന്‍ ജനതയോട് തന്നെയുള്ള ഒരു വിവേചനമാണെന്ന വാദം ശക്തമാണ്. 

ഇപ്പോള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഫെയര്‍ ആന്‍ഡ് ലവ്‌ലി ലഭ്യമല്ലെന്ന് പരാതിപ്പെടുന്നുവരുണ്ട്. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വസിക്കുന്ന ഇവര്‍ക്ക് വര്‍ണവിവേചനത്തെക്കുറിച്ചോ വംശീയതയെക്കുറിച്ചോ അതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ചോ അറിയില്ല. പേര് മാറ്റി വരുന്ന ഫെയര്‍ ആന്‍ഡ് ലവ്‌ലിയെ അതുകൊണ്ട് തന്നെ അവര്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലിയുടെ പകരക്കാരനായി മാത്രമേ കാണൂ. 

Editors Choice