• 03 Aug 2020
  • 08: 22 PM
Latest News arrow

''പുറത്താക്കല്‍ നടപടി രാഷ്ട്രീയ അനീതി; കെഎം മാണിയെയാണ് പുറത്താക്കിയത്''; ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് മുന്നണിയില്‍ നിന്ന് പുറത്താക്കിയത് രാഷ്ട്രീയ അനീതിയാണ് ജോസ് കെ മാണി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരില്‍ ഇല്ലാത്ത ധാരണ നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇരുകൂട്ടരും അംഗീകരിച്ചത് മാത്രമാണ് ധാരണ. ഐക്യ ജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത കെഎം മാണിയെയാണ് യുഡിഎഫ് പുറത്താക്കിയത്. 38 വര്‍ഷങ്ങള്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച കെഎം മാണിയുടെ രാഷ്ട്രീയത്തെയാണ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ മാണി കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കാലുമാറ്റക്കാരന് പാരിതോഷികമായി പ്രസിഡന്റ് പദവി കൊടുക്കാനാണ് ആവശ്യപ്പെട്ടത്. ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് രാജി വെയ്ക്കില്ലെന്ന് പറഞ്ഞത്. പാര്‍ട്ടിയുടെ ആത്മാഭിമാനം ആരുടെയും മുമ്പില്‍ പണയം വെയ്ക്കില്ല. യുഡിഎഫ് നേതൃത്വം പ്രശ്‌നപരിഹാരത്തിന് ഒരു തവണ പോലും ചര്‍ച്ച നടത്തിയില്ല. പുറത്താക്കിക്കഴിഞ്ഞിട്ട് ഇനിയെന്തിന് ചര്‍ച്ചയെന്നും ജോസ് കെ മാണി ചോദിച്ചു. 

ധാരണയുടെ കാര്യത്തിലാണെങ്കില്‍ ആയിരം തവണ ജോസഫിനെ പുറത്താക്കേണ്ട സമയം കഴിഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഇതിനെതിരെ യുഡിഎഫിന് പരാതി നല്‍കി. ഇത് പക്ഷേ, യുഡിഎഫ് അവഗണിച്ചു. തങ്ങളെ പുറത്താക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ബോധപൂര്‍വ്വമായ രാഷ്ട്രീയ അജന്‍ഡയുണ്ട്. ഭാവി നടപടികള്‍ തീരുമാനിക്കാന്‍ നാളെ സ്റ്റിയറിങ് കമ്മിറ്റി ചേരും. യുഡിഎഫുമായിട്ടുള്ള ബന്ധം അവസാനിച്ചെന്ന് പറയുന്നില്ല. പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. 

Editors Choice