• 08 Aug 2020
  • 03: 00 AM
Latest News arrow

തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു; നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍; പുറത്തിറങ്ങിയാല്‍ കേസും പിഴയും

തിരുവനന്തപുരം: ഉറവിടം അറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുള്ള കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ ഇന്ന് മുതല്‍ ഒരാഴ്ചയ്‌ത്തേയ്ക്ക് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടങ്ങി. നഗരത്തിലേക്കുള്ള ചെറുതും വലുതുമായ വഴികളെല്ലാം അടച്ചു. മെഡിക്കല്‍ ഷോപ്പുകളൊഴികെ ഒരു കടകളും തുറന്നില്ല. കര്‍ശന നിയന്ത്രണങ്ങളാണ് തിരുവനന്തപുരത്ത് നിലവില്‍ വന്നിരിക്കുന്നത്. 

തലസ്ഥാനത്ത് കൊവിഡ് സംബന്ധിച്ച് ഗുരുതരമായ സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. നിലവില്‍ 130 പേരാണ് രോഗം ബാധിച്ച് തലസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതില്‍ മൂന്നാം ഘട്ടത്തില്‍ 57 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. 30 ഓളം പേരുടെ രോഗ ഉറവിടം അറിയാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് കര്‍ശന നിയന്ത്രണത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ന് മുതല്‍ ഒരാഴ്ചക്കാലത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണിന് ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും തീരുമാനിച്ചത്. 

രാവിലെ ആറ് മണി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നു. നഗരം അടയ്ക്കുന്ന നടപടികളെല്ലാം പൂര്‍ത്തിയായി. നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം പൊലീസിന്റെ ചെക്കിങ് പോയിന്റുകള്‍ വന്നു. വരും മണിക്കൂറുകളില്‍ വാഹനങ്ങളെല്ലാം തടയും. പൊലീസിന്റെ പട്രോളിങ് സംഘം അടക്കം കര്‍ശന പരിശോധന തുടങ്ങിയിട്ടുണ്ട്. 

സെക്രട്ടറിയേറ്റ് അടക്കം അടച്ചിട്ടു. ക്ലിഫ് ഹൗസില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സെക്രട്ടറിയേറ്റില്‍ അത്യാവശ്യ ആളുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ കടകള്‍ ഉണ്ടാകും. പക്ഷേ ആളുകള്‍ക്ക് പോയി വാങ്ങാന്‍ കഴിയില്ല. ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് വിവിധ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. ഈ നമ്പറില്‍ വിളിച്ചാല്‍ വോളണ്ടിയര്‍മാര്‍ സാധനങ്ങള്‍ എത്തിക്കും. മരുന്നുകള്‍ എത്തിക്കാനും പൊലീസും ഫയര്‍ഫോഴ്‌സും കണ്‍ട്രോള്‍ റൂം നമ്പറുകള്‍ നല്‍കിയിട്ടുണ്ട്.

തലസ്ഥാനത്ത് നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിയിട്ടുണ്ട്. പോളിടെക്‌നിക്ക് പരീക്ഷകള്‍ നടത്താനിരുന്നത് മാറ്റി. എംജി സര്‍വ്വകലാശാലയുടെ പരീക്ഷ തിരുവനന്തപുരം കേന്ദ്രത്തിലേക്ക് മാറ്റി. നിലവില്‍ മെഡിക്കല്‍ സര്‍വ്വീസുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് അനുവദിക്കു. മറ്റാര്‍ക്കും ഒരു തരത്തിലും സഞ്ചാര സ്വാതന്ത്ര്യമില്ല. വളരെ അവശ്യക്കാര്‍ക്ക് സത്യവാങ്മൂലം കാണിച്ചാല്‍ മാത്രം യാത്രാനുമതി നല്‍കും. ട്രെയിനിലും വിമാനത്തിലും പോകേണ്ട യാത്രക്കാര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ കാണിച്ചാല്‍ പോകാന്‍ അനുമതിയുണ്ടാകും. 

രാത്രി എട്ട് മണിയ്ക്ക് ശേഷമാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം വരുന്നത്. അതുകൊണ്ട് ഇതറിയാതെ ജില്ലയിലേക്ക് വരുന്നവര്‍ക്ക് ഇന്ന് ബുദ്ധിമുട്ടുകളുണ്ടാകും. എങ്കിലും സഹകരിക്കണമെന്നാണ് പൊലീസും ജില്ലാ ഭരണകൂടവും അറിയിച്ചിരിക്കുന്നത്. വരും മണിക്കൂറുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാനാണ് തീരുമാനം. 

Editors Choice