''കേരള കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പാര്‍ട്ടിയെന്ന് കോടിയേരി''; ജോസ് കെ മാണിയ്ക്കായി പാലം വലിച്ച് സിപിഎം

കേരള കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പാര്‍ട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരള കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫ് ദുര്‍ബലപ്പെടും. രാഷ്ട്രീയ രംഗത്തെ മാറ്റങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറയുന്നു. ജോസ് കെ മാണി വിഭാഗവും സിപിഎം നേതൃത്വുമായി ഇടനിലക്കാര്‍ വഴി ആശയവിനിമയം നടന്നെന്ന സൂചനകള്‍ക്കിടെയാണ് കോടിയേരിയുടെ ലേഖനം. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ കോടിയേരിയെ കണ്ട് ചര്‍ച്ച് നടത്തിയിരുന്നു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വരാനിരിക്കെ, നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും ഇല്ലാതിരിക്കെയാണ് കേരളരാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഒരു മാറ്റമുണ്ടായിരിക്കുന്നത്. കോടിയേരിയുടെ പരാമര്‍ശം അതുകൊണ്ട് തന്നെ വെറുതെ പറഞ്ഞൊരു കാര്യമായി കണക്കാക്കാന്‍ കഴിയില്ല. പുന്നപ്ര വയലാര്‍ സമര നായകന് പികെസിയെ അനുസ്മരിച്ചുകൊണ്ടുള്ള കുറിപ്പിന്റെ അവസാന ഭാഗത്താണ് കേരള കോണ്‍ഗ്രസ് എന്ന പദം കൃത്യമായി ഉപയോഗിച്ചുകൊണ്ടുള്ള പരാമര്‍ശം കോടിയേരി ബാലകൃഷ്ണന് നടത്തിയിരിക്കുന്നത്. ജോസ് വിഭാഗമെന്നോ പിജെ ജോസഫ് വിഭാഗമെന്നോ കോടിയേരി ഉപയോഗിച്ചിട്ടില്ല. ''കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. അതിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് പരാജയപ്പെട്ടിരിക്കുന്നു'' എന്നാണ് കോടിയേരി പറഞ്ഞിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള ഒരു പാര്‍ട്ടിയാണെന്ന് പറയുമ്പോള്‍ ആ പാര്‍ട്ടി എല്‍ഡിഎഫിന് കൂടി സ്വീകാര്യമാണെന്ന സൂചനയാണ് കോടിയേരി നല്‍കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് എല്‍ജെഡി, യുഡിഎഫ് വിട്ടപ്പോള്‍ അവര്‍ എല്‍ഡിഎഫിന്റെ ഭാഗമായി മാറുകയായിരുന്നു. അത് യുഡിഎഫിനെ രാഷ്ട്രീയമായി വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അത്തരത്തില്‍ ഇപ്പോഴുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് തന്നെയാണ് കോടിയേരി പറയുന്നത്. അതുകൊണ്ട് തന്നെയാണ് എസ്ഡിപിയുമായിട്ടും ജമാഅത്തെ ഇസ്ലാമിയുമായിട്ടുമൊക്കെ യുഡിഎഫ് കൂട്ടുകൂടുന്നതെന്ന പരോക്ഷ വിമര്‍ശനവും ഇന്നത്തെ ലേഖനത്തില്‍ കോടിയേരി നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ജോസ് കെ മാണി വിഭാഗത്തിലേക്ക് ഒരു പാലം വലിക്കുക തന്നെയാണ് സിപിഎം ചെയ്യുന്നത്.
ജോസ് കെ മാണി വിഭാഗത്തെ എടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ സിപിഐയ്ക്ക് ഉള്‍പ്പെടെ വിവിധ ഘടകകക്ഷികള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനുള്ള ആയുധം എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന ചര്‍ച്ചയാണ് എല്‍ഡിഎഫില്‍ നടക്കുന്നത്.
പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ അവിടെ എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോകുമെന്ന സൂചന അന്നേ ഉണ്ടായിരുന്നു. അതിനായുള്ള നീക്കം ജോസ് കെ മാണി നടത്തുന്നുണ്ട് എന്ന രഹസ്യ വിവരവുമുണ്ടായിരുന്നു. അതൊരിക്കലും പക്ഷേ, പരസ്യമായിരുന്നില്ല. എന്നാല്‍ ഇന്ന് യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി പരസ്യമായി പുറത്തു പോവുകയായിരുന്നില്ല. പകരം ജോസ് കെ മാണിയെ പുറത്താക്കുകയായിരുന്നു. അതുകൊണ്ട് ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് കണ്ണുവെച്ച് മുന്നണി വിട്ടുവെന്നുള്ള പ്രശ്നം അദ്ദേഹത്തിന് നേരെ വരുന്നില്ല. യുഡിഎഫ് അവരെ ഒഴിവാക്കി നിര്‍ത്തുന്ന സാഹചര്യമാണ്. അതുകൊണ്ട് ജോസ് കെ മാണിയ്ക്ക് വേറെ സാധ്യതകള്‍ തേടാനുള്ള സാഹചര്യമുണ്ട്.
ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതാക്കള്‍ കഴിഞ്ഞ ദിവസം എകെജി സെന്ററിലെത്തി കോടിയേരിയുമായി ചര്‍ച്ച നടത്തിയെന്നാണ് മനസ്സിലാകുന്നത്. ജോസ് കെ മാണി വിഭാഗം ഇവിടേയ്ക്ക് കടന്നുവന്നാല്‍ അവരേക്കൂടി സഹകരിപ്പിക്കാനുള്ള ഒരു മാനസികമായ തയ്യാറെടുപ്പ് എല്‍ഡിഎഫിനോ സിപിഎമ്മിനോ ഉണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. അതിന്റെ ഭാഗമായിട്ടാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി അവിടെയൊരു ചര്‍ച്ച സിപിഎം നടത്തുന്നത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍