• 04 Aug 2020
  • 10: 53 PM
Latest News arrow

മുന്നണി തീരുമാനം ലംഘിച്ചു; ജോസ് കെ മാണി പക്ഷത്തെ പുറത്താക്കി യുഡിഎഫ്

തിരുവനന്തപുരം: ജോസ് കെ മാണി പക്ഷത്തെ മുന്നണിയില്‍ നിന്ന് ഒഴിവാക്കി യുഡിഎഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ജോസഫ് വിഭാഗവുമായി ഉണ്ടായിരുന്ന ധാരണ പാലിക്കണമെന്ന യുഡിഎഫ് നിര്‍ദേശം തളളിക്കളഞ്ഞതാണ് കാരണം.  പല തവണ ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. തീരുമാനമെടുക്കാന്‍ സമയവും നല്‍കി. എന്നിട്ടും സഹകരിക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് കടുത്ത തീരുമാനത്തിലേക്ക് കടന്നതെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. യുഡിഎഫില്‍ തുടരാന്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. 

ഒഴിവ് വന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും കേരള കോണ്‍ഗ്രസുകളും ആ സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് യുഡിഎഫ് നേതൃത്വം ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി ഒരു ധാരണയുണ്ടാക്കി. അങ്ങിനെ ഇതുപ്രകാരം 8 മാസം ജോസ് കെ മാണി വിഭാഗത്തിനും 6 മാസം പിജെ ജോസഫ് വിഭാഗത്തിനും നല്‍കാന്‍ തീരുമാനിച്ചു. ഇക്കാര്യം ജില്ലാ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനോട് പ്രഖ്യാപിക്കാന്‍ യുഡിഎഫ് ചെയര്‍മാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

എന്നാല്‍ എട്ട് മാസത്തെ കാലാവധി കഴിഞ്ഞിട്ടും ജോസ് വിഭാഗം രാജിവെച്ചില്ല. ഇതോടെ ജോസ് വിഭാഗവുമായി ചര്‍ച്ചകള്‍ നടത്താന്‍ യുഡിഎഫ് പികെ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തി. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ബെന്നി ബെഹനാനും മറ്റു ഘടകകക്ഷി നേതാക്കളും ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഒരു ഒത്തുതീര്‍പ്പിനും ജോസ് വിഭാഗം തയ്യാറായില്ല. 

യുഡിഎഫ് സംസ്ഥാന നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലാത്തതാണെന്നായിരുന്നു ജോസ് വിഭാഗത്തിന്റെ നിലപാട്. ഇതോടെ മുന്നണി നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞതിനാല്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫില്‍ തുടരാനുള്ള അര്‍ഹതയില്ലെന്ന് അഭിപ്രായമുയര്‍ന്നു. യുഡിഎഫ് യോഗങ്ങളില്‍ നിന്നും അവരെ മാറ്റി നിര്‍ത്താനും ഒടുവില്‍ തീരുമാനമായി. യുഡിഎഫിന്റെ അടുത്ത യോഗം ജൂലൈ ഒന്നിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും. ജോസ് കെ മാണി വിഭാഗത്തെ യോഗത്തിലേക്ക് വിളിക്കില്ലെന്ന് ബെന്നി ബെഹനാന്‍ അറിയിച്ചിട്ടുണ്ട്. 

Editors Choice