• 08 Aug 2020
  • 02: 02 AM
Latest News arrow

കോണ്‍ഗ്രസ് അനുയോജ്യനായ രക്ഷകനെ തേടുന്നു; രാഹുല്‍ ഗാന്ധി യോഗ്യനോ?

കോണ്‍ഗ്രസില്‍ വീണ്ടും ഒരു ചര്‍ച്ച ഉയരുകയാണ്. രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷനാകണമോയെന്നതാണ് ആ ചര്‍ച്ച. അപ്പോള്‍ കാര്യങ്ങള്‍ കറങ്ങിത്തിരിഞ്ഞ് വീണ്ടും രാഹുല്‍ ഗാന്ധിയിലേക്ക് തന്നെയെത്തുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷനായി വരണം എന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു എന്നാണ് സൂചന. നയങ്ങളെ സംബന്ധിച്ചുള്ള വാക്ക് തര്‍ക്കവും യോഗത്തിലുണ്ടായി. നരേന്ദ്രമോദി അധികാരമേറ്റ് ആറ് വര്‍ഷത്തിന് ശേഷവും കോണ്‍ഗ്രസ് ദിശയില്ലാതെ അലയുകയാണ്. 

രാഹുല്‍ ഗാന്ധി തിരിച്ചെത്തേണ്ടതുണ്ടോ എന്നതില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു...

'' അദ്ദേഹം തിരിച്ചുവരേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇപ്പോള്‍ രാജ്യം ഒരു ശക്തമായ നേതൃത്വം ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് പ്രതിപക്ഷ സ്വരത്തില്‍. ഇന്ന് നമ്മുക്കറിയാം വര്‍ത്തമാനകാല ഇന്ത്യയില്‍ സര്‍ക്കാരിന്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കാന്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ്. അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരുന്നത് ഗുണകരമായിരിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.''

അപ്പോള്‍ വേറൊരു പേര് കോണ്‍ഗ്രസില്‍ ഇല്ല എന്ന് ഉറപ്പാവുകയാണ്. മറ്റൊരാളുടെയും കാര്യം കോണ്‍ഗ്രസ് തല്‍ക്കാലം ചര്‍ച്ച ചെയ്യുകയുമില്ല. നെഹ്‌റു, ഗാന്ധി കുടുംബത്തില്‍പ്പെട്ടയാളെന്ന രീതിയില്‍ രാഹുല്‍ ഗാന്ധിയിലാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷത്തിനും വിശ്വാസവും താല്‍പ്പര്യവും. എന്നാല്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേയ്ക്ക് വന്നു കഴിഞ്ഞാല്‍ കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധി അവസാനിക്കുമോയെന്നതാണ് അപ്പോഴത്തെ ചോദ്യം. ആ പ്രതിസന്ധി അവസാനിക്കണമെങ്കില്‍ ഇന്ത്യയെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ ഇതുവരെയുള്ളതും വരാനിരിക്കുന്നതുമായ സമീപനം വിലയിരുത്തണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ 35 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഫലം നോക്കാം. പ്രത്യേകിച്ച് 1984ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലവും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലവും തമ്മില്‍ താരതമ്യം ചെയ്യുന്നത് നന്നാകും. അപ്പോള്‍ നമ്മള്‍ കാണുന്നത് ഇന്ദിരാഗാന്ധിയുടെ ശക്തമായ നേതൃത്വത്തിന്റെ കീഴില്‍ 1984ല്‍ കോണ്‍ഗ്രസിന് 12 കോടി വോട്ട് കിട്ടിയപ്പോള്‍ ബിജെപിയ്ക്ക് കിട്ടിയത് 2 കോടി വോട്ടാണ്. 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 11.9 കോടി വോട്ട് കിട്ടി. അതായത് 1984 ല്‍ കിട്ടിയതിന് തുല്യമായ വോട്ട്. നേരെ മറിച്ച് ബിജെപിയ്ക്ക് 2 കോടിയില്‍ നിന്നും 2019ലേക്കെത്തുമ്പോള്‍ 23 കോടി വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. അതായത് കോണ്‍ഗ്രസിന് 1984 മുതല്‍ 2019 വരെയുള്ള കാലയളവുകൊണ്ട് ഒറ്റ വോട്ടുപോലും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സമയം കൊണ്ട് 35 കോടി പുതിയ വോട്ടര്‍മാര്‍ വന്ന സാഹചര്യത്തില്‍ കൂടിയാണിത്. ഈ 35 കോടി വോട്ടര്‍മാരില്‍ നിന്നും 21 കോടി പേരെ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരാളെ പോലും നേടാന്‍ കഴിഞ്ഞിട്ടില്ല. 

രാഹുല്‍ ഗാന്ധിയ്ക്ക് 12 വയസ്സായപ്പോഴായിരുന്നു ഈ തിരഞ്ഞെടുപ്പ്. അതുകഴിഞ്ഞിട്ട് എത്രയോ നേതാക്കന്‍മാര്‍ കോണ്‍ഗ്രസില്‍ വന്നു. അവര്‍ക്കാര്‍ക്കും ഈ 12 കോടി എന്ന സംഖ്യയില്‍ നിന്നും ഒരു വോട്ടുപോലും കൂട്ടാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ കാരണം എന്താണെന്ന് മനസ്സിലാക്കി കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മുന്നോട്ടു പോകാത്തത് എന്ന് വിലയിരുത്തണം. അതിന് പുതിയൊരു സമീപനം സ്വീകരിക്കണം. രാഹുല്‍ ഗാന്ധി വന്നതുകൊണ്ട് മാത്രം കോണ്‍ഗ്രസിന്റെ പതനം ചെറുക്കാന്‍ പറ്റുമോ എന്ന് പറയാന്‍ പക്ഷേ, നമ്മുക്കാകില്ല.

അരവിന്ദ് കേജ്‌രിവാള്‍ എന്ന നേതാവില്‍ പോലും ജനങ്ങള്‍ക്കുള്ള പ്രതീക്ഷ മങ്ങുകയാണ്. അപ്പോള്‍ ഒരു ബദല്‍ രാഷ്ട്രീയം ഉയര്‍ന്നു വരേണ്ടത് എവിടെ നിന്നാണ് ബദല്‍ രാഷ്ട്രീയം ഉണ്ടാകേണ്ടത്? ഒരു ബദല്‍ രാഷ്ട്രീയത്തിനുള്ള ഇടം യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലുണ്ടോ? 

ബദല്‍ രാഷ്ട്രീയം എവിടെ നിന്നും വരുന്നു എന്നതിനേക്കാള്‍ ബദല്‍ രാഷ്ട്രീയം എന്തില്‍ നിന്ന് വരുന്നു എന്നതാണ് പ്രശ്‌നം. എന്ത് ഐഡിയോളജിയില്‍ നിന്ന് വരുന്നു എന്നതാണ്. ഇന്ത്യന്‍ റിപ്പബ്ലിക്കിനെ ഇന്ന് വെല്ലുവിളിക്കുന്നത് സവര്‍ണ രാഷ്ട്രം എന്ന ഒരു സംഗതിയാണ്. ആ സംഗതിയെ വെല്ലുവിളിക്കാന്‍ സാമൂഹികവും മന:ശാസ്ത്രപരവും മതപരവുമായി അതിനെ നേരിടാന്‍ പറ്റിയ ഒരു ഐഡിയോളജിയാണ് ഉയര്‍ന്ന് വരേണ്ടത്. 

 

Editors Choice