• 08 Aug 2020
  • 02: 27 AM
Latest News arrow

കൊവിഡ്‌ ഉറവിടമറിയാത്ത രോഗികള്‍, സമ്പര്‍ക്ക രോഗബാധിതര്‍.... എവിടെപ്പോയി നമ്മുടെ കരുതല്‍?

കൊവിഡ് പ്രതിരോധത്തില്‍ മുമ്പില്‍ നിന്ന കേരളത്തിന്റെ അവസ്ഥ ഇപ്പോള്‍ എന്താണ് ? തികഞ്ഞ അനാസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കൊവിഡ് വ്യാപനം അതിവേഗം കൂടുന്നു. കേരളത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കാണ് കൊവിഡ് എന്ന് നമ്മള്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുകയാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും അതിവേഗം വര്‍ധിക്കുന്നു. 

ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ കൊവിഡില്‍ നിന്നും നാം മുക്തരായി എന്ന അബദ്ധ ചിന്ത പലരിലും വെച്ചുപുലര്‍ത്തുന്നുണ്ട്. കരുതല്‍ ഇല്ലാതെ സമൂഹത്തില്‍ ഇടപെടുന്ന സ്ഥിതിയിലേക്ക് ജനം മാറിയിരിക്കുന്നു. ഫലമോ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം റോക്കറ്റ് വേഗത്തില്‍ കുതിച്ചുയരുന്നു. കരുതല്‍ പാലിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലെന്ന നിലപാടാണ് പലരുടേതും. 

കഴിഞ്ഞ രണ്ട് മാസത്തിനിടെ 413 പേര്‍ക്കാണ് സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. കഴിഞ്ഞ പതിനാറ് ദിവസത്തിനിടെ മാത്രം 181 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇതുവരെ 585 പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. എറണാകുളത്തും മലപ്പുറത്തും രണ്ടാഴ്ചയ്ക്കിടെ 27 പേര്‍ വീതം സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളായി. കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്.  ഉറവിടം അറിയാത്ത കേസുകള്‍ തലസ്ഥാനത്ത് മാത്രം 20 ആണ്. 

രോഗമില്ലെന്ന് പ്രതീക്ഷിക്കുന്നവരില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന് പലരും ന്യായീകരിച്ചേക്കാം. എന്നാല്‍ രോഗമുണ്ടെന്ന് അറിഞ്ഞിട്ടും മുന്‍കരുതല്‍ എടുക്കാത്തവരുടെ കാര്യത്തിലോ? കൊവിഡിനെ ചെറുക്കേണ്ടതെങ്ങിനെയാണെന്ന് കഴിഞ്ഞ മൂന്ന് മാസമായി നമ്മള്‍ പഠിച്ചുകഴിഞ്ഞതാണ്. എന്നിട്ടും വീഴ്ച സംഭവിക്കുന്നതെങ്ങിനെയാണ്? ക്വാറന്റൈനില്‍ കഴിയുന്നവരില്‍ നിന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിക്കുന്നതെങ്ങിനെയാണ്?

തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന ഒരു പൊലീസുകാരന് കൊവിഡ് സ്ഥിരീകരിക്കുന്നു. ഇയാളുടെ വീട്ടിലോ ബാരക്കിലോ ഉള്ള ആര്‍ക്കും രോഗമില്ല. പിന്നെ എവിടെ നിന്ന് കൊവിഡ് ബാധിച്ചു? സമരക്കാരിലൂടെയാണെന്നാണ് ഒരു വാദമുയരുന്നത്. സമരക്കാരുമായുള്ള ഉന്തിലും തള്ളിലും രോഗം പടര്‍ന്നിരിക്കാമെന്ന്. 

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തരും കരുതല്‍ കര്‍ശനമാക്കിയേ മതിയാകൂ. ശരിയായ മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്താല്‍ പൊതു ഇടങ്ങളില്‍ നിന്ന് രോഗബാധ പടരുന്നത് തടയാം. എന്നാല്‍ ഇതൊക്കെ ചെയ്യാന്‍ പലരും ഇപ്പോള്‍ മടിയ്ക്കുകയാണ്. 'ആരും തന്നെ ചെയ്യുന്നില്ലല്ലോ, പിന്നെ ഞാനെന്തിന് ചെയ്യണം' എന്ന ചിന്ത. ഇത് ശരിയല്ല. നാം സ്വയം കരുതല്‍ ഉള്ളവരാകേണ്ടിയിരിക്കുന്നു. മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും വേണം. ഈ ഘട്ടം ശരിയായി കടന്നുകയറാതെ നമ്മള്‍ കൊവിഡ് പ്രതിരോധത്തില്‍ മുന്‍പോട്ട് പോകില്ല. 

മൂന്ന് പ്രധാന പ്രശ്‌നങ്ങളാണ് സംസ്ഥാനം നേരിടുന്നത്. ഒന്ന് സമ്പര്‍ക്ക വ്യാപനം, രണ്ട് ഉറവിടം അറിയാത്ത രോഗബാധിതര്‍, മൂന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ മലയാളികളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടല്‍ മാത്രമല്ല, ജനങ്ങളുടെ ജാഗ്രത കൂടി ഉണ്ടെങ്കില്‍ സമ്പര്‍ക്ക രോഗബാധ പിടിച്ചുകെട്ടാന്‍ നമ്മുക്ക് കഴിയും. . 

Editors Choice