• 08 Aug 2020
  • 02: 28 AM
Latest News arrow

സര്‍വ്വകാല റെക്കോര്‍ഡുമായി എസ്എസ്എല്‍സി ഫലം; വിജയശതമാനം 98.82; ചരിത്രത്തില്‍ ആദ്യം

തിരുവനന്തപുരം: കൊവിഡ് കാലത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ സര്‍വ്വകാല റെക്കോര്‍ഡ് ജയം. കൊവിഡ് ഭീഷണികള്‍ മറികടന്ന് വിജയകരമായി പരീക്ഷകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഫലത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടായിരിക്കുന്നത്. 98.82 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.71 ശതമാനം കൂടുതലാണ് ഈ വിജയശതമാനം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയശതമാനമാണിത്. 2015ലെ 98.57 ശതമാനമായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന വിജയനിരക്ക്. 

കൊവിഡിനിടെ രണ്ടാം ഘട്ടത്തില്‍ നടന്ന ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷകളില്‍ മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം ഉയര്‍ന്നു. യഥാക്രമം 99.82, 99.92 എന്നിങ്ങിനെയാണ് ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷകളുടെ വിജയനിരക്ക്. കണക്കിന് മുന്‍വര്‍ഷം ലഭിച്ച 99.5 എന്ന വിജയ ശതമാനം ഇത്തവണ നിലനിര്‍ത്തി. 

നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണവും എല്ലാത്തിലും എ പ്ലസ് നേടിയവരുടെ എണ്ണവും കൂടി. 41,906 പേര്‍ക്കാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരിക്കുന്നത്. മുന്‍ വര്‍ഷം ഇത് 37,334 ആയിരുന്നു. 1837 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം 1703 സ്‌കൂളുകള്‍ക്കായിരുന്നു നൂറ് ശതമാനം വിജയം. 
 
ഏറ്റവും കൂടുതല്‍ വിജയ ശതമാനം പത്തനംതിട്ട ജില്ലയിലാണ്- 99.71. കുറവ് വയനാട്ടില്‍- 95.4. കുട്ടനാട് വിദ്യാഭ്യാസ ജില്ല നൂറ് ശതമാനം വിജയം കരസ്ഥമാക്കി. ജൂലൈ 2 മുതല്‍ 7 വരെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാം. സേ പരീക്ഷ പിന്നീടാകും. 

ഓണ്‍ലൈന്‍ വഴി പ്ലസ് വണ്‍ പ്രവേശനം തുടങ്ങും. നിലവിലെ സാഹചര്യത്തില്‍ പ്ലസ് വണ്‍ ക്ലാസുകളും ഓണ്‍ലൈനിലൂടെയായിരിക്കും. 

Editors Choice