• 04 Aug 2020
  • 10: 41 PM
Latest News arrow

സ്വര്‍ണ്ണക്കടത്ത് കേസ്: എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്ന് സൂചന. അദ്ദേഹത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയ്ക്ക് സര്‍ക്കാര്‍ മുതിരുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസ് വിവാദം പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി സെക്രട്ടറി പദവികളില്‍ നിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ചീഫ് സെക്രട്ടറിയ്ക്ക് ഒരു വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ വന്നതോടെ ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്. 

സെക്രട്ടറിയേറ്റിന് സമീപത്തുള്ള ശിവശങ്കറിന്റെ ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത കസ്റ്റംസ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പിആര്‍ സരിത്തും ഇവിടെ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന ഈ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് നടന്നതെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. 

അതേസമയം ശിവശങ്കറിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ എത്തി കരി ഓയില്‍ ഒഴിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വസതിയ്ക്ക് സുരക്ഷ ശക്തമാക്കിയത്. 

Editors Choice